Thu. Mar 28th, 2024

പൊന്മുടി വനത്തിൽ മ്ലാവിനെ വേട്ടയാടി പങ്കിട്ടെടുത്ത് എസ്. ഐയും സംഘവും. പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും പോലീസുകാരും ചേർന്നാണ് പൊന്മുടി വനത്തിൽ മൃഗവേട്ട നടത്തിയത്. പോലീസ് വാഹനത്തിലാണ് സംഘം വേട്ടയ്ക്ക് പോയത്. സംഭവത്തിൽ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും മ്ലാവിറച്ചിയും ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തു.

പൊന്മുടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയൂബ്, മറ്റൊരു സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷനിലെ ഡ്രൈവർ, എസ്.ഐയുടെ ബന്ധുക്കളായ രണ്ടു പേർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് . മ്ലാവിനെ വേട്ടയാടുന്നതിന് ഉള്ള പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും അയൂബിന്റെ നേതൃത്വത്തിലാണ്. സംഭവത്തെ കുറിച്ച് ഫോറസ്റ്റ് അധികൃതർ പറയുന്നതിങ്ങനെ.

ഞായറാഴ്ച വൈകിട്ട് അയൂബ് തന്റെ രണ്ടു ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി വേട്ടയ്ക്കിറങ്ങുന്ന കാര്യം പറയുകയും അതിലൊരാളുടെ കൈവശമുള്ള ലൈസൻസില്ലാത്ത നാടൻ തോക്കുമായി രാത്രിയോടെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാത്രി 9 മണിയോടെ ഗ്രേഡ് എസ് .ഐയുടെ നേതൃത്വത്തിൽ മറ്റു രണ്ടു പോലീസുകാരും, എസ്.ഐയുടെ ബന്ധുക്കളും ചേർന്ന് വേട്ടയ്ക്കിറങ്ങുകയും പുലർച്ചയോടെ ഒരു മ്ലാവിനെ വെടിവെച്ച് കൊല്ലുകയും പിറ്റേന്ന് രാവിലെ അയൂബിന്റെ ബന്ധുവായ ബഷീറിന്റെ വിതുരയിലുള്ള വീട്ടിലെത്തിച്ച് പങ്കിട്ടെടുക്കുകയും ചെയ്തു.

ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർ സംഭവം പുറത്തറിഞ്ഞത് . പാകം ചെയ്ത ഇറച്ചിയും വേട്ടയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഫോറസ്റ്റ് വകുപ്പ് അന്വേഷണം ആരംഭിച്ചതോടെ എസ്.ഐയും സംഘവും ഒളിവിൽ പോയതായാണ് വിവരം. എസ്.ഐയുടെ മൂന്ന് ബന്ധുക്കളെ കുളത്തൂപ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തു. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യ പ്രധാന്യമുള്ള പൊന്മുടി സ്റ്റേഷനിലെ എസ്.ഐ തന്നെയാണ് നിയമത്തിന് പുല്ലുവില കൽപ്പിച്ച് സർക്കാർ വാഹനത്തിൽ കള്ളത്തോക്കുമായി വേട്ടയ്ക്കിറങ്ങിയത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കുറച്ച് നാളുകൾക്ക് മുൻപ് താൻ കാട്ടുപന്നിയെ തിന്നാറുണ്ടെന്ന് നിയമസഭയിൽ വെളിപ്പെടുത്തിയ എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും വനംവകുപ്പ് തള്ളിക്കളഞ്ഞിരുന്നു.

 

 

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913