ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകാനും യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്സിക്യൂട്ടീവിലാണ് തീരുമാനിക്കുക. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.
അതേസമയം നാളെ രാവിലെ 10ന് രാജ്ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സി.പി.എമ്മിലെ മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയിൽ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നൽകുക. കഴിഞ്ഞ തവണ അമേരിക്കയിൽ പോയപ്പോൾ മുഖ്യമന്ത്രി ആർക്കും ചുമതല കൈമാറിയിരുന്നില്ല.