Sun. Feb 25th, 2024

ദളിത് ആക്ടിവിസ്റ്റ് എസ്‌പി മഞ്ജു പതിനെട്ടാം പടിയിലൂടെ തന്നെ കയറി ശബരിമല ദർശനം നടത്തിയതിന്റെ കലിപ്പ് തീർക്കാൻ മഞ്ജുവിനെ പരസ്യമായി “കള്ളവണ്ടി കയറിയ കള്ള വെടി” എന്ന് വിളിച്ച രാഹുൽ ഈ ഈശ്വറിന് ചുട്ട മറുപടിയുമായി അംബുജൻ നെടുമ്പനയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്. കൈരളി ടിവി നടത്തിയ ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വർ ഇങ്ങനെ വിളിച്ചത്. തൻറെ നെഞ്ചത്ത് ചവിട്ടിയേ സ്ത്രീകൾ ശബരിമല കയറൂ എന്ന് പറഞ്ഞ രാഹുൽ ഈശ്വറിന്റെ മുഖത്തു നോക്കി മുൻപ് 24 ന്യൂസ് നടത്തിയ ചാനൽ ചർച്ചയിൽ താൻ അയ്യൻകാളിയുടെ പിൻഗാമികളിൽ പെട്ടയാളാണെന്നും തൻറെ മുൻഗാമികളുടെ പേരുകൊത്തിയിട്ടുള്ള പതിനെട്ടാം പടിയിൽ തന്നെ താൻ കയറും എന്ന് വെല്ലുവിളിച്ചയാളാണ് മഞ്ജു. മഞ്ജുവിനെതിരെ നടത്തിയ ഈ പരമാർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് അവതാരകനും ചർച്ചയിൽ പങ്കെടുത്തിരുന്ന അഡ്വ. എ. എ. റഹീം ഉം ആവശ്യപ്പെട്ടിട്ട് അതാങ്ങീകരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു രാഹുൽ ഈശ്വർ.

ഇത്രയും വലിയ ഒരു സ്ത്രീവിരുദ്ധപരാമർശം നടത്തിയിട്ടും ശബരിമലയിൽ പോയ സ്ത്രീകൾ ഒഴികെ കേരളത്തിൽ ഒരു ഫെമിനിസ്റ്റ് സംഘടനയും ഫെമിനിസ്റ്റുകളും പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് അംബുജൻ നെടുമ്പനയുടെ പ്രതികരണം. വെടി വന്ന വഴി എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറൽ ആകുകയാണ്. നംബൂതിരിമാർ നായർ സ്ത്രീകളെ വിളിച്ചിരുന്ന പേരുകൾ ഈ പുരോഗമന കാലത്ത് പുരോഗമനമുള്ള യുവതികളെ വിളിക്കുന്നത് ഭൂതകാല അസമത്വങ്ങളുടെ – മ്ലേച്ഛ ശബ്ദങ്ങളെ മറ്റൊരാളിൽ ചാർത്തി താലോലിക്കലാണ്. അല്ലെങ്കിൽ സ്വന്തം പല്ലിൽ കുത്തി മണപ്പിക്കലാണെന്ന് രാഹുൽ ഈശ്വരന്മാരും അതുകേട്ട് കയ്യടിക്കുന്നു മറ്റു ശൂദ്രന്മാരും ശൂദ്രേച്ചികളും മനസിലാക്കുക എന്നാണ് കുറിപ്പിൽ പറയുന്നത്.


ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:

#വെടി #വന്ന #വഴി……….
ഇന്നലെ കൈരളി ടിവിയിലെ ചാനൽ ചർച്ചയിൽ ശബരിമലയിൽ കയറിയ എസ്‌പി മഞ്ജുവിനെ രാഹുൽ ഈശ്വർ “കള്ളവണ്ടി കയറിയ കള്ള വെടി” എന്ന് സംബോധനചെയ്തത് പലരും കേട്ടിരിക്കുമല്ലോ?
വി.ടി.ഭട്ടതിരിപ്പാടിനു മുമ്പ്
നംബൂതിരി സമുദായത്തിൽ കല്യാണം കഴിച്ചിരുന്നത് വീട്ടിലെ ഏറ്റവും മൂത്ത മകനാണ്. അയാളുടെ പണി
ഓടിനടന്ന് കല്യാണം കഴിക്കലാണ്. തൊണ്ണൂറും നൂറും വയസായാലും അയാൾ കല്യാണം കഴിപ്പ് നിർത്തില്ല. കെട്ടി മണിക്കൂറുകൾക്കകം അയാൾ ഒന്ന് മരിച്ചു പോയാൽ പിന്നെ പെണ്ണ് വിധവയാണ്..കല്യാണം കഴിക്കാൻ ഭാഗ്യമില്ലാതിരുന്ന അപ്ഫന്മാരാകട്ടെ വിധവയെ വിളിച്ചിരുന്നത് “ചീഞ്ഞ വെടി” എന്നാണ്.
” അപ്ഫൻ നമ്പൂതിരി ” മാർ നായർ ഭവനങ്ങളിൽ കയറിയിറങ്ങി യുവതികളോട് കരകമ്പി വർത്തമാനം പറഞ്ഞ് ചടഞ്ഞ് കൂടുന്നതിനെ “വെടിവട്ടം ” എന്നാണ് പറഞ്ഞിരുന്നത് ‘ ഇങ്ങനെ വെടിവട്ടം നടത്തിയിരുന്നവരൊയൊക്കെ സംബന്ധ ക്കാരായി വിളിച്ചതും ചരിത്രമാണ്.
ഒട്ടും പുരോഗമനമല്ലാതിരുന്ന, ബി.ടി.ഭട്ടതിരിപ്പാടിനു മുമ്പ്
നംബൂതിരി – നായർ സ്ത്രീകളെ വിളിച്ചിരുന്ന
പേരുകൾ ഈ പുരോഗമന കാലത്ത് പുരോഗമനമുള്ള യുവതികളെ വിളിക്കുന്നത്
ഭൂതകാല അസമത്വങ്ങളുടെ – മ്ലേച്ഛ ശബ്ദങ്ങളെ മറ്റൊരാളിൽ ചാർത്തി താലോലിക്കലാണ്.അല്ലെങ്കിൽ സ്വന്തം പല്ലിൽ കുത്തി മണപ്പിക്കലാണെന്ന് രാഹുൽ ഈശ്വരന്മാരും അതുകേട്ട് കയ്യടിക്കുന്നു മറ്റു ശൂദ്രന്മാരും ശൂദ്രേച്ചികളും മനസിലാക്കുക.