Fri. Apr 19th, 2024

✍️  ഡോ. ഹരികുമാർ വിജയലക്ഷ്മി

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന എല്ലാ ബഹുമാനങ്ങളോടും കൂടി തന്നെ പറയട്ടെ നാരായണ ഗുരു 1928 ൽ സമാധിയായതു നന്നായി. ഇല്ലെങ്കിൽ തൻറെ പ്രസ്ഥാനത്തിന്റെ പതനം കണ്ട് അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനെ.

“ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം ” – അയ്യൻകാളി.

ശിവഗിരി കേസിലെ ബഹു: ഹൈക്കോടതി വിധിയാണ് “ശിവഗിരി ഒരു ഹിന്ദു മഠമല്ല നാരായണഗുരു ഒരു ഹിന്ദു സന്യാസിയുമല്ല എന്നുള്ളത്.1916 ൽ ഗുരു എസ് എൻ ഡി പി യോഗത്തെ തള്ളിപ്പറഞ്ഞ ശേഷം 1928 ൽ അദ്ദേഹം സമാധിയാകുന്നതുവരെയുള്ള പന്ത്രണ്ടു വർഷത്തെ നാരായണ ഗുരുവിൻറെ ജീവിതവും ദർശനങ്ങളും സസൂക്ഷ്മം പഠിച്ചു വിലയിരുത്തിയാണ് നാരായണ ഗുരുവിനു മാനസീക വിഭ്രാന്തിയാണെന്നു പോലും ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്ത സമുദായ നേതാക്കളുടെ ചെറ്റത്തരങ്ങൾക്ക് മുന്നിലേക്ക് 12 വർഷത്തെ അദ്ദേഹത്തിൻറെ ജീവിതം കോടതി നിരീക്ഷിച്ചിട്ട് ഭ്രാന്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടടുക്കാനാകാതെ ഹൈക്കോടതി ഈ വിധി പ്രസ്താവം നടത്തിയത്.

ശ്രീ നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയല്ല ശിവഗിരി ഒരു ഹിന്ദു മഠവും അല്ല. നാരായണ ഗുരു ഒരു ഈഴവ കുടുംബത്തിലാണ് ജനിച്ചത് എന്നത് നേരാണ്. എവിടെയെങ്കിലും അദ്ദേഹത്തിന് ജനിക്കണ്ടേ? ക്രിസ്തു ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു എന്നല്ലേ കഥ?ബുദ്ധൻ ഒരു ദളിത് കുടുംബത്തിലും കാറൽ മാർക്സ് ഒരു യഹൂദ കുടുംബത്തിലും ഒക്കെയല്ലേ ജനിച്ചത്?അവരാരെങ്കിലും ഇന്ന് ആ മതത്തിൻറെ വക്താക്കളായാണോ അറിയപ്പെടുന്നത്? ഇവിടെ ശ്രീനാരായണ ഗുരു നമുക്ക് ജാതിയും മതവും ഇല്ല എന്ന് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചിട്ടും ചിലർ അദ്ദേഹത്തെ വിടാതെ പിടിച്ചു വെച്ചിരിക്കുന്നത് മുതലെടുപ്പ് നടത്താൻ അല്ലെങ്കിൽ പിന്നെന്തിനാണ്?

ജീവിതത്തിൽ ഒരിക്കലും കാവി ഉടുത്തിട്ടില്ലാത്ത നാരായണ ഗുരുവിനെ കാവി ഉടുപ്പിക്കാൻ ഉള്ള ചിലരുടെ ശ്രമങ്ങൾ ശ്രീനാരായണീയർ തിരിച്ചറിയുന്നുണ്ട്. (ഗുരുവിനെ പണ്ട് തേങ്ങാക്കിടിച്ചു കൊന്നതാണെന്നു പ്രചരിപ്പിച്ചവരുടെ ഇന്നത്തെ തലമുറ നാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതി അദ്ദേഹത്തെ യോഗവാസിഷ്ഠം വായിപ്പിച്ചു കേൾപ്പിച്ചു കൊന്നതും, ആ പുസ്തകം കോഴിക്കോട് എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിയിൽ പ്രസാധനം ചെയ്ത കേരള വിചാരകേന്ദ്ര ബുദ്ധിയും നാം കണ്ടതാണ്).

