Thu. Apr 18th, 2024

തൃശൂര്‍ റേഞ്ച്‌ ഐ.ജി.ചമഞ്ഞ്‌ തട്ടിപ്പുനടത്തി യുവാവ്‌ പിടിയില്‍. ചേര്‍പ്പ്‌ ഇഞ്ചമുടി കുന്നത്തുള്ളി മിഥുനാണ്‌ (21) പോലീസ്‌ വേഷത്തിലുള്ള തട്ടിപ്പിനു പിടിയിലായത്‌. ബസ്‌ കണ്ടക്‌ടറായിരുന്ന ഇയാള്‍ 17 -ാം വയസിലാണ്‌ തട്ടിപ്പു തുടങ്ങിയത്‌. ചേര്‍പ്പിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു എസ്‌.ഐ. ആണെന്ന വ്യാജേന പണം തട്ടാനൊരുങ്ങവേ സംശയം തോന്നിയ വീട്ടുകാര്‍ ചേര്‍പ്പ്‌ എസ്‌.ഐയെ വിളിച്ചതോടെ മിഥുന്‍ അകത്തായി. അന്നു പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ കേസെടുത്തില്ല. പിന്നീടാണ്‌ ഐ.ജി. പദവി ലഭിച്ചത്. നിഷ്‌കളങ്കന്‍ ആയ മിഥുന്‍ 21 വയസിനകം രണ്ടു കെട്ടി.

നെയിംബോര്‍ഡോടു കൂടിയ എയര്‍പിസ്‌റ്റളുമായി ബീക്കണ്‍ ലൈറ്റ്‌ ഘടിപ്പിച്ച പോലീസ്‌ ജീപ്പില്‍ സഞ്ചരിച്ച ഇയാളെ കണ്ട്‌ പന്തികേടു തോന്നി ചിലര്‍ക്കുണ്ടായ സംശയമാണ്‌ കുരുക്കിയത്‌. സ്‌ഥലംമാറി തൃശൂരിലെത്തിയതായി വിശ്വസിപ്പിക്കാന്‍ ഉത്തരവിന്റെ കോപ്പിയും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.

20 -ാം വയസില്‍ ഇയാള്‍ പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീടാണ്‌ മണ്ണുത്തി വലക്കാവിനടുത്ത്‌ താളിക്കുണ്ട്‌ പ്രദേശത്തു താമസിക്കുന്ന യുവതിയെ പരിചയപ്പെടുന്നത്‌. ചിയ്യാരത്തെ ഒരു സുഹൃത്തുമായി ബന്ധം സ്‌ഥാപിച്ചാണ്‌ അവിടെ സന്ദര്‍ശകനായത്‌.

താന്‍ ഡി.ഐ.ജിയാണെന്നും ചെറിയ കുരുക്കില്‍ പെട്ട്‌ സസ്‌പെന്‍ഷനിലാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാല്‍ സഹോദരനെ പോലീസിലെടുക്കാമെന്നും വാഗ്‌ദാനം ചെയ്‌തു. ഇതിനിടെ സഹോദരിയുമൊന്നിച്ച്‌ യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും അടിച്ചെടുത്തു.

മുന്‍പ്‌ മെഡിക്കല്‍ കോളജിനടുത്തു ലോഡ്‌ജില്‍ താമസിച്ചപ്പോള്‍ കെട്ടിട ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങള്‍തട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനായി സെലക്ഷന്‍ ലഭിച്ചെന്നു പറഞ്ഞ മിഥുന്‍ ഐ.പി.എസ്‌. പരിശീലനത്തിനു പോകണമെന്നു പറഞ്ഞാണ്‌ പണം ചോദിച്ചത്‌. തിരുവനന്തപുരത്ത്‌ പരിശീലനത്തിനു ജീപ്പും ലാപ്‌ടോപ്പും തോക്കും വാങ്ങാനെന്ന പേരില്‍ അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി.

