Fri. Apr 19th, 2024

അയിത്തോച്ചാടന പ്രമേയം പാസാക്കിയ കാക്കിനട കോൺഗ്രസ്സ് സമ്മേളനത്തിൽ പോലും രണ്ടു തരം ഭോജനശാലകൾ ആയിരുന്നു. വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ അല്ല;ബ്രാഹ്‌മണ അബ്രാഹ്‌മണ ഭോജന ശാലകൾ ആയിരുന്നു. അതിൽ ബ്രാഹ്‌മണ ഭോജന ശാലയിൽ നിന്നും ഗാന്ധിജിക്കു പോലും ഭക്ഷണം ലഭിക്കുമായിരുന്നില്ല. നെഹ്‌റു ബ്രാഹ്മണ ഭോജന ശാലയിൽ നിന്നും ഗാന്ധിജി അബ്രാഹ്മണ ഭോജനശാലയിൽ നിന്നും ആണ് ഭക്ഷണം കഴിച്ചിരുന്നത്. ഇതിലൊന്നും ഒരു കുഴപ്പവും കണ്ടിരുന്ന ആൾ ആയിരുന്നില്ല ഗാന്ധിജി. (ടി കെ മാധവൻ അവതരിപ്പിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളായിരുന്ന അന്നത്തെ കോൺഗ്രസ്സ് പ്രസിഡന്റ് മൗലാനാ മുഹമ്മദലി പിന്താങ്ങുകയും ചെയ്ത പ്രമേയം ഗത്യന്തരം ഇല്ലാതെ അന്നത്തെ കോൺഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു എന്നതാണ് യദാർത്ഥ ചരിത്രം)

വൈക്കം സത്യാഗ്രഹ പന്തൽ സന്ദർശിക്കാൻ എത്തിയ ഗാന്ധിജി ശിവഗിരിയിൽ എത്തിയതും പ്രസിദ്ധമായ ഗുരു ഗാന്ധി സംവാദവും കേരളത്തിന്റെ ചരിത്രമാണല്ലോ? എന്നാൽ ശിവഗിരിയിൽ നിന്ന് ഗാന്ധിജി നേരെ പോയത് കന്യാകുമാരി ക്ഷേത്രത്തിലേക്കാണ്. അവിടെ പക്ഷെ അബ്രാഹ്മണൻ ആയ ഗാന്ധിയെ അന്ന് പ്രവേശിപ്പിച്ചില്ല എന്നത് തമിഴ്നാടിന്റേയും (അന്നത്തെ തിരുവിതാംകൂറിന്റെയും ചരിത്രം കൂടിയാണ്) അതിൽ പ്രതിഷേധിക്കാതെ ബ്രാഹ്‌മണ വിധേയത്വം പ്രകടിപ്പിച്ചു നിശബ്ദത പാലിച്ച ഗാന്ധിജിയെ വിമർശിച്ചുകൊണ്ട് സഹോദരൻ അയ്യപ്പൻ ”സഹോദരൻ ” പത്രത്തിൽ എഴുതിയ ഗാന്ധി സന്ദേശം എന്ന കവിതയാണ് ഇത്.


ബ്രാഹ്മണനല്ലാത്തതു കൊണ്ട് സാക്ഷാൽ ഗാന്ധിയെപ്പോലും കന്യാകുമാരി ക്ഷേത്രത്തിലെ ശ്രീകോവിലിൽ കടക്കാൻ അനുവദിക്കാതെ ബ്രാഹ്മണാധിപത്യത്തിനു വിധേയമാകുന്ന അവസ്ഥയെ നിശിതമായി വിമർശിക്കുകയാണ് സഹോദരൻ അയ്യപ്പൻ ഈ കവിതയിൽ. സ്വന്തം വിലങ്ങിനെ സ്നേഹിക്കുന്ന അടിമയെപ്പോലും ലജ്ജിപ്പിക്കുന്ന പ്രവൃത്തികളാണിവ. മതത്തിനു വേണ്ടി മനഷ്യൻ ആയുസ്സ് കളയേണ്ട കാര്യമില്ല. മതം മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ മതത്തിനു വേണ്ടിയല്ല. മനുഷ്യസമൂഹത്തിന് ഗുണം ചെയ്യുന്ന മതത്തെയാണ് വിവേകശാലികൾ സ്വീകരിക്കേണ്ടതെന്നും കവി ഉൽബോധിപ്പിക്കുന്നു. അനാചാര സംരക്ഷണ നാമജപ കാലത്തിന് ശേഷമുള്ള വൈക്കം സത്യാഗ്രഹ ശതാബ്ദി മാമാങ്ക കാലത്ത് പുനർവായന അർഹിക്കുന്ന ഒരുകവിതയാണ് ഇത്. 


