Fri. Apr 19th, 2024

കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ കാട്ടുകള്ളന്‍ വീരപ്പനെ വെറുതെ വിട്ടത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍. വീരപ്പനും രാജ്കുമാറും മരിച്ച് 18 വര്‍ഷം കഴിഞ്ഞാണ് കേസില്‍ കോടതി വിധി വന്നിരിക്കുന്നത്. ഇര രാജ്കുമാര്‍ മരിച്ചിട്ട് 12 വര്‍ഷവു പ്രതി വീരപ്പന്‍ മരിച്ചിട്ട് 14 വര്‍ഷവും പിന്നിട്ടശേഷമാണ് പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ട് കേസില്‍ വിധി വന്നത്.

അതേസമയം, വീരപ്പനെയും കൂട്ടാളികളെയും വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കം തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കേസില്‍ കേസില്‍ വീരപ്പനെക്കൂടാതെ അടുത്ത കൂട്ടാളിയായിരുന്ന സേത്തുക്കുഴി ഗോവിന്ദന്‍, രംഗസ്വാമി എന്നിവരും മരണമടഞ്ഞതോടെ മറ്റ് പ്രതികളായ ഗോവിന്ദരാജ്, ആന്തില്‍, പശുവണ്ണ, കുപ്പുസ്വാമി, കല്‍മാഡി രാമന്‍ എന്നിവരാണ് വിചാരണ നേരിട്ടത്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പ്രോസിക്യൂഷനെ വിമര്‍ശിച്ചു. ഈറോഡ് ജില്ലാ ജഡ്ജി കെ മണിയാണ് വിധി പറഞ്ഞത്.

പ്രതികള്‍ക്കു വീരപ്പനുമായി അടുത്ത അനുയായിയായ സേത്തുക്കുഴി ഗോവിന്ദനുമായോ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിച്ച രാജ്കുമാറിന്റെ കുടുംബത്തെയും കോടതി വിമര്‍ശിച്ചു. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ ഗജനൂരിലെ ഫാംഹൗസില്‍ നിന്ന് വീരപ്പനും കൂട്ടാളികളും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയത്. തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധത്തിന് തന്നെ വലിയ ഉലച്ചില്‍ ഉണ്ടാക്കിയ സംഭവം പലയിടത്തും കലാപത്തിനും കാരണമായിരുന്നു.

ആയുധം കൈവശം വയ്ക്കല്‍, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോവല്‍, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622