Sun. Feb 25th, 2024

തിരുവനന്തപുരം: കേരളത്തിൽ പ്രളയമുണ്ടായത് സുപ്രീം കോടതി സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള വിധി പറഞ്ഞതുകൊണ്ടാണെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ രാജ്ഞി ഗൗരി ലക്ഷ്മീഭായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന 2018 ലെ എംബിബിഎസ്‌ ബാച്ചിൻറെ കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്മീഭായി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്‌ കൂടിയായിരുന്ന ഗവർണ്ണർ ജസ്റ്റിസ് പി സദാശിവം മുഖ്യാതിഥിയായിരുന്ന വേദിയിലാണ് കോർപ്പറേഷൻ രാജ്ഞിയുടെ വിവരദോഷ പ്രഘോഷണം.

രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഗണപതി പ്ലാസ്റ്റിക്ക് സർജറിയാണെന്ന് പറയുന്ന രാജ്യത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ രാജ്ഞിയുടെ കണ്ടെത്തൽ മെഡിക്കൽ വിദ്യാർത്ഥികൾക്കോ ചടങ്ങിൽ പങ്കെടുത്ത ശാസ്ത്രം പഠിച്ച മറ്റു വിശിഷ്ടാതിഥികൾക്കോ വലിയകാര്യമായി തോന്നിയില്ലെന്നു തോന്നുന്നു, ആരും പ്രതികരിച്ചില്ല. ഇത്തരം ആളുകളെയൊക്കെ ഇന്നും ഒരു മെഡിക്കൽ കോളേജിൻറെ ബിരുദദാന ചടങ്ങിൽ എഴുന്നൊള്ളിച്ചു കൊണ്ടുവരുന്ന തിരുവന്തോരം പ്രജകളുടെ മനോഭാവവും ഇതിൽനിന്നും വ്യത്യസ്തമല്ല. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വേദിയിലേക്കാണ് മെഡിക്കൽ വിദ്യാഭ്യാസവുമായോ ആരോഗ്യരംഗവുമായോ യാതൊരു ബന്ധവുമില്ലാത്ത ഈ വിഷയം തിരുവന്തോരത്തുകാരുടെ ‘തമ്പുരാട്ടി’ എഴുന്നൊള്ളിച്ചു കൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്.

ഇതുപോലെ കുറെ രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ ഇപ്പോൾ കേരളത്തിൽ അവതരിച്ചിട്ടുണ്ട്. പന്തളം പഞ്ചായത്തിലെ ശശിരാജാവ് സമ്മാനമായ ചില പ്രസ്താവനകൾ ഇറക്കിയിരുന്നു. മാത്രമല്ല അദ്ദേഹം കൊച്ചിയിലെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഒരുപരിപാടിയിൽ ശബരിമലയിൽ സ്ത്രീകളെക്കയറ്റിയാൽ താൻ ആത്മഹത്യ ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും സർക്കാരിനെതിരെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തുണ്ട്. എന്നാൽ വിധി നടപ്പിലാക്കുമെന്നു തന്നെയാണ് സർക്കാർ നിലപാട്.