Fri. Mar 29th, 2024

‘മലബാര്‍ സിംഹം’ എന്നറിയപ്പെട്ട സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കേരളത്തിന്റെ സ്വാതന്ത്യസമരഘട്ടത്തിൽ മലബാർ പ്രദേശത്തെ സർവവിഭാഗം മനുഷ്യരെയും ഒന്നിപ്പിച്ചു പോരാട്ടം നടത്തിയ കറകളഞ്ഞ രാജ്യസ്നേഹിയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻ, മൗലാന അബ്ദുൾകലാം ആസാദിന്റെ ‘ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ്’ എന്ന ഗ്രന്ഥം വായിച്ച പ്രേരണയിലാണ് സമരപഥത്തിലേക്കെത്തുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നത് മൗലാന അബ്ദുൾകലാം ആസാദ് ആയിരുന്നു. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു. വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.


കൊടുങ്ങല്ലൂര്‍ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിലായിരുന്നു മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ ജനനം. ഉലയില്‍ ഊതിക്കാച്ചിയെടുത്ത കനകമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞ സാഹിബ് മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. അതിലെ മൂര്‍ച്ചയുള്ള വാക്കുകളിൽ ആസാദ് ഇങ്ങനെ പറയുന്നു. ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു. പിന്നീട്, ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള ഐതിഹാസിക സമരങ്ങളുടെ നേതൃത്വമായി മാറുകയായിരുന്നു.

1921-ലെ മലബാർ കലാപകാലത്ത് ദുരിതാശ്വാസ സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത അബ്ദുൾ റഹിമാൻ ബ്രിട്ടീഷ് സർക്കാരിന്റെ മുഖം തിരിഞ്ഞ നടപടിക്കെതിരെ ഹിന്ദുവിൽ ലേഖനമെഴുതി. ഇതിന്റെ പേരിൽ അറസ്റ്റിലാവുകയും ബല്ലാരിയിലെ അലിപുർ ജയിലിൽ ക്രൂരപീഡനത്തിനിരയാവുകയും ചെയ്തു.

1923-ൽ മഹാകവി വള്ളത്തോളിന്റെ ആശംസകളോടെ അബ്ദുറഹിമാൻ മലബാറിൽ ആരംഭിച്ച പത്രമാണ് അൽ അമീൻ.അവശരുടെയും ആർത്തരുടെയും ജിഹ്വയായിരുന്ന ആ പത്രം പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങിയിരുന്നില്ല. കേസ്, വാറണ്ട്, ജപ്തി തുടങ്ങിയ പീഡനമുറകൾ നിരന്തമായി ഈ പത്രത്തിന് നേരിടേണിവന്നിട്ടുണ്ട്.


1859-ലെ മാപ്പിള ഔട്ട്റേജസ് നിയമപ്രകാരം ആൻഡമാനിലേക്ക് മുസ്ലീങ്ങളെ നാടുകടത്തുന്ന കരിനിയമത്തിനെതിരെ 1925-മുതൽ അബ്ദുറഹിമാൻ നടത്തിയ സമരങ്ങൾ ശ്രദ്ധേയങ്ങളാണ്.

1930-ൽ ഉപ്പു നിയമലംഘന സമരത്തിൽ പങ്കെടുത്ത് ക്രൂര മർദ്ദനത്തിനിരയാവുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തു. ‘പി കൃഷ്ണപിള്ള, കെ കേളപ്പന്‍, അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹം നടന്നത്. 1930 മെയ് 12ന് നടന്ന സമരത്തില്‍ ജനങ്ങള്‍ വീറോടെ അണിനിരന്നു. സത്യഗ്രഹ സമരത്തിനെത്തിയവര്‍ക്കുനേരെ പൊലീസ് സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തില്‍ കൊടിയ മര്‍ദനമാണ് അഴിച്ചുവിട്ടത്. പൊതിരെ തല്ലിയിട്ടും സമരമുഖത്തുറച്ചുനിന്ന സാഹിബിനെ പൊലീസുകാര്‍ ലാത്തികൊണ്ട് ഞെരിച്ച് ശ്വാസംമുട്ടിച്ച് നിലത്തുവീഴ്ത്തി.’

സ്വാതന്ത്യ്ര സമരത്തില്‍ ജ്വലിച്ചുനിന്നപ്പോഴും യൌവനതീക്ഷ്ണമായ ജീവിതം കാരാഗൃഹത്തില്‍ ഹോമിക്കേണ്ടിവന്നപ്പോഴും സ്വന്തം ആത്മാവില്‍ കവിതയുടെ ഒരു കുടന്ന നിലാവ് കാത്തുസൂക്ഷിച്ച സഹൃദയനായിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. ഖിലാഫത്ത് പ്രസ്ഥാനത്തെനയിച്ച്, മതമൈത്രിയുടെ സന്ദേശവുമായി മലബാറാകെ വെണ്‍സൂര്യനായി നിറഞ്ഞ്, സ്വാതന്ത്യ്രസമര പോരാട്ടത്തെ നയിച്ച സാഹിബ് സാംസ്കാരിക നാട്ടിലെയും പോരാട്ടങ്ങള്‍ക്കെന്നും മുതല്‍ക്കൂട്ടാണ്.

പാക്കിസ്ഥാൻവാദത്തെയും മുസ്ലിംലീഗിനെയും പരസ്യമായി തള്ളിപറഞ്ഞ അബ്ദുറഹിമാൻ സുഹൃത്തുക്കൾ പലരും ലീഗിലേക്കു പോവുകയും കോൺഗ്രസ് അനീതി കാണിക്കുകയും ചെയ്തപ്പോൾ കമ്യൂണിസ്റ്റ്കാരാണ് അദ്ദേഹത്തെ മാലയിട്ടു സ്വീകരിച്ചത്. പക്ഷെ, അതിനോട് പൊരുത്തപ്പെടാൻ റഹിമാന് കഴിഞ്ഞിരുന്നില്ല.അവസാനകാലം ഏകാന്തപഥികനായിത്തീർന്നു. അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതത്തെ ആധാരമാക്കി പി ടി കുഞ്ഞുമുഹമ്മദ് ‘വീരപുത്രൻ’ എന്ന പേരിൽ സിനിമയെടുത്തിട്ടുണ്ട്.