Fri. Apr 19th, 2024

✍️ സി.ആർ. സുരേഷ്

എല്ലാവരും നടക്കുന്ന വഴിയിൽ കൂടി നടക്കുക വളരെ എളുപ്പമാണ്. അതിനിടയിൽ വേറിട്ട വഴിയിലൂടെ നടക്കുന്ന ചിലർ ഉണ്ട്. അത്തരത്തിൽ ഒരാളായിരുന്നു രവീന്ദ്രനാഥ് ടാഗോർ. ഇംഗ്ളണ്ടിൽ പഠിച്ച ഇൻഡ്യയെ ബ്രിട്ടീഷുകാരോട് വിലക്ക് ചോദിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്ന മോത്തിലാൽ നെഹ്‌റുവിന്റെ മകനായി ജനിച്ച നെഹ്‌റു പക്ഷെ തൻറെ ഏകമകളായ ഇന്ദിരാഗാന്ധിയെ ചേർത്തത് ബ്രിട്ടീഷ്‌കാരൻറെ കരിക്കുലവും സിലബസും ഒന്നും അംഗീകരിക്കാത്ത മേൽക്കൂരയില്ലാത്ത വിദ്യാലയത്തിൽ കുട്ടി ആകാശത്തോളം വളരണം എന്ന് പറഞ്ഞ് എല്ലാ തോന്നിയവസങ്ങളും പഠിപ്പിക്കുന്ന ടാഗോറിൻറെ ശാന്തിനികേതനിലാണ്. എന്തെല്ലാം ദൗർബല്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും ശാന്തിനികേതൻറെ പ്രൊഡക്ടായ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രിയിൽ അതിൻറെ ചില ക്വളിറ്റികളും നമുക്ക് വിസ്മരിക്കാനാവില്ലല്ലോ?

സിംഹഹൃദയവും ഉരുക്കിനു സമാനമായ ഇച്ഛാശക്തിയും രാഷ്ട്രീയ നിശ്ചയദാർഡ്യവും കൊണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നിറഞ്ഞുനിന്ന അപൂർവ വനിതയായിരുന്നു ഇന്ദിരാ ഗാന്ധി.


സ്വതന്ത്രഭാരതം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായി തിളങ്ങിയപ്പോഴും, കയ്പുനിറഞ്ഞ ബാല്യം മനസ്സിലവശേഷിപ്പിച്ച പകയുടെയും അവിശ്വാസത്തിന്റെയും കൈപ്പാടുകൾ ഇന്ദിരയുടെ ഗോപുരസമാനമായ വ്യക്തിത്വത്തിന്റെ തിളക്കം കെടുത്തി.

ജവഹർലാൽ നെഹ്റുവിനു ശേഷം കൂടുതൽ കാലം പ്രധാനമന്ത്രി (1966- ’77, 1980- ’84), ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, കോൺഗ്രസ് പാർടി പ്രസിഡന്റ് (1959-‘ 60), രാജ്യസഭാംഗം എന്നീ പദവികളിലിരുന്നു.

ബാങ്ക് ദേശസാത്കരണം, 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ നേടിയ ഗംഭീരവിജയം, നാട്ടുരാജാക്കന്മാരുടെ പ്രിവിപഴ്സ് നിർത്തലാക്കൽ, നിരക്ഷരായ ജനങ്ങൾക്കു മുന്നിൽ ചെലവ് കുറഞ്ഞ റേഡിയോ എത്തിച്ച പദ്ധതി തുടങ്ങിയ നടപടികൾ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നേട്ടങ്ങളാണ്.


ഇന്ത്യാ-പാക്ക് യുദ്ധത്തിൽ 90,000ത്തോളം പാക്ക് സൈനീകരെ യുദ്ധതടവുക്കാരാക്കിയത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ യുദ്ധതടവുക്കാരാക്കിയ സന്ദർഭമായിരുന്നു.

ഭരണഘടനയെ നിഷ്ക്രിയവും നീതിന്യായ വ്യവസ്ഥയെ നിഷ്ഫലവുമാക്കിക്കൊണ്ട് എല്ലാ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, മക്കളായ സജയിനെയും രാജീവിനെയും രാഷ്ട്രീയത്തിൽ വളർത്തിക്കൊണ്ട് കുടുംബ രാഷ്ട്രീയത്തെ വ്യവസ്ഥാപിതമാക്കിയതിന്റെ ദുഷ്കീർത്തി, സ്തുതിപാഠകരെ വിശ്വസിക്കുകയും വളർത്തുകയും ചെയ്തത്, കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പ് ഇതൊക്കെ ഇന്ദിരയുടെ കോട്ടങ്ങളായി.

പഞ്ചാബിൽ അകാലിദളിന്റെ സ്വാധീനം നശിപ്പിക്കാനായി ജർണൈൽ സിങ് ഭിന്ദ്രൻവാല എന്ന സിഖ് തീവ്രവാദിയെ വളർത്തിയ ഇന്ദിരയ്ക്കും കോൺഗ്രസിനും ഒടുവിൽ ‘ഖാലിസ്ഥാൻ’ എന്ന സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി ഹിന്ദു വിരുദ്ധ കലാപങ്ങൾ അഴിച്ചുവിടുന്ന സ്ഥിതിവിശേഷത്തെ എതിർക്കേണ്ടി വന്നു. അമൃത്സറിലെ സിഖ് ഗുരുദ്വാരയായ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാലയെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനീക നടപടിയിലൂടെ ക്ഷേത്രത്തിൽ കയറി വധിച്ചത് സിഖ് സമുദായത്തെയാകെ രോഷം കൊള്ളിച്ചു.
ഇതിന്റെ പരിണത ഫലമായി അംഗരക്ഷകരായ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും ഇന്ദിരയെ വെടിവച്ചു കൊല്ലുകയായിരുന്നു.