———————–ഹിന്ദു ഉണരാതെ നോക്കുക !
====== ഗാന്ധി സന്ദേശം ======
—— സഹോദരൻ അയ്യപ്പൻ ——

ഹൈന്ദവമതത്തിന്റെയയ്ത്തമാം തീരാശ്ശാപം
തീർന്നിടാൻ സത്യാഗ്രഹ സാഹസതപം ചെയ്തു
തന്നുടെ ശിഷ്യഗണം വൈക്കത്തു പൊരിയുമ്പോൾ
വന്നുകണ്ടതിന്നൊരു നിവൃത്തി വരുത്തുവാൻ
താപസാഗ്രണി വിശ്വവിശ്രുതൻ കുലപതി
കേരളം സന്ദർശിച്ചു പുണ്യവാൻ മഹാത്മജി.
താനേതുമറിയാതെ താനൊന്നും പറയാതെ
ഭാരതാവനിക്കിപ്പോൾവേണ്ടതാം സന്ദേശത്തെ
നൽകുവാനിടയായി ഗാന്ധിക്കന്നിന്ത്യയുടെ
നവ്യമാമൊരു ഭാഗ്യമെന്നതേ പറയേണ്ടൂ.

തൊഴുവാനായിക്കന്യാകുമാരീ ക്ഷേത്രത്തിങ്കൽ
പരമഭക്തൻചെന്നുസാദരംകൃതാഞ്ജലി
വിശ്വവന്ദിതനായ ഗാന്ധിക്കും കൊടിമരം
വിട്ടുള്ളിൽ കടക്കുവാൻ മേലാഞ്ഞു വൈശ്യത്വത്താൽ !
തടഞ്ഞു ഗാന്ധിയേയും! ഗാന്ധിയും നിന്നവിടെ !!

അതിന്റെ കാരണങ്ങളെന്തെന്നു തിരഞ്ഞാലും .
സ്വാതന്ത്ര്യ പ്രണയത്തിൻ മൂർത്തിയായ്, സ്വാഭിമാന –
നൂതനാവതാരമായുള്ളൊരു മഹാധീരൻ .
എങ്ങിനെ തനിക്കില്ലാക്കിഴിവു സമ്മതിച്ചു
നിന്നുകൊണ്ടതിഭക്ത്യാ തൊഴുവാൻ തുനിഞ്ഞിതു?
ചൊല്ലാതെ ഗാന്ധിചൊല്ലിയെന്നു നാം മുൻപറഞ്ഞ
സന്ദേശമിതിന്നുള്ളൊരുത്തരം തന്നെയല്ലൊ.

ഗാന്ധിയായുയർന്നാലും ബ്രാഹ്മണനല്ലാതുള്ള
ഹിന്ദുവിൻ കിഴിവൊരുകാലവും പോവില്ലഹോ!
മറ്റുള്ളോർ കിഴിവോതുമെന്നതോ പോട്ടെ, സ്വയ –
മേറ്റിടുമവനതുതന്നെയാണപകടം.

ഭൂമിതൻ വലയത്തെ ഗർജ്ജനമാത്രം കൊണ്ടു
ഭീതമായ് നിറുത്തീടു മാംഗല സിംഹത്തിനെ
കൂസാതെ കുഞ്ചിരോമം പിടിച്ചുകുലുക്കിയൊ –
ന്നാകുലപ്പെടുത്തിയ വീരനാം ഗാന്ധികൂടി
നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന
ബ്രാഹ്മണപാദം നക്കുന്നാഹന്ത ദയനീയം!

മറ്റെങ്ങുനിന്നോ ഗാന്ധി പഠിച്ചോരഹിംസയും
മുറ്റുമേ ബ്രാഹ്മണന്റെ വകയെന്നാക്കീടുവാൻ.
സാഹസപ്പെടുന്നഹോ, മാനസദാസ്യത്തിലും
ഈവിധമല്ലൊ സ്വാമിഭക്തിതൻ വിLജ്യംഭണം.
നോക്കുക, ബ്രാഹ്മണന്റെ മതത്തിൽ വ്യാമോഹന-
ശക്തിയെ ജയിച്ചാർക്കു നിൽക്കുവാൻ കഴിയുന്നു!

ഇക്കാലം മാത്രമല്ല ഹൈന്ദവ മതത്തിന്നീ –
നിഷ്ഠുരസ്ഥിതിയതു പണ്ടു മിങ്ങനെതന്നെ.
സ്വർഗ്ഗത്തെ സൃഷ്ടിക്കുവാൻ പോന്നവനെന്നു ലോകം
വാഴ്ത്തുവാൻ മാത്രം വീര വീരനാം വിശ്വാമിത്രൻ
ഹിന്ദുവായ് നിന്നും കൊണ്ടു പട്ടരോടൊപ്പമാവാൻ
എന്തെല്ലാം സാഹസങ്ങൾ ചെയ്തഹോവിഫലമായ്!

