Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം.1928-ൽ സി. വി. രാമൻ തന്റെ പ്രസിദ്ധമായ ‘രാമൻ ഇഫക്റ്റ്’ കണ്ടുപ്പിടിച്ച ദിനമാണ് ഇന്ന്. ഇന്ത്യ 1987 മുതൽ ഈ ദിനം ദേശീയ ശാസ്ത്ര ദിനം ആയാണ് ആചരിക്കുന്നത്. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. പദാർത്ഥങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു.1930-ൽ ഈ കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു.

ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് അടിത്തറയിടുകയും ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ഇന്ത്യയിലെത്തിക്കുകയും ചെയ്ത അഭിമാനമാണ് സി വി രാമൻ.

ശബ്ദവും പ്രകാശവുമായിരുന്നു രാമന്റെ ഇഷ്ട മേഖലകൾ. പൂക്കളും മരങ്ങളും സംഗീതവും നിറങ്ങളുമെല്ലാം ആ ശാസ്ത്രജ്ഞന്റെ കലാഹൃദയത്തിൽ എന്നുമുണ്ടായിരുന്നു.

ഇന്ത്യൻ ശാസ്ത്ര പോഷണ സമിതി സ്ഥാപകൻ മഹേന്ദ്രലാൽ സർക്കാറും കൽക്കത്ത സർവകലാശാലാ വൈസ് ചാൻസലർ സർ അശുതോഷ് മുഖർജിയുമാണ് രാമന്റെ ശാസ്ത്ര അന്വേഷണങ്ങൾക്കു വേണ്ട സഹായം നൽകിയത്.

നേച്ചർ, ഫിലോസഫിക്കൽ മാഗസിൻ, ഫിസിക്കൽ റിവ്യൂ തുടങ്ങിയ വിഖ്യാത ജേണലുകളിൽ രാമൻ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങൾ യുറോപ്പിലും അമേരിക്കയിലും പ്രശസ്തനാക്കി.

1921-ൽ ലണ്ടനിലെ ഓക്സ്ഫഡിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള സർവകലാശാലകളുടെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുള്ള കപ്പൽ യാത്രയാണ് ചരിത്രമായത്.

കടലിന്റെ നീലനിറം രാമന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ നിറം എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ചുള്ള ഗവേഷണം ആറ് വർഷം നീണ്ടു നിന്നു.

1928 മാർച്ച് ലക്കം നേച്ചറിൽ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി ശിഷ്യൻ കെ.എസ്.കൃഷ്ണനും കൂടി എഴുതി.ഏകവർണപ്രകാശം സുതാര്യമായ ഏതെങ്കിലും പദാർത്ഥത്തിൽക്കൂടി കടത്തിവിട്ടാൽ വ്യത്യസ്ത നിറത്തോടു കൂടിയ രശ്മികളും പുറത്തു വരുന്ന പ്രതിഭാസമായിരുന്നു അത്. ഇതാണ് ‘രാമൻ പ്രഭാവം’.

രാമൻ പ്രഭാവം മൂലമുണ്ടാകുന്ന പുതിയ രശ്മികളുടെ വർണരാജിയെ രാമൻ വർണരാജിയെന്നും അതിലെ പുതിയ വരകളെ രാമൻ രേഖ എന്നും വിളിക്കുന്നു.

1930-ൽ ഈ കണ്ടുപിടുത്തത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1922-ൽ കൽക്കത്ത സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ് ബിരുദം,
1924-ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ്,
1929-ൽ ബ്രിട്ടീഷ് സർക്കാരിന്റെ ‘സർ ‘ സ്ഥാനം,
1935-ൽ മൈസൂർ രാജാവിന്റെ രാജ്യസഭാഭൂഷൺ,
1941-ൽ അമേരിക്കയുടെ ഫ്രാങ്ക്ലിൻ മെഡൽ,
1954-ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്ന,
1957-ൽ സോവിയറ്റ് യൂണിയന്റെ ലെനിൻ പുരസ്കാരം എന്നീ ബഹുമതികൾ ലഭിച്ചു. പല തവണ വിദേശ പര്യടനം നടത്തിയ രാമൻ കുറച്ചുകാലം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചു.

സി വി രാമന്റെ ഗവേഷണ പ്രബന്ധങ്ങളുടെ മൊത്തം എണ്ണം നാനൂറിലേറെ വരും. മികച്ച അധ്യാപകനായിരിന്ന രാമൻ എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ഗാന്ധി സ്മാരക പ്രഭാഷണം ഏറെ പ്രശസ്തമായിരുന്നു.

ഡോ.കെ എസ് കൃഷ്ണൻ, ഡോ.കെ ആർ രാമനാഥൻ, ഡോ. വിക്രം സാരാഭായി, ഡോ.എസ് ഭഗവന്തം തുടങ്ങിയവർ രാമന്റെ ശിഷ്യരായിരുന്നു. ഇവരാണ് പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചത്.