Wednesday, August 10, 2022

Latest Posts

ഡിസംബർ 18: കേരളത്തിൻറെ സോക്രട്ടീസ് കേസരി ബാലകൃഷ്ണപിള്ള ദിനം

സി.ആർ.സുരേഷ്

നിർഭയനും നീതിമാനുമായ പത്രാധിപനും മലയാള സാഹിത്യത്തിനു ആധുനികതയുടെ വഴികാട്ടിക്കൊടുത്ത ചിന്തകനും കാലത്തിനു മുമ്പേ നടന്ന സാഹിത്യവിമർശകനുമായിരുന്നു കേസരി ബാലകൃഷ്ണപിള്ള.

സ്വന്തം പത്രത്തിന്റെ നാമധേയത്തിൽ ജീവിതകാലത്തിനുശേഷവും അറിയപ്പെടുന്ന അപൂർവം പത്രാധിപന്മാരിൽ ഒരാളാണ്‌ കേസരി. കേസരിയുടെ പ്രസിദ്ധീകരണം നിലച്ചതിനുശേഷവും പേരെഴുതി ഒപ്പിടുന്നതിനു ചുവട്ടിൽ ‘എഡിറ്റർ, കേസരി’ എന്നുകൂടി കുറിക്കുവാൻ അദ്ദേഹം മറന്നിരുന്നില്ല. അത്രമേൽ തീവ്രമായിരുന്നു കേസരിയോട്‌ എ ബാലകൃഷ്ണയ്ക്കു ഉണ്ടായിരുന്ന വൈകാരിക ബന്ധം.

1904-ൽ, ബി.വി. ബുക് ഡിപ്പോ ഉടമ കുളക്കുന്നത്തു രാമൻ മേനോൻ തുടങ്ങിയിരുന്ന സമദർശിയുടെ പത്രാധിപത്യം ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിലെ അഴിമതികളേയും, ഉദ്യോഗസ്ഥന്മാരുടെ വീഴ്ചകളേയും അതിനിശിതമായി തന്റെ മുഖപ്രസംഗത്തിൽ കേസരി തുറന്നുകാട്ടി. വിമർശനത്തിന്റെ സ്വരം മയപ്പെടുത്തണം എന്ന് പത്രം ഉടമകൾക്കു തോന്നിയതോടെ കേസരി പത്രാധിപത്യം ഉപേക്ഷിച്ചു.

പലരിൽ നിന്നും പണം പിരിച്ച് ശാരദാ പ്രസ് സ്ഥാപിച്ചു. എട്ടാം വയസ്സിൽ മരിച്ച മകളുടെ പേരായിരുന്നു ശാരദ. 1930-ൽ പ്രബോധകൻ പത്രം തുടങ്ങി. മൂന്നുമാസത്തിനുള്ളിൽ പ്രബോധകന്റെ ലൈസൻസ് സർക്കാർ റദ്ദാക്കി. ബാലകൃഷ്ണപിള്ള, പിന്നത്തെ ആഴ്ച ‘കേസരി’ വാരിക പ്രസിദ്ധപ്പെടുത്തി. അധികാരികൾ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചതിനെതുടർന്ന് പത്രം നടത്തിക്കൊണ്ടുപോകാനാകാതെ കേസരി ആ രംഗംവിട്ടു. 1935ൽ പ്രസ്‌ വിറ്റ് കടം വീട്ടി, തിരുവതാംകൂർ രാഷ്ട്രീയത്തെപ്പറ്റി എഴുതില്ലെന്നു പ്രതിജ്ഞയെടുത്തു. പിന്നീട് എഴുത്തിൽ പൂർണമായും മുഴുകി.

ചരിത്രം, സാഹിത്യനിരൂപണം എന്നിവയിൽ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും, ജീവൽ സാഹിത്യത്തിന്റെ പ്രമേയത്തേയും, രീതിയേയുംകുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുൻനിരക്കാരുടെ കൃതികൾക്ക് അദ്ദേഹം എഴുതിയ നിരൂപണങ്ങൾ, ആമുഖങ്ങൾ എന്നിവയൊക്കെ ആ പ്രസ്ഥാനത്തിന്റെ പ്രകടനപത്രികകളാണ്.

അധ്യാപകനായിരിക്കെ പുരാതത്ത്വ പ്രദീപം, ഹർഷവർദ്ധനൻ, വിക്രമാദിത്യൻ എന്നീ കൃതികൾ അദ്ദേഹം എഴുതി. പത്രപ്രവർത്തനരംഗത്തുനിന്ന് പിൻവാങ്ങിയശേഷം നവലോകം, രാജരാജീയം, രൂപമഞ്ജരി, നോവൽ പ്രസ്ഥാനങ്ങൾ, സാങ്കേതിക ഗ്രന്ഥനിരുപണങ്ങൾ, കുറെക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്നിവ എഴുതി.

