Sun. Feb 25th, 2024

ഡിസംബർ 15: കെ.പി. അപ്പൻ (1936 – 2008) ദിനം

 ✍️ സുരേഷ്. സി.ആർ

മലയാളസാഹിത്യ നിരൂപണത്തിന് ശ്രദ്ധേയവും വ്യത്യസ്‌തവുമായ രൂപമാറ്റം സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു കാർത്തികയിൽ പത്മനാഭൻ അപ്പൻ എന്ന കെ പിഅപ്പൻ.

യാഥാസ്ഥിതിക വിമർശന പദ്ധതികളെ ആക്രമിച്ചുകൊണ്ടും പണ്ഡിത വരേണ്യരുടെ വിഗ്രഹങ്ങൾ ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ടും അപ്പൻ നടത്തിയ ജൈത്രയാത്ര മലയാള വിമർശനത്തിന്‍റെ ചരിത്ര സാക്ഷ്യം കൂടിയാണ്. ഒരു കവിക്ക് നേടിയെടുക്കാവുന്നതിനേക്കാൾ ആരാധന പിടിച്ചെടുത്ത കെ പി അപ്പൻ വിമർശനത്തെ കാവ്യകലയോളം ഉയർത്തി.

1972-ൽ പ്രസിദ്ധീകരിച്ച “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” എന്ന ലേഖന സമാഹാരത്തോടെയാണ് അപ്പൻ മലയാളത്തിലെ സാഹിത്യനിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിലെ ഒൻപതു ലേഖനങ്ങളിൽ ആദ്യത്തെ നാലെണ്ണം കഫ്ക, കമ്യൂ, യൊനെസ്കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യസാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. തുടർന്നുവന്ന മൂന്നു ലേഖനങ്ങൾ ആധുനിക സാഹിത്യത്തിന്റെ പ്രചോദനങ്ങളെയും അതിലെ പ്രവണതകളെയും കുറിച്ചും ഒടുവിലത്തെ രണ്ടെണ്ണം ആധുനിക വിമർശനത്തെക്കുറിച്ചുമായിരുന്നു.


പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു. ഇതിന്റെ പേരിൽ, “ക്രിസ്തീയബിംബങ്ങളുടെ തടവുകാരൻ” എന്ന് കഥാകൃത്തായ ജി.എൻ. പണിക്കർ അദ്ദേഹത്തെ വിമർശിച്ചിട്ടും ഉണ്ട്. “ബൈബിൾ – വെളിച്ചത്തിന്റെ കവചം” എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയിൽ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പൻ ഏറ്റു പറയുന്നുണ്ട്. ഈ കൃതി ‘ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ‘ എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

അപ്പന്റെ പിൽക്കാലരചനകളിലൊന്നായ “മധുരം നിന്റെ ജീവിതം” യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയഗ്രന്ഥം (Mariology) എന്ന് ഈ പുസ്തകം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയ്ക്ക് മരണശേഷം കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരവും, ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998ലെ കേരളസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

തിരസ്കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വരകളും വര്‍ണങ്ങളും, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, കലാപം-വിവാദം വിലയിരുത്തല്‍, രോഗവും സാഹിത്യഭാവനയും, സമയപ്രവാഹവും സാഹിത്യകലയും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വർഗ്ഗം തീർന്നുപോവുന്നു നരകം നിലനിൽക്കുന്നു, മാറുന്ന മലയാള നോവൽ, പേനയുടെ സമരമുഖങ്ങൾ, എന്നിവയാണ് മുഖ്യകൃതികൾ.