ലോഡ്‌ജ്‌ ഉടമയോടു തനിക്ക്‌ ഐ.പി.എസ്‌. സെലക്ഷന്‍ ശരിയായി എന്നറിയിച്ച മിഥുന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു ഭക്ഷണവും കഴിച്ച്‌ രണ്ടാംഭാര്യയുടെ വീട്ടിലേക്ക്‌ എത്തിയപ്പോഴാണ്‌ പിടിയിലാകുന്നത്‌. ക്രൈംബ്രാഞ്ച്‌ സംഘം പുതിയ ഡി.ഐ.ജിയെ തേടിയെത്തിയപ്പോള്‍ നായകന്‍ പ്രതിനായകനായി. തിരിച്ചറിയല്‍ കാര്‍ഡ്‌ ചോദിച്ചതോടെ വാക്കുകള്‍ക്കു വേണ്ടി പരതി.

ശാരീരികമായി തളര്‍ന്നുവീഴുമെന്ന ഘട്ടത്തില്‍ മെഡി.കോളജ്‌ ആശുപത്രിയിലാക്കി. ചെന്നൈയില്‍ നിന്നാണ്‌ പോലീസ്‌ വേഷം വാങ്ങിയതെന്നാണ്‌ മിഥുന്‍ മൊഴിനല്‍കിയത്‌. സിറ്റിപോലീസ്‌ കമ്മിഷണര്‍ ജി.എച്ച്‌. യതീഷ്‌ ചന്ദ്രയുടെ നിര്‍ദേശമനുസരിച്ച്‌ മണ്ണുത്തി എസ്‌.ഐ: പി.എം.രതീഷിന്റെയും ഷാഡോ പോലീസ്‌ എസ്‌.ഐ: ഗ്‌ളാഡ്‌സ്‌റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.

ചെറുപ്രായത്തില്‍ തന്നെ തട്ടിപ്പുകള്‍ക്ക്‌ പുതുരൂപം നല്‍കിയ മിഥുന്‍ ഐ.ജിയായി അഭിനയിച്ചത്‌ തന്മയത്വത്തോടെ ആയിരുന്നു. തൃശൂര്‍ റേഞ്ച്‌ ഐ.ജി: അജിത്‌കുമാര്‍ ശബരിമലയിലേക്കു പോകുന്നുവെന്നറിഞ്ഞതോടെ ആ ഒഴിവിലേക്കു തനിക്കു നിയമനം ലഭിച്ചുവെന്നു കാട്ടിയാണ്‌ ഇയാള്‍ പ്രചാരണം നടത്തിയത്‌. 

താന്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്‌ എന്നു പറഞ്ഞാണ്‌ മെഡിക്കല്‍ കോളജിനടുത്ത ലോഡ്‌ജ്‌ ഉടമയെ മിഥുന്‍ ആദ്യം സമീപിച്ചത്‌. അലിവു തോന്നി മിഥുനു താമസിക്കാന്‍ എല്ലാ സൗകര്യവും നല്‍കി. താന്‍ താമസിപ്പിച്ച പാവപ്പെട്ട യുവാവ്‌ സ്വന്തം നാട്ടില്‍ ഐ.ജിയായി എന്നു വിശ്വസിച്ച ലോഡ്‌ജ്‌ ഉടമ മിഥുന്‌ നല്ല ട്രീറ്റും നല്‍കി.

ലോഡ്‌ജ്‌ ഉടമയുടെ വീട്ടിലെ സല്‍ക്കാരത്തിനു രണ്ടു ഭാര്യമാരെയും ഇയാള്‍ കൊണ്ടുവന്നു. 21 വയസാകുമ്പോഴേക്കും രണ്ടു പെണ്ണുകെട്ടിയ മിഥുന്‍ നിഷ്‌കളങ്കമായാണ്‌ ഇടപെട്ടിരുന്നതെന്ന്‌ വീട്ടുകാരും നാട്ടുകാരും പറയുന്നു. ലോഡ്‌ജ്‌ ഉടമ വാങ്ങി നല്‍കിയ ജീപ്പിലായിരുന്നു കറക്കം. യൂണിഫോമിലും അല്ലാതെയും സഞ്ചരിച്ചു. ഒരു ഐ.ജി. അനധികൃതമായി കറങ്ങുന്നുണ്ടെന്ന വിവരമറിഞ്ഞ്‌ പോലീസ്‌ കമ്മിഷണര്‍ ഉടനെ ക്രൈംബ്രാഞ്ച്‌ എ.സി.പി. ബാബു കെ.തോമസിനോടു അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.