Tue. Apr 23rd, 2024

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ 50 ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . വനിതാ മതിൽ ഒരു മതനിരപേക്ഷ സംഘമമായിരിക്കും. എല്ലാ സമുദായത്തിലെ സ്ത്രീകളും അണിനിരക്കുന്ന സംഭവമായി ഇത് മാറുമെന്നും മതിലിനെ എതിർക്കുന്നത് യാഥാസ്ഥിതിക വിഭാഗക്കാരാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വനിതാ മതിലുമായി ബന്ധപ്പെട്ട് വാദവിവാദങ്ങൾ ഉണ്ടായതിനാൽ ഇത് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. അത്തരം ഒരു വിവാദം നടന്നത് നന്നായി. വിവാദങ്ങളിലൂടെയാണ് ജനങ്ങൾക്ക് ശരിയേതെന്ന് തീരുമാനിക്കാൻ കഴിയുന്നത്. ഇതിന്റെ ഭാഗമായി വിമർശനങ്ങളും എതിർപ്പുകളും അറിയിച്ചവരെ പൂ‌ർണമായി അംഗീകരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

വനിതാ മതിലിൽ സ്വീകരിച്ച നിലപാട് ശരിയാണെന്നാണ് ഇപ്പോൾ നടക്കുന്ന വിമർശനങ്ങളിൽ നിന്ന് മനസിലാക്കുന്നത്. അവരുടെ വിമർശനങ്ങൾ എല്ലാം സി.പി.എം പരിശോധിക്കുന്നതാണ്. കേരളത്തിലെ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്ന് യാഥാസ്ഥിതികരോടൊപ്പമാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പാരമ്പര്യമാണ് ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കുണ്ടായത്. എന്നാൽ ആ പാരമ്പര്യം കളഞ്ഞുകുളിച്ച് ആർ.എസ്.എസിന്റെ ഒരു ബി ടീമായി കേരളത്തിലെ കോൺഗ്രസ് അധ:പതിച്ചിരിക്കുകയാണ്. ഇത് കോൺഗ്രസിന് വന്നിട്ടുള്ള ഏറ്റവും വലിയ ഒരു വൃതിയാനാമാണെന്ന് കോടിയേരി വ്യക്തമാക്കി.