Fri. Mar 29th, 2024

ശബരിമല ദര്‍ശനത്തിനായി എത്തിയ ചെന്നൈയില്‍ നിന്നുള്ള മനീതി എന്ന സംഘടനയുടെ നേതൃത്വത്തിലെത്തിയ 11 അംഗ സംഘം സന്നിധാനത്തിലേക്ക് നീങ്ങുന്നതിനിടയില്‍ വീണ്ടും തടയപ്പെട്ടു. കനത്ത പോലീസ് സുരക്ഷയിലാണ് യുവതികള്‍ മല കയറാന്‍ ഒരുങ്ങിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം അപ്രതീക്ഷിതമായി വീണ്ടും ഉയര്‍ന്നതോടെ പോലീസ് സംഘം തിരിഞ്ഞോടുകയായിരുന്നു. ദര്‍ശനത്തിനെത്തിയ സംഘത്തെ പമ്പയില്‍ മണിക്കൂറുകളായി ശൂദ്രലഹളക്കാർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നാടകീയ നീക്കത്തിനൊടുവിലാണ് യുവതികള്‍ക്ക് പമ്പയില്‍ നിന്ന് കുറച്ചുദൂരത്തേക്ക് നീങ്ങാനായത്. എന്നാല്‍ പെട്ടെന്നുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിനൊടുവില്‍ മനീതി അംഗങ്ങളും പോലീസും തിരികെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് ഓടിക്കയറിയിരിക്കുകയാണ്.

പമ്പയില്‍ പ്രതിഷേധം ഉയര്‍ത്തുന്നവരെ അറസ്റ്റ് ചെയ്ത നീക്കി മനീതി പ്രവര്‍ത്തകരെ കടത്തിവിടാനായിരുന്നു പോലീസിന്റെ നാടകീയ ശ്രമം. കൂടുതല്‍ പോലീസുകാര്‍ എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത നീക്കിയത്. വനിതാ പോലീസുകാരുടെ അകമ്പടിയോടെയാണ് മനിതി പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. പമ്പയിലെ കയ്യാങ്കളിയെ തുടര്‍ന്ന് വീണ്ടും മനീതി സംഘത്തിന്റെ യാത്ര തടയപ്പെട്ടിരിക്കുകയാണ്. തുടര്‍ന്ന് പോലീസ് ഇവരെ സുരക്ഷിതരായി ഗാര്‍ഡ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. 50 പോലീസുകാരായിരുന്നു മനീതി സംഘത്തിനൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ മലയിറങ്ങി വന്നത് 200 ഓളം പ്രതിഷേധക്കാര്‍ ആയിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷിതരായി സംഘത്തെ മാറ്റേണ്ടി വന്നത്.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ വനിത സംഘത്തെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നടന്നു കയറുന്നത് ഭക്തര്‍ നേരത്തെ തടയുകയായിരുന്നു. കാനനപാതയില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം അടക്കം നടത്തിയാണ് ഭക്തര്‍ ഇവരെ തടഞ്ഞത്. മനിതി സംഘത്തിലെ യുവതികള്‍ പമ്പയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ശബരിമല ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നാണ് സംഘം വ്യക്തമാക്കുന്നത്.

കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴിയാണ് സംഘം എത്തിയത്. ഇതിനിടെ ഇവരുടെ കെട്ട് നിറയ്ക്കാനായി പൂജാരിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്വയമെ കെട്ട് നിറയ്ക്കുകയായിരുന്നു. 11 അംഗ സംഘത്തിലെ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്. അതേസമയം ദര്‍ശനത്തിന് പോലീസ് വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മനിതി സംഘത്തിലെ തിലകവതി വ്യക്തമാക്കി. മാത്രമല്ല തങ്ങള്‍ക്ക് പിന്നാലെ മനിതി സംഘത്തിലെ മറ്റൊരു സംഘവും ഉടന്‍ എത്തുമെന്ന് ഇവര്‍ പറഞ്ഞു. ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്നും തിലകവതി വ്യത്കതമാക്കി. തങ്ങള്‍ക്ക് സുരക്ഷ നല്‍കി ശബരിമല ദര്‍ശനം നടത്തിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കി.

ഇത്രയും വലിയ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ ശബരിമലയില്‍ എത്തിയിട്ടില്ല. മനിതി സംഘവും പോലീസും നടത്തിയ അനുനയ ചര്‍ച്ചയും പരാജയപ്പെട്ടു. തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇവര്‍ പോരുന്ന വഴിയാകെ ബിജെപിക്കാരുടെ പ്രതിഷേധം ഉണ്ടായിരുന്നു. കട്ടപ്പന പാറക്കടവില്‍ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. പോലീസാണ് പ്രതിഷേധ സംഘത്തെ നീക്കിയത്.