Wed. Feb 21st, 2024

സി. ആർ.സുരേഷ്

ചിത്രരചനയുടെ പുതുതലങ്ങളിലേക്ക് കടന്നുചെന്ന് വരകളിലൂടെ വർണങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾ സൃഷ്ടിച്ച കലാകാരനായിരുന്നു സി എൻ കരുണാകരൻ.

പാരമ്പര്യവും ആധുനികതയും മനോഹരമായി സമ്മേളിക്കുന്നു എന്നതാണ് സി.എൻ. ചിത്രങ്ങളുടെ സവിശേഷത. ഇന്ത്യൻ ക്ലാസിക്കൽ രൂപഘടന മനോഹരമായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വിന്യസിക്കുന്നു. എണ്ണച്ചായവും ജലച്ചായവും ഇനാമൽ പെയിന്റിംഗും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആർട്ട് ഗ്യാലറിയായ ‘ചിത്രകൂടം‘ അദ്ദേഹമാണ് ആരംഭിച്ചത്. അശ്വത്ഥാമാവ്, ഒരേ തൂവൽ പക്ഷികൾ, അക്കരെ, പുരുഷാർത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചലചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.


ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്താണ് സിഎൻ കരുണാകരൻ ജനിച്ചത്. മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ പെന്‍സിൽകൊണ്ട് വരച്ച അശോകസ്തംഭമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം.

2003 ൽ അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ ചിത്രപ്രദർശനം ഏറെ പ്രശംസ പിടിച്ചുപറ്റി. അതിനുശേഷം വെർജീനിയയിലും ചിത്രപ്രദർശനം നടത്തി.

2009 ൽ രാജാരവിവരമ്മ പുരസ്കാരം ലഭിച്ചു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം മൂന്ന് തവണ നേടിയ അദ്ദേഹം കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് , മലയാറ്റൂർ രാമകൃഷ്ണൻ പുരസ്‌കാരം, പി ടി ഭാസ്‌കര പണിക്കർ പുരസ്‌കാരം, മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.