യൂറോപ്യൻ സാഹിത്യത്തിൽനിന്ന് ബൽസാക്കിന്റെ ഏഴേ ഗ്രാന്ദെയെ അധികരിച്ചുള്ള സാന്ധില്യ, മോപ്പസാങ്ങിന്റെ ‘ഒരു സ്ത്രീയുടെ ജീവിതം, ഇബ്‌സന്റെ പ്രേതങ്ങൾ, പിരാന്തലോയുടെ ഓമനകൾ, സ്റ്റെൻതാളിന്റെ ‘ചുവപ്പും കറുപ്പും, റൊളാങ്ങിന്റെ ‘മഹാത്മാഗാന്ധി എന്നിങ്ങനെ ചില കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തു. ഏതാനും യൂറോപ്യൻ കഥകളുടെ പരിഭാഷകൾ, കാർമെൻ എന്നിവയും പ്രസിദ്ധപ്പെടുത്തി.

ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം, ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം, ജി ശങ്കരക്കുറുപ്പിന്റെ നിമിഷം, എം.സി. ജോസഫിന്റെ പുരോഗതി, ബഷീറിന്റെ ‘ശബ്ദങ്ങൾ തുടങ്ങി സീതാരാമൻ, കെടാമംഗലം പപ്പുക്കുട്ടി എന്നിവരുടെയെല്ലാം കൃതികൾക്ക് കേസരി എഴുതിയ സുദീർഘമായ അവതാരികകൾ, മലയാളത്തിലെ നിരൂപണചരിത്രത്തിലെ നാഴികക്കല്ലുകളാണ്. തകഴി ശിവശങ്കരപ്പിള്ളയെ റിയലിസത്തിലേക്ക് കൈപിടിച്ചു നടത്തിച്ചതും കേസരിയാണ്. പ്രസ്ഥാനലക്ഷണങ്ങൾ വിവരിച്ച്, കൃതി ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് രേഖപ്പെടുത്തുന്നതായിരുന്നു കേസരി കൈക്കൊണ്ട രീതി.

പ്രാചീന ഏഷ്യൻ ചരിത്രമാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗവേഷണ മേഖല. കല്പഗണിതം എന്നൊരു കാലഗണനാസമ്പ്രദായം താൻ നിർദ്ധാരണം ചെയ്തതായി കേസരി അവകാശപ്പെടുന്നു. വിഷ്ണു, ശിവൻ, അലക്‌സാണ്ടർ തുടങ്ങിയവരെപ്പറ്റിയും, പ്രളയം തുടങ്ങിയവയെപ്പറ്റിയും കേസരിയുടെ ഗവേഷണങ്ങൾ പുതുമയാർന്നവയാണ്. സാഹിത്യനിരൂപണത്തിന്റെ മേഖലയിലേയ്ക്ക് ഇതരവിജ്ഞാനശാഖകളെ സംക്രമിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹാ സംഭാവന.

കേസരിയുടെ പ്രബന്ധങ്ങൾ എൻ.ബി.എസ്. ഒരു പുസ്തകമായും ചരിത്ര ഗവേഷണ പ്രബന്ധങ്ങളിൽ ചിലത് സാഹിത്യ അക്കാദമിയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  1935-’42 കാലത്ത് തിരുവനന്തപുരത്ത് നടന്നിരുന്ന കേസരിയുടെ സദസാണ് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പരിവർത്തനത്തിന്റെ ആണിക്കല്ലായിത്തീർന്നത്. കെ എ ദാമോദരമേനോൻ, എം എൻ ഗോവിന്ദൻ നായർ, കെ പി ശങ്കരമേനോൻ, കുട്ടനാട്ടുരാമകൃഷ്ണപിള്ള, ബോധേശ്വരൻ, സി നാരായണപിള്ള എന്നിവർ അതിലെ അംഗങ്ങളായിരുന്നു.

പാശ്ചാത്യ സാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കേസരിയാണ് . ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിന് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാള സാഹിത്യത്തെ വിലയിരുത്താനാണ് അദ്ദേഹം ഉദ്യമിച്ചത്. കേസരിയെ “കേരളത്തിലെ സോക്രട്ടീസ്” എന്നു വിശേഷിപ്പിച്ചത്‌ വി ടി ഭട്ടതിരിപ്പാടാണ്.

തലസ്ഥാനത്ത്  പുളിമൂട്ടിൽ കേരള പത്രപ്രവർത്തക യൂണിയന്റെ ആസ്ഥാനമായ കേസരി സ്മാരകം നിലകൊള്ളുന്നു.

കൃതികൾ: കേസരിയുടെ പ്രബന്ധങ്ങൾ, നവലോകം, രാജരാജീയം, രൂപമഞ്ജരി, നോവൽ പ്രസ്ഥാനങ്ങൾ, സാങ്കേതികഗ്രന്ഥനിരുപണങ്ങൾ, കുറെക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.