Sun. Feb 25th, 2024

സലിം രാജ്. എസ്

സി. രവിചന്ദ്രനോട്, സോറി, രവിചന്ദ്രൻ സാറിനോട് ചക്രം എന്തുകൊണ്ട് വട്ടത്തിലിരിക്കുന്നു എന്നതിനെപ്പറ്റിയൊരു ചർച്ച നടക്കുകയാണ് എന്ന് സങ്കൽപ്പിക്കാം. ഒരെളുപ്പത്തിന് ഇപ്പുറത്തു അഭിലാഷിനെ നിർത്താം.

വിഷയം – ചക്രം: രൂപത്തിന്റെ ലാവണ്യം !

വെറും അഭിലാഷ് : ചക്രത്തിന്റെ രൂപം വൃത്താകൃതിയിലായത് അതിന്റെ ചലനം എന്ന ഉദ്ദേശ്യത്തിന്റെ എളുപ്പത്തിനാണ്. A മുതൽ B വരെ ഏറ്റവും എളുപ്പത്തിലുള്ള നീക്കം അഥവാ സഞ്ചാരം എന്ന ആവശ്യത്തിലേക്കുള്ള ഏറ്റവും അനുരൂപമായ ആകൃതി വൃത്തമായതുകൊണ്ടാണ് ചക്രം വട്ടത്തിലിരിക്കുന്നത്. അതിനു മറ്റു ആകൃതികളുമായി ബന്ധമൊന്നുമില്ല.

രവിചന്ദ്രൻ സാർ : അത് തന്നെ തെറ്റാണ്. എന്തുകൊണ്ട് കാറുകൾക്ക് ചതുരത്തിലുള്ള ടയറുകൾ ആയിക്കൂടാ. ടയർ നിർമ്മാണ ഫാക്റ്ററികളിൽ നാല്പതു ശതമാനവും മോശം റബ്ബർ കൊണ്ടുണ്ടാക്കുന്ന ടയറുകളാണ്. കഴിഞ്ഞ വർഷം മാത്രം കേരളത്തിലെ റോഡുകളിൽ പതിനായിരം പേര് അപകടം കാരണം മരിച്ചു. (ഫാൻസിന്റെ ഓർഗാസ്മിക് ആരവം, കൈയ്യടി) അത് തന്നെ ചക്രങ്ങളുടെ രൂപം വട്ടത്തിലായതു പ്രശ്നമാണ് എന്നാണ് തെളിയിക്കുന്നത്.

വെ. അഭിലാഷ് : അല്ലല്ലോ, അത് ടയർ നിർമ്മാണത്തിലുണ്ടായ പിഴവല്ലേ ? അതിനു ചക്രം അല്ലെങ്കിൽ ടയറുകൾ വട്ടത്തിലിരിക്കുന്നതാണ് പ്രശ്നമെന്ന് പറയുന്നത് കേവല യുക്തിയല്ലേ ? റോഡപകടത്തിന്റെ കാരണം ടയറുകൾ വട്ടത്തിലിരിക്കുന്നതൊന്നുമല്ലല്ലോ. ടയറുകൾ ചതുരത്തിലാക്കിയാൽ ഓട്ടം തന്നെ നടക്കില്ലല്ലോ.

ര സാർ : വാഡുയു മീൻ ബൈ കേവല യുക്തി ? എന്താണ് കേവല യുക്തി ? ടയർ നിർമാണത്തിൽ പ്രശ്നങ്ങളുണ്ട് എന്ന എന്റെ വാദത്തിനെയും അപകടം നടക്കുന്നുണ്ട് എന്ന വാദത്തിനെയും അബിളാഷിനു ഗണ്ണിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചില ടയറുകളുടെ വീൽ റിം കണ കുണാ എന്നിരിക്കുന്നതിനെപ്പറ്റി എന്താണ് അബിളാഷിനു പറയാനുള്ളത് ?

വെ അഭിലാഷ് : ((മനസ്സിൽ) ശോ രവിസാറിന്റെ ബ്രാൻഡ് ഒരു തുള്ളിയെങ്കിലും കിട്ടിയിരുന്നെങ്കിൽ) പക്ഷെ താങ്കളിപ്പോഴും ചില ടയറുകളുടെ പ്രശ്നമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ ചർച്ച അതിന്റെ രൂപത്തിനെപ്പറ്റിയല്ലേ ? സഞ്ചാര സ്വാതന്ത്യ്രം എന്നതൊന്നും ഇവിടെയൊരു വിഷയം തന്നെയല്ലല്ലോ.

