Fri. Mar 29th, 2024

✍️  സി. ആർ. സുരേഷ്

പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ഖിയാസ് അൽ-ദിൻ അബു അൽ-ഫാത്ത് ഒമർ ഇബ്ൻ ഇബ്രാഹിം ഖയ്യാം നിഷാബുരി. തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്.

ജീവിതകാലത്ത് ഒമർഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാൽ കഴിഞ്ഞ ആയിരം വർഷമായി ലോകം അദ്ദേഹത്തെ ഓർക്കുന്നത് വിഖ്യാതമായ ‘റുബാഇയ്യാത്തി’ന്റെ കർത്താവെന്ന നിലയിലാണ്. ലോകത്തിലെ വിവിധഭാഷകളിൽ ഈ കൃതിക്ക് വിവർത്തനങ്ങളുമുണ്ടായി.

സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകർഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകർ തങ്ങൾക്കുവേണ്ടത് കണ്ടെത്തുന്നു. സർവ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയിൽ മാറി മാറി നിഴലിക്കുന്നു.


ഒമർ ഖയ്യാമിന്റെ കവിത1858-ൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല ലൈബ്രറിയിൽനിന്ന് എഡ്വേർഡ് ഫിറ്റ്‌സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. മധ്യകാല ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്ന ഒമർഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തരബന്ധം സ്ഥാപിച്ചിരുന്നു.

ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തിൽ തല്‍പരനായിരുന്ന ഒമർ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അറിവ്‌നേടി. ഇസ്ഫഹാനിൽ സുൽത്താൻ മലിക്ഷായുടെ കൊട്ടാരത്തിൽ ആസ്ഥാന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ട അദ്ദേഹം പഞ്ചാംഗം പരിഷ്‌കരിക്കാന്‍ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു

ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു. കലൺടർ പരിഷ്കാരങ്ങൾക്കും ഒമർ ഖയ്യാം സംഭാവനകൾ നൽകിയിട്ടുണ്ട്.


ഒരു സൗരവർഷത്തിന്റെ ദൈർഘ്യം 365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഒമർഖയ്യാമായിരുന്നു. ‘മുഷ്‌കിലാത് അൽ ഹിസാബ്’ (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങൾ), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിർവചിക്കുന്ന ‘കിതാബ് അല്‍ മൂസിക്കി ‘ എന്നീ രചനകളും ബീജഗണിതത്തിലുൾപ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു. 1123 ഡിസംബര്‍ 4ന് അദ്ദേഹം അന്തരിച്ചു.

സൃഷ്ടിയുടെ രഹസ്യം, അസ്തിത്വ ദു:ഖം, വിധി നിശ്ഛിതമായ ജീവിതം, കാലത്തിന്‍റെ അപാരത, ജീവിതത്തിന്‍റെ ചാംക്രമികത, ആരുമറിയാതെ സംഭവിക്കുന്ന ജീവിതം, പിന്നെ നിമിഷങ്ങളുടെ ആസ്വാദനം എന്നിവയായിരുന്നു ഒമര്‍ഖയാമിന്‍റെ റുബൈയത്തുകളുടെ പ്രധാന പ്രമേയം.

അവയ്ക്കിടയില്‍ ചിലപ്പോള്‍ മാത്രമാണ് കാല്‍പനികമായ സങ്കല്‍പങ്ങളുടെ ഒളിമിന്നല്‍. ഒരപ്പക്കഷണവും ഒരു പാത്രം മുന്തിരിച്ചാറും പിന്നെ നീയുമുണ്ടെങ്കില്‍… തുടങ്ങിയ തരളവും കാതരവും പ്രേമാതുരവുമായ ചില വരികള്‍ മാത്രമാണ് ഒമര്‍ ഖയാമിനെ പ്രണയ ഗായകനാക്കുന്നത്.

