Sun. Feb 25th, 2024

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

1858-ലെ മേല്‍മുണ്ട് സമരവും 1860-ലെ മൂക്കുത്തി കലാപവും അക്കാദമിക് ചരിത്രകാരന്മാരും നവോത്ഥാന സമരങ്ങളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്നവരും ബോധപൂർവ്വം മറന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ വട്ടി നിറയെ മൂക്കൂത്തിയുമായി നടന്ന് അങ്ങാടിയിൽ വരുന്ന ഈഴവ പെണ്ണുങ്ങൾക്ക് മൂക്കൂത്തിയിട്ടു കൊടുക്കുക മാത്രമല്ല,എതിർക്കാൻ വരുന്നവന്റെ കരണം പുകയ്ക്കുക കൂടി ചെയ്തിട്ടുണ്ട്.

ഈഴവരാദി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ മൂക്കുത്തിയിട്ട് പൊതുനിരത്തിലിറങ്ങി നടന്നതും അച്ചിപ്പുടവ കൊണ്ട് നാണം മറച്ചതും പിന്നീട് സവര്‍ണര്‍ വെട്ടിയരിഞ്ഞ് കായംകുളം കായലില്‍ തള്ളിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വം കൊണ്ടായിരുന്നു.  ഒരുപക്ഷെ പിന്നീട് വസ്ത്രം ഒരു സമരായുധമായ ഏകരാജ്യവും ഇന്ത്യയാണ്.ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ കല്ലിശ്ശേരി തറവാട്ടില്‍ 1825 ജനുവരി 11-നാണ് വേലായുധപ്പണിക്കരുടെ ജനനം. നാരായണ ഗുരുവിന് മുമ്പുതന്നെ 1852-ല്‍ ആലപ്പുഴ മംഗലത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചുകൊണ്ടായിരുന്നു വേലായുധപ്പണിക്കര്‍ തന്റെ സാമൂഹ്യ പരിവര്‍ത്തന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പക്ഷേ അദ്ദേഹം നാരായണ ഗുരുവിനെപ്പോലെ സ്വയം പ്രതിഷ്ഠ നടത്തുകയായിരുന്നില്ല എന്ന് മാത്രം. 1852-ലെ ശിവരാത്രി നാളില്‍ മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥ ഗുരുക്കളെ വരുത്തി ശിവപ്രതിഷ്ഠ നടത്തുകയായിരുന്നു. വിശ്വനാഥ ഗുരുക്കള്‍ തമിഴ് ശൈവ പിള്ളയായിരുന്നു.

1858-ലെ മേല്‍മുണ്ട് സമരം 1860-ലെ മൂക്കുത്തി കലാപം തുടങ്ങിയ സമരങ്ങള്‍ കേരളത്തിന്റെ കീഴാള ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. കഥകളി സവര്‍ണരുടെ കുത്തകയായിരുന്ന കാലത്ത് 1861-ല്‍ മംഗലം ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു കഥകളിയോഗം അദ്ദേഹം സ്ഥാപിച്ചു. 1866-ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു. 1867-ലെ വഴിനടക്കല്‍ സമരത്തിന്റെ ആദ്യ തേരാളിയും അദ്ദേഹമായിരുന്നു. വൈക്കം ക്ഷേത്രത്തിലെ തന്ത്രവിദ്യാപീഠത്തില്‍ ബ്രാഹ്മണനെപ്പോലെ കുടുമവെച്ച് പൂണൂലും ധരിച്ച് പൂജ അഭ്യസിക്കുകയും അവസാനം പഠനം പൂര്‍ത്തിയാക്കി തിരിച്ച് പോരാന്‍ നേരം അദ്ദേഹം ഒരു അവര്‍ണന്‍ ക്ഷേത്രത്തില്‍ കയറിയാല്‍ എന്ത് പ്രായശ്ചിത്ത കര്‍മ്മമാണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും അതിനെന്ത് ചെലവ് വരുമെന്ന് തിരക്കുകയും ആ തുക കൊടുത്തിട്ട് ഇറങ്ങിപ്പോരുകയുമായിരുന്നു. നല്ല ഒരു കായികാഭ്യാസിയും ജന്മിയുമായിരുന്ന വേലായുധപ്പണിക്കരെ സവര്‍ണ ചട്ടമ്പികള്‍ക്ക് നേരിട്ടേതിര്‍ക്കാന്‍ ഭയമായിരുന്നു.