സമ്മതിച്ചില്ലയതു കുശുമ്പൻ വസിഷ്ഠൻ തൽ-
സമ്മതി വിശ്വാമിത്ര ഹിന്ദുവിന്നൊഴിക്കാമോ!
ഗാന്ധിവിശ്വാമിത്രന്മാർ അത്ഭുതവീര്യർ അവർ
താഴ്ന്നവരായിത്തന്നെ നിൽക്കേണ്ട മതത്തിങ്കൽ
നിന്നുകൊണ്ടുയരുവാൻ നോക്കു മബ്രാഹ്മണരേ!
നിങ്ങടെ വ്യാമോഹത്തിനെന്തു പേർ പറയേണ്ടു ?

കേൾക്കേണ്ട, മതി, മതി, നിങ്ങടെ മതത്തിന്റെ
യോഗ്യതയതു വെറും ദാസ്യമേ ദാസ്യം ദാസ്യം.
തന്നുടെ വിലങ്ങിനെ മുത്തീടുമടിമയെ –
ത്തന്നെയും ലജ്ജിപ്പിപ്പൂ നിങ്ങടെ മതഭ്രമം.
ഹൈന്ദവച്ചെമ്പു രാസമാറ്റങ്ങൾ ചെയ്തു ധർമ്മ-
ത്തങ്കമാക്കുവാൻ നോക്കു’ മാൽക്കെമി ‘ ഫലിച്ചീടാ .
വ്യാഖ്യാനസാഹസത്താൽ കാഞ്ഞിരക്കുരുവിനെ
ദ്രാക്ഷയായ് മാറ്റാമെന്നു വെറുതേ മോഹിക്കേണ്ട .
ശഠിച്ചാൽ ഫലമെന്തു, ചവച്ചാൽ കയ്പുതന്നെ
വമിക്കും കാരസ്ക്കരം മാധുര്യമതിലൂറാ.

ജാതിതൻ ബാധയില്ലാ ഹൈന്ദവ മതമൊന്നു
നൂതനമായി സൃഷ്ടിച്ചീടുവാൻ ഭാവമെങ്കിൽ.
ഉപ്പില്ലാക്കടലൊന്നു പുത്തനായ് കുത്തുവാനും
കോപ്പിടും സാഹസികർ നിങ്ങളില്ലതിൽ വാദം .
ഹൈന്ദവമതത്തിനെ ജാതിനിർമ്മുക്തമാക്കാൻ
എന്തെല്ലാമസാദ്ധ്യങ്ങൾ ചെയ്യണമെന്നോർക്കുക.
ജാതിയാൽ വ്യാപ്തമായ ഹൈന്ദവ സാഹിത്യത്തെ
ആകവേയഴിച്ചിട്ടു നമ്മുടെ ഹിതം പോലെ
പുതുതായെഴുതണം, ഹൈന്ദവരെല്ലാമതു
ശരിയെന്നെണ്ണീട്ടതിൻ വിധിപോൽ നടക്കണം.

നാലഞ്ചു സഹസ്രാബ്ദകാലത്തെ ജാതിരൂപ –
മായുള്ള ഹിന്ദുമതഗതിയെ തടഞ്ഞു നാം.
മറ്റൊരു രൂപത്തിങ്കൽ തിരിച്ചുവിട്ടീടണം.
ഇത്തരം സാഹസങ്ങൾ സാദ്ധ്യ മോ നിരൂപിപ്പിൻ.
ഇത്രമേൽ പണിപ്പെട്ടും ഹൈന്ദവ മതത്തിന്റെ
രക്ഷയ്ക്കു ശ്രമിക്കുവാൻ ബാദ്ധ്യത നമ്മൾക്കുണ്ടോ ?

എന്തുടമ്പടി നമ്മൾ ചെയ്തതീമതത്തോടു
നമ്മുടെയായുസ്സതിന്നായിട്ടു കളയുവാൻ
നരന്നായല്ലോ മതം മതത്തിന്നല്ല നരൻ
നരരേയുപേക്ഷിച്ചും മതത്തെ കാത്തീടാമോ ?
ഏതൊരു മതംകൊണ്ടു നരർക്കു ഹാനിയുണ്ടോ
ആ മതം വിവേകികൾ ദുരവേ വെടിയുന്നു.
ഏതൊരു മതം കൊണ്ടുനരർക്കു ഗുണമുണ്ടോ
ആ മതം വിവേകികൾ ആദരാ ലെടുക്കുന്നു.
ബുദ്ധാദി മഹത്തുക്കൾ തെളിച്ചോരഹൈന്ദവ –
ശുദ്ധാഗമങ്ങൾവഴി തേടുവിൻ രക്ഷാമാർഗ്ഗം .!