Thu. Apr 25th, 2024

ശബരമല ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്‌ക്കും ആവശ്യമായ സുരക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രാഥമീകമായ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

തങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ച ശേഷം വിഷയത്തിൽ ഇതാദ്യമായാണ് കോടതി ഒരു ഹർജി പരിഗണിക്കുന്നത്.

ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും 51 യുവതികൾക്ക് സുരക്ഷ ഒരുക്കിയെന്നും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതെന്നും അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ വരുന്നതിനാല്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞു. ജനുവരി രണ്ടിന് പുലര്‍ച്ചെയായിരുന്നു കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയത്. സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ നല്കാൻ സർക്കാരിനോട് നിർദേശിക്കണം എന്നും ശുദ്ധിക്രിയ നടത്തിയ തന്ത്രിയ്ക്ക് എതിരെ നടപടി എടുക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നുണ്ട്.