Mon. Apr 15th, 2024

ആനഭ്രാന്ത് ഒരാൾ കൂടി മരിച്ചു, നിരവധിപേർക്ക് പരിക്ക്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ഒരാളെ ചവിട്ടിക്കൊന്നു. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനയുടെ പിന്നില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞോടുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ബാബു എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.

പടക്കം പൊട്ടച്ചതോടെ പരിഭ്രാന്തനായ ആന ഓടിയപ്പോള്‍ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു കൂട്ടത്തിനടിയില്‍ പെട്ട് വീഴുകയായിരുന്നു. കണ്ണുകള്‍ക്ക് പൂര്‍ണമായ കാഴ്ചശക്തിയില്ലാത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അതേസമയം, ആന ഇടഞ്ഞോടിയതോടെ പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആനകൾ വന്യജീവികളാണ്. കാട്ടിൽ കഴിയേണ്ട അവയെ ഉത്സവങ്ങളിലും മേളകളിലും എഴുന്നള്ളിക്കുകയും അതിനായി കൊടിയ പീഢനങ്ങൾ നടത്തുന്നതും സഹികെട്ട് അവ ഇടയുന്നതും പാപ്പാന്മാരെയടക്കം കുത്തിക്കൊല്ലുന്നതും ആവർത്തിക്കപ്പെടുന്നു. എന്നിട്ടും ഈ ക്രൂരത അവസാനിപ്പിക്കാൻ ഭക്തി ജ്വരം മൂത്ത അന്ധവിശ്വാസികൾ തയ്യാറല്ല. നിയമങ്ങൾ ഒട്ടേറെ കടലാസുകളിൽ അന്തിയുറങ്ങുമ്പോൾ പാവം വന്യ ജീവികൾ കടുത്ത പീഢനങ്ങളാൽ പൊറുതിമുട്ടുന്നു.

ഇക്കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിച്ച ആനകളെ പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവ് പ്രകാരം ‘അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യ’യുടെ ഭാരവാഹികൾ എത്തിയിരുന്നു. എന്നാൽ ഇവർക്ക് ആനയെ പരിശോധിക്കാനുള്ള അനുമതി നിശേധിക്കുകയായിരുന്നു. ജില്ലാ ഭരണകൂടവും വനം വകുപ്പ് മേധാവികളും. 31 ആനകൾക്ക് ഫിറ്റ്‌നസ് / ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. നൽകിയ പല സർട്ടിഫിക്കറ്റുകളും വ്യാജമായിരുന്നു. നിരോധിക്കപ്പെട്ട തോട്ടികൾ ഉപയോഗിച്ചും ചങ്ങലകൾ കൊണ്ട് വരിഞ്ഞ് മുറുക്കിയും പൊട്ടിയ വലിയ വൃണങ്ങളിൽ കറുപ്പ് പെയിന്റടിച്ചും ആവശ്യത്തിന് ആഹാരവും വെള്ളവും നൽകാതെയുമാണ് പ്രദർശിപ്പിച്ചത്. രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത തെച്ചിക്കോട്ട് രാമചന്ദ്രനെന്ന ‘ഗജ കേസരിയെ’യെ തള്ളിക്കൊണ്ടുവന്നാണ് വാതിൽ തുറപ്പിച്ചത്. ദൈവങ്ങൾക്കും ഭക്തന്മാർക്കും പ്രസാദിക്കാൻ മിണ്ടാപ്രാണികൾക്ക് മേൽ നടത്തുന്ന കൊടിയ പീഢനങ്ങൾക്ക് ആര് സമാധാനം പറയും.

ക്ഷേത്രോത്സവങ്ങൾക്കാണ് ആനകൾ പൊതുവെ ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ മുസ്ലീം പള്ളിപ്പെരുന്നാളുകൾക്കും മുസ്ലീം നേർച്ചപ്പെരുന്നാളുകൾക്കുമൊക്കെ ആനയെ ഉപയോഗിക്കുന്നു. ഇതിനെയൊക്കെ ഭക്തിയും ആചാരവുമായി മാധ്യമങ്ങൾ കൊട്ടിപ്പാടുന്നു നിഴലും വെള്ളവും ഇഷ്ടപ്പെടുന്ന ആനകളെ കൊടിയ വെയിലിൽ നിർത്തുകയും ടാറിട്ട റോഡിലൂടെ നടത്തുകയും മണിക്കൂറുകളോളം കൈയ്യും കാലും കെട്ടി നിർത്തുകയും ചെയ്യുന്നത് എത്ര മഹാപാതകമാണ്. തല ഉയർത്തി നിൽക്കാൻ കണ്ണിന്റേയും ചെവിയുടേയും താഴെ നിരേധിക്കപ്പെട്ട തോട്ടികൊണ്ട് കൊളുത്തി വലിക്കുന്നു. കാലുകളിൽ കത്തിക്ക് വെട്ടിയും നഖങ്ങൾക്കിടയിൽ ആണി അടിച്ച് കയറ്റിയും വായിൽ ചൂട് വെള്ളം ഒഴിച്ചുമൊക്കെയാണ് അനുസരണം പഠിപ്പിക്കുന്നത്. അസഹനീയമായ ശബ്ദം മണിക്കൂറുകളോളം ചെവിയിൽ ഇരമ്പൽ ഉണ്ടാക്കുമ്പോൾ വെള്ളമോ ആഹാരമോ നിഷേധിക്കപ്പെടുന്നു. പൊട്ടിയൊലിക്കുന്ന വൃണങ്ങൾക്ക് മേൽ ചങ്ങലകൊണ്ടുള്ള വലി എത്ര വേദനാജനകമായിരിക്കും എന്ന് ഊഹിക്കാമല്ലോ?

മനുഷ്യർക്കല്ലാതെ ഇത്രക്രൂരത കാണിക്കാൻ കഴിയില്ല. ഒരു മൃഗവും ഇങ്ങനെ ചെയ്യില്ല. ഏത് ദൈവത്തെ സുഖിപ്പിക്കാനാണ്. ആരുടെ മോക്ഷത്തിനാണ് ഒരു വന്യജിവിയോട് ഇത്രയും ക്രൂരത കാണിക്കുന്നത്? ഭക്തിക്കച്ചവടത്തിന് മുന്നിൽ നിയമങ്ങൾ ഉറങ്ങിപ്പോകുന്ന നാട്ടിൽ ഇതിനും അപ്പുറം നടക്കും. ആനകൾ അപ്പോഴും താണ്ഡവം തുടരും.