ആൽബർട്ട്‌ ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞൻ

READ IN ENGLISH: Scientist Satyendra Nath Bose The forgotten quantum Indian

സി.ആർ. സുരേഷ്

ഫെബ്രുവരി 4: ആൽബർട്ട്‌ ഐൻസ്റ്റീന്റെ പേരിനൊപ്പം ചേർത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞൻ, സത്യേന്ദ്രനാഥ്‌ ബോസ്‌  (1894 – 1974) ഓർമ്മ ദിനം

“ആൽബർട്ട്‌ ഐൻസ്റ്റീനെ ഫോട്ടോൺ എണ്ണാൻ പഠിപ്പിച്ചയാളാണ് ബോസ്‌” – ജോൺ ഗ്രിബിൻ.

ഭൗതികശാസ്‌ത്രലോകത്ത്‌ വ്യക്തമായ മുദ്രപതിപ്പിച്ച ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ സത്യേന്ദ്രനാഥ്‌ ബോസ്‌. വിഖ്യാത ശാസ്‌ത്രജ്ഞനായ ആല്‍ബർട്ട്‌ ഐൻസ്റ്റൈന്റെ ചിന്താധാരയെ സ്വാധീനിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളായ ബോസ് ദൈവകണത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയെത്തിയ കണികാ ഭൗതികത്തിന്‍റെ മുന്നേറ്റങ്ങൾക്ക് വഴിതെളിച്ചവരിൽ മുന്നിൽനിന്ന ഇന്ത്യൻ ശാസ്ത്രകാരനായിരുന്നു.

പദാർഥങ്ങൾക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകൾക്കപ്പുറത്ത് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് എന്ന അഞ്ചാമത് ഒരെണ്ണംകൂടി കല്‍പിച്ചുനൻകാൻ ശാസ്ത്രലോകത്തെ നിർബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍റെ ചിന്തകളിൽനിന്നായിരുന്നു.

ബോസും ഐൻസ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍റെ തുടർച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോൺ, ഫെർമിയോൺ എന്നീ കണങ്ങളുടെ കണ്ടത്തെൽ. സത്യേന്ദ്രനാഥ് ബോസിന്‍റെ ഓർമക്കൊപ്പം ബോസോൺ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകിൽ ബോസോണുകളോ അല്ലെങ്കിൽ ഫെർമിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളിൽ ഒന്നാണ് ഹിഗ്സ് ബോസോൺ.

കൊൽക്കത്തയിലെ ഗോവാബാഗനിലാണ് സത്യേന്ദ്രനാഥ്‌ ബോസ്‌ ജനിച്ചത്.
കുട്ടിക്കാലത്ത്‌ സത്യയെൻബോസ്‌ എന്നാണ്‌ എല്ലാവരും വിളിച്ചിരുന്നത്‌. കൊൽക്കത്തയിലെ ഹിന്ദുസ്‌കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേർന്നു. കോളേജിൽ അദ്ധ്യാപകരായി പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ജഗദീശ്‌ ചന്ദ്രബോസും, ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന പ്രഫുല്ലചന്ദ്രറേയും, സഹപാഠിയായി മേഘനാഥ്‌ സാഹയും ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടുകൂടി തന്നെ പൂർത്തിയാക്കി.

1917-ൽ കൊൽക്കത്ത സർവകലാശാലയിൽ അദ്ധ്യാപകനായി ചേർന്നു. ഇവിടെ മോഡേൺ മാത്തമാറ്റിക്‌സിലും ഭൗതിക ശാസ്‌ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ആൽബർട്ട്‌ ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുൾ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാർത്ഥികൾക്കായി സിലബസിൽ ഉൾപ്പെടുത്താൻ നടപടിയെടുത്തതിനൊപ്പം തന്നെ ഐൻസ്റ്റൈന്റെ സംഭാവനകൾ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു.

1921ൽ ധാക്കാ സരവകലാശാലയിൽ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തിൽ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടർന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തിൽ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേർണലുകളും ഇത്‌ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐൻസ്റ്റീന്റെ പക്കലെത്തിയ ഉടൻ തന്നെ നിർണായകമായ അംഗീകാരം ലഭിച്ചു. ഐൻസ്റ്റൈൻ ജർമ്മൻ ഭാഷയിലേക്ക്‌ തർജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു പോപ്പുലർ ലേഖനവും ഐൻസ്റ്റൈൻ എഴുതി. തുടർന്ന്‌ ബോസ്‌ ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകൾ എന്നും അറിയപ്പെടാൻ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273oC) അടുത്തെത്തിച്ചാൽ ബോസ്‌-ഐൻസ്റ്റൈൻ നിയമപ്രകാരം ആറ്റങ്ങൾ ഒന്നുചേർന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി.

1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാൽ 1995 ൽ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോർണലും വീമാനും ചേർന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ ‘ബോസ്‌-ഐൻസ്റ്റീൻ കണ്ടൻസേറ്റ്‌’ ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിൽ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസന്ന്സ്‌, തെർമോലൂമിനസൻസ്‌ എന്നിവയിൽ ബോസ്‌ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു.

1924ൽ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേർന്ന്‌ ഗവേഷണം നടത്താനുള്ള സ്‌കോളർഷിപ്പ്‌ ധാക്കാ സർവകലാശാല അനുവദിച്ചത്‌ ബോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന്‌ ബർലിനിൽ വച്ച്‌ ഐൻസ്റ്റൈനെ സന്ദർശിക്കുകയും ചെയ്‌തു. സ്വാതന്ത്ര്യത്തന്‌ തൊട്ടുമുമ്പ്‌ കൊല്‍ക്കത്തയിൽ തിരിച്ചെത്തി അവിടെ പ്രൊഫസറായി ചേർന്നു.

ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിൽ എത്തിക്കുന്നതിൽ വളരെയേറെ സംഭാവനകൾ ബോസ്‌ നൽകിയിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പ്രവർത്തകരും, സാഹിത്യനായകരും, ശാസ്‌ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം ബംഗാളിൽ സംഘടിച്ചിരുന്നതും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ ബോസിന്‌ സഹായകമായി.

കോളനി ഭരണകാലത്തിന്‍റെ അവഗണനകളിലും ഐന്‍സ്റ്റീന്‍റെ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേൽ സമ്മാനം വഴിമാറിപ്പോവുകയായിരുന്നു. ബോസോൺ സവിശേഷ പഠനവിഷയമാക്കിയവർക്ക്‌ പിന്നീട്‌ നോബൽ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.

1944-ൽ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു, 1958ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം, ഭാരത സരക്കാരിന്റെ ദേശീയ പ്രൊഫസർ പദവി, 1954-ൽ പത്മവിഭൂഷൺ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

കൊൽക്കത്തയിലെ എസ്‌.എൻ.ബോസ്‌ നാഷണൽ സെന്റർ ഫോർ ബേസിക്‌ സയൻസ്‌ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു.