Fri. Mar 1st, 2024

✍️ സി ആർ സുരേഷ്

നീതിന്യായരംഗത്തും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലും പതിറ്റാണ്ടോളം കേരളത്തിന്റെ മനസ്സാക്ഷിയായി തിളങ്ങിയ ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ, മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും സോഷ്യലിസത്തിനും വേണ്ടി പൊരുതിയ ഇതിഹാസമായിരുന്നു.

1938 ആഗസ്റ്റിൽ തലശ്ശേരി കോടതിയിൽ പിതാവിന്റെ കീഴിലാണ്‌ പ്രാക്ടീസ്‌ തുടങ്ങിയത്‌. 1952-ൽ മദിരാശി നിയമസഭയിൽ അംഗമായി പൊതുജീവിതം ആരംഭിച്ച കൃഷ്ണയ്യർ ഇ എം എസ്‌ നേതൃത്വം നൽകിയ 1957-ലെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, ജലസേചനം തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. 1959-ൽ മന്ത്രിസഭ പിരിച്ചുവിടപ്പെട്ട ശേഷം കൊച്ചിയിൽ അഭിഭാഷക വൃത്തിയിലേക്കു മടങ്ങി.

1968-ൽ ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1971 മുതൽ 73 വരെ ലോ കമ്മിഷൻ അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം 1973 മുതൽ ’80-വരെ സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു.


അടിയന്തരാവസ്ഥയ്ക്ക്‌ തൊട്ടുമുമ്പ്‌ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ ഹർജിയിൽ വിധി പറഞ്ഞത്‌ ജസ്റ്റിസ്‌ കൃഷ്ണയ്യരായിരുന്നു. മനുഷ്യാവകാശ, തൊഴിൽ നിയമങ്ങളിൽ വിപ്ലവകരമായ പരിഷ്ക്കാരങ്ങൾക്ക്‌ അദ്ദേഹം വഴിയൊരുക്കി.

സമൂഹത്തിലെ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്നതായിരുന്നു കൃഷ്ണയ്യരുടെ പല വിധിന്യായങ്ങളും. വധശിക്ഷയ്ക്ക്‌ എക്കാലവും എതിരായിരുന്ന അദ്ദേഹം ഒരാളെപോലും തൂക്കിലേറ്റാൻ വിധിച്ചിട്ടില്ല.

പി കൃഷ്ണപിള്ള, എ കെ ജി, എൻ ഇ ബാലറാം തുടങ്ങിയ നേതാക്കളുമായുണ്ടായ സൗഹൃദമാണ്‌ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാവാൻ വഴിയൊരുക്കിയത്‌. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ജൻമിത്തത്തിനെതിരെ തൊഴിലാളി പ്രക്ഷോഭം ആളിക്കത്തിയിരുന്ന കാലമായിരുന്നു അത്‌. ജന്മിമാരും പൊലീസുകാരും ചേർന്ന്‌ കേസിൽ കുരുക്കുന്ന സാധുക്കളായ തൊഴിലാളികളുടെ കേസുകൾ പി കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ കൃഷ്ണയ്യരെയാണ്‌ ഏൽപ്പിച്ചിരുന്നത്‌. വിപ്ലവചരിത്രത്തിലെ ചുവന്ന ഏടുകളായ മൊറാഴ, കാവുമ്പായി കേസുകളിലും പ്രതിഭാഗം വക്കീലന്മാരുടെ കൂട്ടത്തിൽ കൃഷ്ണയ്യരുണ്ടായിരുന്നു.

1987-ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആർ വെങ്കിട്ടരാമനെതിരെ സംയുക്ത പ്രതിപക്ഷമുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ആ തെരഞ്ഞെടുപ്പ്‌ ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ ശ്രദ്ധേയമായി മാറി.


സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനായി നെഹ്‌റുവിനെ ആരാധ്യപുരുഷനായി കരുതിപ്പോന്ന കൃഷ്ണയ്യർക്ക്‌ 1968-ൽ സോവിയറ്റ്ലാന്റ്‌ നെഹ്‌റു അവാർഡും, 1999-ൽ പത്മവിഭൂഷനും ലഭിച്ചു. ദേശീയ, അന്തർദേശീയ തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

സോവിയറ്റ്‌ യൂണിയന്റെ ഉറ്റമിത്രമായിരുന്ന കൃഷ്ണയ്യർ ഇന്തോ-സോവിയറ്റ്‌ സാംസ്കാരിക സമിതിയുടെ അധ്യക്ഷനും സമാധാന പ്രസ്ഥാനങ്ങളുടെ രക്ഷാധികാരിയുമായിരുന്നു.

നിയമം, മനുഷ്യാവകാശം, സാമൂഹിക നീതി എന്നിവയിലൂന്നിയ എൺപതോളം ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. നിരവധി യാത്രാവിവരണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘വാണ്ടറിങ്‌ ഇൻ മെനി വേൾഡ്സ്‌’.

അവസാനകാലത്ത് എഴുത്തും വായനയും പ്രഭാഷണവുമായി കൊച്ചിയിൽ കഴിയുന്നതിനിടെ നിയമപരിഷ്കാര കമ്മിഷന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2006-ൽ പ്രവർത്തനം തുടങ്ങിയ കമ്മിഷൻ 2009-ൽ സമഗ്രമായ റിപ്പോർട്ടു സമർപ്പിച്ചിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു കൃഷ്ണയ്യരുടെ സേവനം.