Thursday, August 11, 2022

Latest Posts

ചലച്ചിത്രോത്സവം, സ്കൂൾ – സർവകലാശാലാ യുവജനോത്സവം എന്നിവ ഒഴിവാക്കരുത്: ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ കത്ത്

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവും സംസ്ഥാന സ്കൂൾ കലോത്സവവും സർവകലാശാലാ യുവജനോത്സവവും അടക്കമുള്ള വിവിധ വകുപ്പുകളുടെ ആഘോഷപരിപാടികൾ ഒരു വർഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ടൂറിസം വകുപ്പിന് കീഴിലെ നെഹ്റുട്രോഫി വള്ളംകളിയടക്കമുള്ള ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വിവിധ മേളകൾക്കായി നീക്കി വച്ച തുക വകുപ്പ് മേധാവികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ നിർദ്ദേശിച്ചു.

ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതിന്റെ ഉദ്ദേശശുദ്ധിയോട് വിയോജിപ്പില്ലെങ്കിലും മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുകയോ മന്ത്രിമാരെ അറിയിക്കുകയോ ചെയ്യാതെ ഉത്തരവിറക്കിയ പൊതുഭരണ വകുപ്പിന്റെ രീതിക്കെതിരെ മന്ത്രിമാരിൽ പലർക്കും അതൃപ്തിയുണ്ട്. പരസ്യമായും രഹസ്യമായും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതോടെ ഉത്തരവ് വിവാദത്തിലുമായി. അന്താരാഷ്ട്ര റേറ്റിംഗിനെയടക്കം ബാധിക്കുന്നതിനാൽ ചലച്ചിത്ര അക്കാഡമിക്കും ചലച്ചിത്രോത്സവം ഒഴിവാക്കുന്നതിൽ വിയോജിപ്പുണ്ട്. ചലച്ചിത്രോത്സവം ഒഴിവാക്കുന്നത് പുന:പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എ.കെ. ബാലൻ ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയതായി അറിയുന്നു.

ചികിത്സയ്ക്കായി അമേരിക്കയ്ക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവാണ് ഇന്നലെ ഔദ്യോഗികമായി ഇറങ്ങിയത്. സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് പോലെ സംസ്ഥാന സ്കൂൾ കലോത്സവം മാറ്റി വയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കലോത്സവമടക്കം ഒഴിവാക്കിയുള്ള ഉത്തരവിറങ്ങിയത് വിദ്യാഭ്യാസവകുപ്പ് മേധാവികളെയും അമ്പരപ്പിച്ചു. രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ബാലൻ ചലച്ചിത്ര അക്കാഡമി അധികൃതരുടെ യോഗം ചേരാനിരിക്കെയാണ് ഉത്തരവിറങ്ങിയത്.

ആലപ്പുഴ നെഹ്രു ട്രോഫി വള്ളം കളി നടത്തണമെന്ന അഭിപ്രായവുമായി ചില മന്ത്രിമാർ മുന്നോട്ടു പോകുന്നതിനിടെയാണ് ആഘോഷം വിലക്കിയത്. ടൂറിസം വകുപ്പിന് കീഴിലുള്ള സമാനമായ എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ മേളകൾക്കും വിലക്ക് ബാധകമാണ്. സ്കൂൾ കലോത്സവങ്ങൾ, സർവകലാശാലാ യുവജനോത്സവങ്ങൾ,യുവജനക്ഷേമ വകുപ്പും മറ്റു വകുപ്പുകളും നടത്തുന്ന കലോത്സവങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ടാകും.

സംസ്ഥാനം പഴയ അന്തരീക്ഷത്തിലേക്ക് മടങ്ങണമെങ്കിൽ ആഘോഷങ്ങൾ ഉൾപ്പെടെ തിരികെ എത്തണമെന്ന നിലപാടിലാണ് മന്ത്രിമാരടക്കമുള്ള ഭരണനേതൃത്വത്തിൽ ഒരു വിഭാഗം. ബിസിനസ്സ് മെച്ചപ്പെടുന്നതിനും വരുമാനം വർദ്ധിക്കുന്നതിനുമെല്ലാം ഇത് ആവശ്യമാണെന്നാണ് ഇവരുടെ നിലപാട്. കേരളം കെടുതിയിൽ നിന്ന് മുക്തമായിട്ടില്ലെന്നും മോശപ്പെട്ട അവസ്ഥയിൽ തുടരുകയാണെന്നുമുള്ള തോന്നൽ പുറത്തേക്ക് പ്രചരിക്കുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നാണ് യുവജനോത്സവത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.