Tue. Apr 23rd, 2024

ബ്രാഹ്മണ്യത്തെ പടിയിറക്കാൻ സ്ത്രീ സംഗമവും വില്ലുവണ്ടി യാത്രയുടെ ഉദ്‌ഘാടനം ഭരണഘടനയിൽ ഡോ. അംബേദ്കർക്കൊപ്പം ഒപ്പിട്ട ഏക മലയാളി ദാക്ഷായണി വേലായുധൻറെ മകളും പ്രമുഖ ചരിത്രകാരിയുമായ ഡോ. മീര വേലായുധൻ നിർവഹിച്ചു.ഡോക്ടർ രേഖാരാജ് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.. ദാക്ഷായണി വേലായുധൻ സ്ക്വയറിൽ (വഞ്ചി സ്ക്വയർ, ഹൈകോർട്ട് Jn.) ആണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. രാവിലെ 9 മണിക്ക് വി ല്ലുവണ്ടിയാത്ര എരുമേലിയിലേക്ക് തിരിക്കും. ചടങ്ങിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് ശ്രമിച്ച വനിതാ ആക്ടിവിസ്റ്റുകളെ ആദരിച്ചു.

ശബരിമല സ്ത്രീ പ്രവേശന സുപ്രീം കോടതി വിധിയുടെ മറവിൽ മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിനു ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കമാണ് കേരളത്തെ സംഘർഷ ഭൂമി ആക്കിയിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ആക്രമിക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഈ സംഘർഷം വളർത്തുകയാണ് ഹിന്ദുത്വ ശക്തികൾ.

ശബരിമലയിലെ ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ട അന്തിമവാക്ക് താന്ത്രികളുടേത് ആണെന്നും, “തന്ത്ര സമുച്ചയം” ഭരണഘടനയ്ക്ക് മുകളിലാണെന്നുമുള്ള വാദമാണ് ഹൈന്ദവത്വ ശക്തികൾ ഉയർത്തുന്നത്. ആർത്തവം അശുദ്ധമാണെന്നും ആർത്തവമുള്ള സ്ത്രീകൾ മാറ്റി നിർത്തപ്പെടേണ്ടവർ ആണെന്നും കരുതുന്നത് ബ്രാഹ്മണിക് പുരുഷാധിപത്യ വ്യവസ്ഥിതി ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ്. കേരളം നവോത്‌ഥാന മുന്നേറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ജാതീയ വേർതിരിവുകളും അധികാരങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൻതോതിൽ സ്വാധീനം ചെലുത്തുകയാണ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം ജാതീയമേൽക്കോയ്മ അടിച്ചേൽപ്പിക്കുകയും പാർശ്വവത്കൃതരുടെ വിഭവാധികാരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന സവർണ്ണമേൽക്കോയ്മക്കെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങേണ്ടതുണ്ട്.

പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന ആദിവാസികളെ തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നു. ആദിവാസി ദലിത് പിന്നോക്ക പാർശ്വവത്കൃത സമൂഹങ്ങളുടെമേൽ ജാതിമേൽക്കോയ്മയുള്ള സവർണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ആദിവാസി ദലിത് ജനതയുടെ കാവുകളും ഗോത്രാരാധന കേന്ദ്രങ്ങളും അവരുടെ സംസ്കാരത്തിന് അന്യമായ ബ്രാഹ്മണാചാരം അടിച്ചേൽപ്പിച്ച് തട്ടിയെടുക്കുകയാണ് തന്ത്രി സമൂഹവും ജാതിവാദികളും ചെയ്യുന്നത്. സവർണ്ണ ഫാസിസത്തിന്റെ തന്ത്രമാണിത്. വനാവകാശവും ഭൂമിയും വിഭവങ്ങളും പൊതുവിടങ്ങളും തട്ടിയെടുക്കപ്പെട്ട ആദിവാസി ദലിത് സമൂഹങ്ങളെ വംശീയമായും സാംസ്കാരികമായും തുടച്ച് നീക്കുന്ന മേൽപ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണ് ശബരിമലയിലും കാണുന്നത്.

ശബരിമലയിലെ യാഥർത്ഥ അവകാശികൾ ആദിവാസികൾ ആണെന്നും ശബരിമലയും ദേവസ്വംബോർഡ് തട്ടിയെടുത്ത മറ്റ് ക്ഷേത്രങ്ങളും വിട്ടുകിട്ടാൻ മലഅരയ സമുദായം ദശകങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ പരിപാലിച്ചു വന്നിരുന്ന ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനുള്ള ശക്തമായ ഒരു ജനകീയപ്രസ്ഥാനം ഈ അവസരത്തിൽ ഉയർന്നു വരേണ്ടതുണ്ട്. പാർശ്വവത്കൃതരായ ആദിവാസി – ദലിത് വിഭാഗങ്ങളുടെയും സ്ത്രീകളുടെയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളുടെയും വിഭവാധികാരം,വനാവകാശം, ഭരണഘടനാ അവകാശങ്ങൾ തുടങ്ങിയവ ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടായ്‌മയാണ്‌ ഉയർന്നു വരേണ്ടത്.

രാജ്യത്തെമ്പാടും ജനാധിപത്യ സമൂഹങ്ങൾക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സവർണ്ണ ഫാസിസത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശബരിമലയിലെ ആദിവാസികളുടെ വിഭവാധികാരവും വനാവകാശങ്ങളും ആചാരങ്ങളും പുനഃസ്ഥാപിക്കുന്നത് സുപ്രധാനമാണ്. 2006 ലെ കേന്ദ്ര വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് അവകാശപ്പെട്ട ശബരിമലയിൽ ദേവസ്വം ബോർഡും തന്ത്രി കുടുംബവും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ നിയമവിരുദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്.

‘തന്ത്രികൾ പടിയിറങ്ങുക’ ‘ശബരിമല ആദിവാസികൾക്ക്’‘ഭരണഘടന സംരക്ഷിക്കാനും ലിംഗനീതി ഉറപ്പിക്കാനും സ്ത്രീ പ്രവേശനവിധി നടപ്പിലാക്കുക’തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് ഡിസംബർ 13 നു മഹാത്മ അയ്യൻകാളി സ്മൃതിമണ്ഡപമായ വെങ്ങാനൂരിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്കാരിക യാത്രയും സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന വില്ലുവണ്ടികളും കലാജാഥകളും ഡിസംബർ 16 നു എരുമേലിയിൽ എത്തിച്ചേരും. തുടർന്ന് വൈകിട്ട് 3 മണിയ്ക്ക് പൊതുസമ്മേളനവും നടക്കും. ചരിത്രകാരന്മാർ, നിയമജ്ഞർ, സ്ത്രീവാദ പ്രവർത്തകർ, മലഅരയ സമുദായ പ്രതിനിധികൾ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ശബരിമലയുടെ മറവിൽ നടക്കുന്ന നവബ്രാഹ്മണിക്യൽ – ശൂദ്രകലാപത്തെ പ്രതിരോധിക്കുന്നതിനും നാവോത്‌ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനും ആദിവാസികളുടെ അവകാശത്തെ പുനഃസ്ഥാപിക്കുന്നതിനും കേരളത്തിലെ മുഴുവൻ ജനാധിപത്യവാദികളും ജാതിവിരുദ്ധ പ്രവർത്തകരും വില്ലുവണ്ടിയാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കണമെന്ന് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.