”നമുക്ക് ഇവിടെ കഴിഞ്ഞുകൂടാൻ ഇനി ഏറെ നേരമില്ല; ഇന്ന് ഒന്നിച്ചുകൂടിയ നാം ഉടൻ പിരിഞ്ഞുപോകും; പോകുന്നവരാരും തിരിച്ചുവരുകയുമില്ല. ” .

ഓമര്‍ ഖയ്യാം എന്ന്‌ കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ ചേതനയില്‍ തുടിക്കുക:

“ഒരു പൂന്തണലും
ഒരപ്പക്കഷണവും
ഒരു പുസ്തകവും
ഒരു പാത്രം മുന്തിരിച്ചാറും
പിന്നെ പാട്ടുമായ്‌ നീയുമരികെയുണ്ടെങ്കില്‍
വിജനഭൂമിയുമെനിക്ക്‌
സര്‍വസുഖസങ്കേതം..”
(“A book of verses underneath the bough A flask of wine, a loaf of bread and thou Beside me singing in the wilderness And wilderness is paradise now.” )

അല്ലെങ്കില്‍
“വീഞ്ഞു നുകര്‍ന്നു രസിക്കുക
പനിനീര്‍പ്പൂക്കളു,മുന്മത്ത സുഹൃത്തുക്കളും
രസംപകരും കാലം;
ഇതനവദ്യം,യൗവ്വനസുരഭിലം
അര്‍മാദിക്കുകയിതു തന്നെ ജീവിതം
(“Drink wine. This is life eternal. This is all that youth will give you. It is the season for wine, roses and drunken friends. Be happy for this moment. This moment is your life.” )
അതുമല്ലെങ്കില്‍
“പ്രണയിക്കാനറിയാത്ത
പ്രേമാര്‍ദ്രമായ്‌ പാനംചെയ്‌വതെന്തെന്നറിയാത്ത
ഹൃദയമെത്ര ദാരുണം!
അനുരാഗമാനസനല്ലെങ്കില്‍
നുകരുവതെങ്ങനെ സൂര്യശോഭയും
ചാന്ദ്രസുഷമയും”
(“How sad, a heart that
does not know how to love, that
does not know what it is to be drunk with love.
If you are not in love, how can you enjoy
the blinding light of the sun,
the soft light of the moon?”)
തുടങ്ങിയ തരളവും കാതരവും പ്രേമാതുരവുമായ ചില വരികളാണ്‌ ,
ഇതായിരുന്നോ ഒമര്‍ ഖയ്യാം?
ഇതു തന്നെയായിരുന്നോ അദ്ദേഹത്തിന്റെ ‘നാലുവരിക്കവിത’ (‘റുബാഇയ്യത്‌’)കളുടെ ആത്മാവ്‌?


സൃഷ്ടിയുടെ രഹസ്യം, അസ്തിത്വ ദു:ഖം, വിധി നിശ്ചിതമായ ജീവിതം, കാലത്തിന്റെ അപാരത, ജീവിതത്തിന്റെ ചാംക്രമികത, ആരുമറിയാതെ സംഭവിക്കുന്ന പരിണതികള്‍ പിന്നെ നിമിഷങ്ങളുടെ ആസ്വാദനം എന്നിവയായിരുന്നു ഒമര്‍ഖയാമിന്റെ റുബയ്യാത്തുകളുടെ പ്രധാന പ്രമേയം. എന്നിട്ടും എങ്ങനെ ഈ വക്രീകരണം? വിവര്‍ത്തകര്‍ ഒപ്പിച്ച പണിയാണിത്‌.

1859ലാണ്‌ ഒമര്‍ഖയ്യാമിന്റെ റുബാഇയ്യത്‌’കള്‍ ആംഗലേയത്തിലേയ്യ്‌ ആദ്യം മൊഴിമാറ്റുന്നത്‌. എഡ്വേര്‍ഡ്‌ ഫിറ്റ്സ്ജെറാള്‍ഡ്‌ ആയിരുന്നു വിവര്‍ത്തകന്‍.
ഖയ്യാമിന്റെ കവിയതകളിലെ ആത്മീയതയെ ഭോഗലാലസതയാക്കിയാണ്‌ അദ്ദേഹം മൊഴിമാറ്റം നടത്തിയത്‌.’അര്‍ത്ഥവ്യക്തതയ്ക്ക്‌ വേണ്ടി’എന്ന ന്യായത്തില്‍ വിവര്‍ത്തകനെടുത്ത സ്വാതന്ത്ര്യമാണ്‌ ഈ വക്രീകരണത്തിന്‌ കാരണം. 75 ‘റുബാഇയ്യത്‌’ആണ്‌ ഫിറ്റ്സ്ജെറാള്‍ഡിന്റെ ആദ്യവിവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്‌.1868,1872,1879,1889 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനപ്പതിപ്പുകള്‍ പുറത്തു വന്നു.

1882ല്‍ ഒമര്‍ ഖയ്യാമിന്റെ ഇരുനൂറ്റി അന്‍പത്തി ‘റുബാഇയ്യത്‌’ എഡ്വേഡ്‌ വിന്‍ഫീല്‍ഡ്‌ വിവര്‍ത്തനം ചെയ്തു. അടുത്തവര്‍ഷം ഇത്‌ അഞ്ഞൂറാക്കി. ഖയ്യാമിന്റെ വാക്കുകളില്‍ വിന്‍ഫീല്‍ഡ്‌ ഫിറ്റ്സ്ജെറാള്‍ഡിനെക്കാളധികം മാറ്റങ്ങല്‍ വരുത്തി. 1889ല്‍ ജസ്റ്റിന്‍ മക്കാര്‍ത്തി നാനൂറ്റി അറുപത്താറ്‌ ‘റുബാഇയ്യത്‌’ വിവര്‍ത്തനം ചെയ്തു.

മഹാകവി ജി. ശങ്കരക്കുറുപ്പാണ്‌ ഈ രചനകളുടെ മലയാളവിവര്‍ത്തനം നിര്‍വഹിച്ചത്‌.സ്വാഭാവികമായും പാശ്ചാത്യ വിവര്‍ത്തകരുടെ ചുവടു പിടിച്ചല്ലേ മലയാളത്തിന്റെ മഹാകവിക്കും രചന നിര്‍വഹിക്കാന്‍ കഴിയൂ.’വിലാസലഹരി’എന്ന ശീര്‍ഷകം വ്യക്തമാക്കുന്നത്‌ മറ്റൊന്നല്ലല്ലോ.
ഒമര്‍ ഖയ്യാമിനോട്‌ വിവര്‍ത്തകര്‍ കാണിച്ച ഈ അപരാധത്തെ ഏറ്റവും സത്യസന്ധമായി അപഗ്രഥിക്കുകയും ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്‌ ഓഷോ രജനീഷ്‌ ആണ്‌.’BOOKS I HAVE LOVED’എന്ന ഗ്രന്ഥത്തില്‍ രജനീഷ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌:”ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും അതേസമയം, ലോകത്തില്‍ ഏറ്റവുമധികം പാരായണം ചെയ്യപ്പെട്ടതുമായ ഗ്രന്ഥങ്ങളിലൊന്നാണ്‌ റുബയ്യാത്ത്‌. വിവര്‍ത്തനത്തിലാണ്‌ അത്‌ ഗ്രഹിക്കപ്പെടുന്നത്‌. പക്ഷേ, അതിന്റെ ആത്മാവ്‌ തെറ്റിദ്ധരിക്കപ്പെടുന്നു. വിവര്‍ത്തകന്‌ അതില്‍ ആത്മാവിനെ ആനയിക്കാനാകുന്നില്ല.
റുബയ്യാത്ത്‌ പ്രതീകാത്മകമാണ്‌, വിവര്‍ത്തകന്‍ വളരെ ഋജുബുദ്ധിയായ ഇംഗ്ലീഷുകാരനായിരുന്നു; അമേരിക്കക്കാര്‍ പറയുംപോലെ, ചതുരവടിവുള്ള വ്യക്തി, ഒട്ടുംതന്നെ പുതുമയെ ഉള്‍ക്കൊള്ളുന്നയാളല്ല. റുബയ്യാത്ത്‌ ഉള്‍ക്കൊള്ളാന്‍ നിങ്ങളില്‍ ആ സര്‍ഗാത്മകത അല്‍പമെങ്കിലും ഉണ്ടാവണം.റുബയ്യാത്ത്‌ മദ്യത്തെയും മദിരാക്ഷിയെയുംകുറിച്ച്‌ സംസാരിക്കുന്നു, മറ്റൊന്നിനെയും പറ്റിയല്ല; അത്‌ മദ്യത്തെയും മങ്കയെയുംപറ്റി പാടുന്നു. വിവര്‍ത്തകര്‍ നിരവധി പേരുണ്ട്‌…തെറ്റാണ്‌.

അവര്‍ക്ക്‌ തെറ്റുപറ്റാതെ നിവൃത്തിയില്ല. എന്തെന്നാല്‍ ഒമര്‍ ഖയ്യാം സൂഫിയായിരുന്നു, തസവൂഫ്‌ ഉള്ളയാള്‍, ജ്ഞാനമുള്ളയാള്‍.
സ്ത്രീയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്‌ ദൈവത്തെക്കുറിച്ചാണ്‌. സൂഫികള്‍ ഈശ്വരനെ അഭിസംബോധന ചെയ്യുന്നത്‌. അപ്രകാരമാണ്‌: പ്രിയതമേ, എന്റെ പ്രിയതമേ എന്ന്‌. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അവര്‍ ദൈവത്തിന്‌ സ്ത്രീലിംഗപദങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.
മാനവരാശിയുടെയും ബോധത്തിന്റെയും സമ്പൂര്‍ണചരിത്രമെടുത്താല്‍, ലോകത്തില്‍ മറ്റാരും ഈശ്വരനെ സ്ത്രീയെന്നനിലയില്‍ അഭിസംബോധന ചെയ്തിട്ടില്ല. സൂഫികള്‍മാത്രമേ ദൈവത്തെ പ്രിയതമയെന്നു വിളിക്കുന്നുള്ളൂ. പ്രേമിക്കുന്നയാളിനും പ്രേമിക്കപ്പെടുന്നയാളിനും ഇടയ്ക്കു സംഭവിക്കുന്നതാണ്‌ വീഞ്ഞ്‌, അതിന്‌ മുന്തിരിയുമായി യാതൊരു ബന്ധവുമില്ല. പ്രേമിക്കുന്നയാളിനും പ്രേമിക്കപ്പെടുന്നയാളിനും ഇടയ്ക്ക്‌, ശിഷ്യനും ഗുരുവിനുമിടയ്ക്ക്‌, അന്വേഷിക്കും അന്വേഷിക്കപ്പെടുന്നതിനും ഇടയ്ക്ക്‌, ഭക്തനും ദൈവത്തിനുമിടയ്ക്ക്‌ സംഭവിക്കുന്ന രസതന്ത്രം. ആ രസതന്ത്രം, ആ പരിവര്‍ത്തനം അതാണ്‌ വീഞ്ഞ്‌. അത്രയേറെ തെറ്റിദ്ധരിക്കപ്പെടുന്നതാണ്‌ റുബയ്യാത്ത്‌”

ഒരു സൂഫിവര്യനെ അദ്ദേഹത്തിന്റെ ആത്മീയ രചനയെ
ഭോഗലാലസതയുടെ പര്യായമാക്കി മാറ്റിയവര്‍ക്ക്‌ വേണ്ടി
ഒമര്‍ ഖയ്യാമിനോട്‌ മാപ്പ്‌ ചോദിക്കാം.