ര സാർ : അതൊരു സ്ട്രോ മാനാണ്. (കാണികളിൽ ചിലർ ഹാലേലൂയ വിളിക്കുന്നു. ചിലർ ശരണമന്ത്രങ്ങളും. നിർത്താത്ത ഓർഗാസ്മിക് കൈയ്യടി) അത് അബിളാഷ് ഞാൻ തന്ന കടലപ്പരിപ്പിലെ കല്ല് മാത്രം പെറുക്കി എടുക്കുന്നത്കൊണ്ടാണ്. (വീണ്ടും കൈയ്യടി) ഞാൻ പറയുന്നത് തുല്യതയെക്കുറിച്ചാണ്. ഇത്രകാലവും ടയറുകൾ വട്ടത്തിലിരുന്നിട്ടു നമ്മുടെ സഞ്ചാര സ്വന്തന്ത്യ്രം വർദ്ധിച്ചോ ? ഇല്ലല്ലോ. പിന്നെ എന്തിനു ഇനിയും വട്ടത്തിലുള്ള ടയറുകൾ തുടരണം ? ഇനി എല്ലാ രൂപത്തിലും ടയറുകൾ വരട്ടെ. അതാണ് തുല്യ നീതി എന്ന് പറയുന്നത്.

വെ. അഭിലാഷ് : (മനസ്സിൽ – ആരെക്കൊന്നിട്ടായാലും ഈ ബ്രാൻഡ് ഒപ്പിച്ചിട്ടേയുള്ളൂ. എന്നാ ഒരിതാ..)
ആകൃതിയുടെ വേറൈയിറ്റിക്കു വേണ്ടിയല്ലല്ലോ ടയറുകളെ വട്ടത്തിലാക്കുന്നത്. അത് ചലനത്തിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമെന്ന നിലയിലല്ലേ ? മറ്റു രൂപങ്ങൾക്ക് മറ്റു മേഖലകളിൽ ആപ്ലിക്കേഷനുണ്ടല്ലോ. എല്ലാ ആകൃതിയും ടയറുകളിൽ തന്നെ പരീക്ഷിക്കണം എന്ന് എന്താണ് താങ്കൾക്കിത്ര വാശി ?

ര സാ : എനിക്ക് വാശിയൊന്നുമില്ല. എന്റെ കഴിഞ്ഞ മുപ്പതു പുസ്തകങ്ങളും നൂറ്റി ഇരുപതു പ്രസംഗങ്ങളും വായിക്കാത്തത് കൊണ്ടും കേൾക്കാത്തതുകൊണ്ടും അബിളാഷിനു തോന്നുന്നതാണ് എനിക്ക് വാശിയുണ്ടെന്നൊക്കെ. ടയറുകൾ വട്ടത്തിൽ തന്നെ ഇരിക്കണമെന്ന് വാശി പിടിക്കുന്നത് അബിളാഷാണ്. ഞാൻ തുല്യതയെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എല്ലാ ഷെയ്പ്പിനും ടയറുകളുടെ കാര്യത്തിൽ തുല്യ അവസരം കൊടുക്കണമെന്നാണ് ഞാൻ പറയുന്നത്. ജിലേബി നമ്മൾ എല്ലാ ഷെയ്പ്പിലും ഉണ്ടാക്കാറില്ലേ ? പിന്നെന്താണ് ടയറുകളുടെ കാര്യത്തിൽ മാത്രം വട്ടം മാത്രം മതിയെന്ന് പറയുന്നത്. ഇത് മറ്റൊന്നുമല്ല വട്ടമെന്ന ആകൃതി വിട്ടുകളയാനുള്ള മടിയാണ്. ഒരു പുരോഗമന സമൂഹം വട്ടത്തിൽ നിന്നൊക്കെ മുന്നേറണം.

(കാണികളിൽ ചിലർക്ക് കൈവല്യപ്രാപ്തിയുണ്ടാകുന്നു. ചിലർ ബ്രഹ്മഭാവത്തിൽ രവിചന്ദ്ര മന്ത്രങ്ങൾ ഉരുവിടുന്നു.)

വെ. അഭിലാഷ് : ( മനസ്സിൽ ) – ( ഇത് കള്ളും കഞ്ചാവുമൊന്നുമല്ല. ഏതോ കൂടിയ ഇനം മെത്താണ്. ഈ കിളി ഇനി തിരികെ വരുമെന്ന് തോന്നുന്നില്ല. കൂടു തുറന്നു കിടക്കുന്നത് തന്നെ മിച്ചം.)

ഇതിപ്പോ ഇങ്ങേര് ഒരു യുക്തിവാദ കാന്തപുരം ലൈൻ ആണല്ലോ ബ്രോ?