1874-ല്‍ ഒരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തേക്ക് കെട്ടുവള്ളത്തില്‍ രാത്രിയില്‍ യാത്രചെയ്യുമ്പോള്‍ കായംകുളം കായലില്‍ വെച്ച് മറ്റൊരു വള്ളത്തിലെത്തിയ സവര്‍ണരുടെ ഗുണ്ടകള്‍ ഉറങ്ങുകയായിരുന്ന വേലായുധപ്പണിക്കരെ കഠാര ഉപയോഗിച്ച് കുത്തുകയായിരുന്നു. തൊപ്പിയിട്ട കിട്ടന്‍ എന്നായിരുന്നു ആ കൊലയാളിയുടെ പേര്. 1874 ജനുവരി 8-ന് അര്‍ദ്ധരാത്രിയില്‍ കാലത്തിന് മുമ്പേ നടന്ന ആ വിപ്ലവകാരി അന്ത്യശ്വാസം വലിച്ചു.

കല്ലിശേരി തറവാട്

ജീവിത രേഖ

1825 ജനുവരി 11ന് ജനിച്ച്, അവർണ്ണസമുദായങ്ങളുടെ ആത്മാഭിമാന സംരക്ഷണത്തിന് വേണ്ടി അക്ഷീണം പടപൊരുതി 49 ആം വയസിൽ 1874 ജനുവരി മാസം 8ന് രക്ഷസാക്ഷിത്വം വരിച്ച കാലാതീതമായ വിപ്ലവ പുരുഷനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ കടലോര പ്രദേശമായ ആറാട്ടുപുഴ വില്ലേജിലെ മംഗലം പ്രദേശത്തെ സമ്പന്നമായ കല്ലിശേരിയിൽ തറവാട്ടിലാണ് 1825 ജനുവരി 11ന് വേലായുധപ്പണിക്കരുടെ ജനനം.

സ്വന്തം പായ്ക്കപ്പലിൽ വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്തിയിരുന്ന ഇദ്ദേഹത്തിന് 150 ഏക്കർ തെങ്ങിൻതോപ്പും 300 ഏക്കർ കൃഷിനിലങ്ങളും അനവധി കെട്ടിടങ്ങളും സ്വന്തമായി ഉണ്ടായിരുന്നു. ഈ സ്വത്തുക്കൾക്കെല്ലാം ഏക അവകാശിയായിരുന്നു വേലായുധപ്പണിക്കർ. 16 ആം വയസിൽ അമ്മാവൻ മരിച്ചപ്പോൾ കല്ലിശേരിൽ തറവാട്ടു ഭരണം ഏറ്റെടുത്തു. ഇക്കാലത്ത് പ്രസിദ്ധരായ പല ആയുധാഭ്യാസികളെയും ഗുസ്തിക്കാരെയും വരുത്തി കല്ലിശേരിൽ താമസിപ്പിച്ച് ആയുധവിദ്യകളും ഗുസ്തിമുറകളും കുതിരസവാരിയും പരിശീലിച്ചു. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു.ഇരുപതാമത്തെ വയസിൽ വിവാഹിതനായി. പ്രസിദ്ധമായ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിപ്പണിക്കത്തിയായിരുന്നു ഭാര്യ. ഈ ദമ്പതികൾക്ക് 7 പുത്രന്മാർ ഉണ്ടായിരുന്നു. മുൻ ധനകാര്യ മന്ത്രി എം.കെ. ഹേമചന്ദ്രൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പൗത്രനാണ്‌.അവർണ്ണന്റെ ആദ്യ ക്ഷേത്ര പ്രതിഷ്ഠ

അക്കാലത്ത് ഉത്തമദേവന്മാരെന്നു വിളിക്കുന്ന ഇപ്പോഴത്തെ ദേവന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഈഴവർക്കില്ലായിരുന്നു (കാളി ,കൂളി മാടൻ ,മറുത തുടങ്ങിയ അവര്ണ ദൈവങ്ങളായിരുന്നു അവർക്ക്). സവർണ ക്ഷേത്രങ്ങളിൽ ഈഴവരാദി അവർണ്ണർക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഈ ക്ഷേത്രങ്ങളുടെ അടുത്ത് പോകുവാനും അനുവാദമുണ്ടായിരുന്നില്ല. ഇതിനുവേണ്ടി വൈക്കം മഹാദേവർ ക്ഷേത്രത്തിൽ ഒരു കൂസലും കൂടാതെ പ്രവേശിച്ച് വൈക്കം ക്ഷേത്രത്തിലെ തന്ത്രവിദ്യാപീഠത്തില്‍ ബ്രാഹ്മണനെപ്പോലെ കുടുമവെച്ച് പൂണൂലും ധരിച്ച് പൂജ അഭ്യസിക്കുകയും നടത്തുകയും ക്ഷേത്ര വാസ്തുവിദ്യയും ആരാധനരീതികളും മനസിലാക്കിയശേഷം ക്ഷേത്ര അധികാരികളെക്കണ്ട് താനൊരു ഈഴവനാണെന്നും തന്റെ ദർശനംകൊണ്ട് അശുദ്ധമായ ക്ഷേത്രത്തിൽ ശുദ്ധികലശത്തിന് പണം കൊടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. രാജകീയ പ്രൗഡിയോടുകൂടി നിൽക്കുന്ന അദ്ദേഹത്തെക്കണ്ട് ക്ഷേത്രഭാരവാഹികൾ അത്ഭുതപ്പെട്ടുനിന്നുപോയി. എല്ലാ കാര്യങ്ങളും മനസിലാക്കി മടങ്ങിവന്നതിനുശേഷം 1852 ൽ സ്വദേശമായ മംഗലത്ത് അദ്ദേഹം ഒരു ശിവക്ഷേത്രം പണികഴിപ്പിക്കുകയും മാവേലിക്കര കണ്ടിയൂർ മറ്റത്തിൽ വിശ്വനാഥ ഗുരുക്കളെകൊണ്ട് ശിവപ്രതിഷ്ഠ നടത്തിക്കുകയും ചെയ്തു.

കേരളം ചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി സമരം

തിരുവിതാംകൂറിലെ നെയ്ത്തുകാർ ഈഴവരാണ്. എന്നാൽ അവർ നെയ്യുന്ന ഈ വസ്ത്രങ്ങൾ മുട്ടിന് താഴെയെത്തുംവിധം ഉടുക്കാൻ അവർക്ക് അവകാശമില്ലായിരുന്നു. കായംകുളത്തിന് വടക്ക് പത്തിയൂർ പ്രദേശത്തുള്ള ഒരു സമ്പന്ന ഈഴവ കുടുംബത്തിലെ യുവതി നല്ല രീതിയിൽ മുണ്ട് നീട്ടിയുടുത്ത് വയൽ വരമ്പിലൂടെ യാത്ര ചെയ്തത് സവർണഹിന്ദുക്കൾക്ക് സഹിച്ചില്ല. അവരെ അധിക്ഷേപിച്ചത് കൂടാതെ, വെറ്റില ചവച്ച് ആസ്ത്രീയുടെ വസ്ത്രത്തിൽ തുപ്പുകയും ചെയ്തു. മനുഷ്യത്വഹീനമായ ഈ സംഭവം ആ വിപ്ളവകാരിയെ ക്ഷുഭിതനാക്കി. ധാർമ്മികരോഗം അദ്ദേഹത്തിൽ ജ്വലിച്ചുയർന്നു. സവർണരുടെ ഈ നിഷ്ഠൂരമായ ചെയ്തികൾക്ക് വിരാമമിടാൻ ആ കർമ്മധീരൻ ഒരു പുതിയ സമരരീതി ആവിഷ്കരിച്ചു. അവർണസമുദായങ്ങളിലെ അംഗങ്ങളാരും ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ സവർണരുടെ കൃഷിയിടങ്ങളിലെ ജോലികളിൽ ഏർപ്പെടാൻ പാടില്ല എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ ഈഴവർ, തണ്ടാന്മാർ, പുലയർ തുടങ്ങിയ എല്ലാ അധ്വാനിക്കുന്ന വിഭാഗക്കാരും അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് ജോലികളിൽ നിന്നും വിട്ടുനിന്നു. കേരള ചരിത്രത്തിൽ അറിയപ്പെടുവന്ന ആദ്യത്തെ തൊഴിലാളി സമരം ഇതായിരുന്നു.