Fri. Mar 29th, 2024

സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി നിലനിൽക്കെ അത് നടപ്പിലാക്കാൻ പരാജയപ്പെടുകയും, കോടതി അലക്ഷ്യം നടത്തുകയും ചെയ്ത സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും എന്ത് ഉണ്ട എഴുതിയിട്ടാണ് റിപ്പോർട്ട് സുപ്രീംകോടതിയിൽ കൊടുക്കേണ്ടത് എന്ന് അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഞങ്ങൾക്ക് ഈ വിധി നടപ്പിലാക്കാൻ സാധിക്കില്ല മാഫി മുഷ്‌ക്കിൽ ഞങ്ങളോട് മാപ്പാക്കണം എന്നോ ? എന്ന് അദ്ദേഹം പരിഹസിച്ചു. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കില്ല എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

#ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കില്ല ; വാർത്ത

സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുത്ത് എല്ലാ കാര്യങ്ങളും “ഇപ്പൊ ശരിയാക്കിത്തരാം” എന്ന് പറഞ്ഞ സമയത്തുതന്നെ ഞാനുന്നയിച്ച ചോദ്യം പ്രസക്തമായിരിക്കുന്നു ..

എന്ത് റിപ്പോർട്ടാണ് കൊടുക്കാൻ സാധിക്കുക ?
ബിജെപിക്കാരും, കോൺഗ്രസ്സുകാരും ചേർന്ന് തടഞ്ഞതുകൊണ്ടു സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സാധിച്ചില്ല എന്നോ ?

അതോ..,
സർക്കാർ ശമ്പളം കൊടുത്ത് നിയമപാലനത്തിനു നിർത്തിയ പോലീസ് മേധാവി ശബരിമലയിൽ പോയി കോടതി അലക്ഷ്യം കാണിച്ച തന്ത്രിയുടെ മുൻപിൽ കൈകൂപ്പി നിന്ന് പൊട്ടിക്കരഞ്ഞ കദന കഥയോ ?

അതുമല്ലെങ്കിൽ,
ആക്റ്റിവിസ്റ്റുകളും, ചുംബന സമരത്തിൽ പങ്കെടുത്തവരും, ദളിതരായ യുവതികളുമാണ് വന്നത് അവർക്കൊന്നും മൗലികാവകാശങ്ങൾ ബാധകമായിരുന്നില്ല എന്നോ ?

ഇനി ഒരു പടികൂടി കടന്ന്..
ഞങ്ങൾക്ക് ഈ വിധി നടപ്പിലാക്കാൻ സാധിക്കില്ല മാഫി മുഷ്‌ക്കിൽ ഞങ്ങളോട് മാപ്പാക്കണം എന്നോ ?

റിപ്പോർട്ട് എന്ന വാർത്ത പുറത്തുവന്ന അന്നുതന്നെ ഞാൻ സൂചിപ്പിച്ചതാണ് അങ്ങനെ ഒരു കീഴ്വഴക്കം സുപ്രീംകോടതിയിൽ ഇല്ല. ആവശ്യഘട്ടത്തിൽ ആവശ്യമായ റിപ്പോർട്ടുകൾ സുപ്രീം കോടതി വിളിച്ചു വരുത്താറാണ് പതിവ്. റിട്ട് പെറ്റിഷനിൽ പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിന്റെ വിധി നിലനിൽക്കെ അത് നടപ്പിലാക്കാൻ പരാജയപ്പെടുകയും, കോടതി അലക്ഷ്യം നടത്തുകയും ചെയ്ത സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും എന്ത് ഉണ്ട എഴുതിയിട്ടാണ് റിപ്പോർട്ട് സുപ്രീംകോടതിയിൽ കൊടുക്കേണ്ടത് !