ഗുരു ആകപ്പാടെ ജീവിതത്തിൽ കാവി ഉടുത്തത് ശ്രീലങ്കയിൽ പോയപ്പോൾ ശിഷ്യൻമാർ നിർബന്ധിച്ചപ്പോൾ തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. അതും സന്യാസത്തിൽ ഗുരു ശിഷ്യന് കാവി കൊടുക്കുന്നത് ഒരു ആചാരമായിരിക്കെ അതിനെ ധിക്കരിച്ചുകൊണ്ട് ശിഷ്യൻറെ കയ്യിൽ നിന്ന് കാവി വാങ്ങി ഉപയോഗിക്കുകയായിരുന്നു. അതിനു ശേഷവും അദ്ദേഹം ജീവിതാവസാനം വരെ വെള്ള ഡ്രസ്സ് ആണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹം ബ്രാഹ്മണിസത്തിന്റെ സിംബലുകളായ പുണ്ഡ്രകമോ(നെറ്റിയിൽ ഭസ്മം ഉപയോഗിച്ച് വരയ്ക്കുന്ന 3 വര) പൂണൂലോ ഉപയോഗിച്ചിരുന്നില്ല. ഇന്ന് ശ്രീനാരായണ ഗുരുവുവിനെ ഫോട്ടോഷോപ്പിൽ കാവി പുതപ്പിച്ച ചിത്രങ്ങളാണ് നാം കാണുന്നത്.
അദ്ദേഹം വളരെ പച്ചയായി തന്നെ ഗാന്ധിജിയുമായുള്ള സംഭാഷണത്തിൽ തന്റെ ഹിന്ദു മതത്തോടുള്ള നിലപാടും വ്യക്തമാകുന്നുണ്ട്. ”നമുക്ക് സന്യാസവും ചട്ടമ്പിക്ക് വേദപഠനവും സാധ്യമാക്കിയത് ഹിന്ദുവിൻറെ സനാതന ബോധം കൊണ്ടല്ല, ബ്രിട്ടീഷ് ഭരണമാണ്, അവരാണ് നമ്മുടെ ഗുരു” എന്ന് പച്ചമലയാളത്തിൽ അല്ലെ പറഞ്ഞത്? അത് മനസിലാക്കാൻ കൂടുതൽ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യം ഇല്ലല്ലോ? അതിൻറെ പേരിൽ പിന്നീട് സാക്ഷാൽ ഇ എം എസ് നമ്പൂതിരിപ്പാട്, നാരായണ ഗുരുവും കുമാരനാശാനും ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികൾ ആണെന്ന് പറഞ്ഞതും , പിന്നീട് മാപ്പു പറഞ്ഞതും മറന്നുപോയോ?

അതുപോലെ തന്നെ ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ മോഡറേറ്ററായിരുന്ന അദ്ദേഹം അവസാന ദിവസം നടത്തിയ തൻറെ കൺക്ലൂഷൻ പ്രസംഗത്തിൽ ‘രണ്ടു ദിവസമായി ഇവിടെ നടന്നുവരുന്ന സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതപണ്ഡിതന്മാർ നടത്തിയ പ്രസംഗങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് സ്നേഹത്തിൻറെ മതാണ് ക്രിസ്തുമതം എന്നും, സാഹോദര്യത്തിൻറെ മതമാണ് ഇസ്ളാം മതം എന്നും ചിന്തിക്കുന്നവൻറെ മതമാണ് ബുദ്ധമതം എന്നുമാണ്. എന്നാൽ ഈ സ്നേഹവും സാഹോദര്യവും എല്ലാം പരസ്പര പൂരകങ്ങളാണ്‌. അത് ചിന്തിക്കുന്നവനെ മനസ്സിലാകൂ, നാമായി ഒരു മതത്തിലും പെടുന്നില്ല, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.” എന്നായിരുന്നു. ഇത് മനസിലാക്കാൻ ഒരു മലയാളിക്ക് വലിയ പണ്ഡിത കൂശ്മാണ്ഡന്മാരുടെ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യം ഇല്ല.

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന എല്ലാ ബഹുമാനങ്ങളോടും കൂടി തന്നെ പറയട്ടെ നാരായണ ഗുരു 1928 ൽ സമാധിയായതു നന്നായി. ഇല്ലെങ്കിൽ തൻറെ പ്രസ്ഥാനത്തിന്റെ പതനം കണ്ടു അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനെ.

മതത്തിനുവേണ്ടി സമൂഹത്തെ പിച്ചിച്ചീന്തുന്ന മതഭ്രാന്തന്മാരിൽനിന്ന്‌ സമൂഹത്തെ രക്ഷിക്കണമെങ്കിൽ ഗുരു ജാതിയും മതവും എല്ലാം പൂർണ്ണമായും വിട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത് പോലെ മതം ഉപേക്ഷിച്ചു മനുഷ്യനാകാൻ തയാറാകുന്നവർ ഉണ്ടാകണം. സർവ്വമതങ്ങളെയും ഒന്നുപോലുൾക്കൊള്ളുന്ന അറിവുള്ളവരുണ്ടാകണം. മതത്തെ പഠിച്ചവരുണ്ടാകണം. സർവമതങ്ങളുടേയും സാരമൊന്നാണെന്നറിയുന്നവരുണ്ടാകണം.(ഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ അറിവിലും ഏറി അറിഞ്ഞിടുന്നവൻ…..)
സർവമതങ്ങളുടേയും സാരമൊന്നാണെന്ന്‌ സ്വയം ബോധ്യപ്പെടാനും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമാണ്‌ ശ്രീനാരായണഗുരു ആലുവാ അദ്വൈതാശ്രമത്തിൽ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും സർവ്വ മത സമ്മേളനം വിളിച്ചു ചേർത്തത് ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണെ”ന്ന്‌ ഗുരു സമ്മേളനവേദിയിൽ എഴുതിവെപ്പിച്ചിരുന്നു. സർവമതസമ്മേളന വേദിയിൽവച്ചുതന്നെ ശിവഗിരിയിലാരംഭിക്കുവാനുദ്ദേശിച്ച മതമഹാപാഠശാലയുടെ കാഴ്ചപ്പാടും ഗുരു വ്യക്തമാക്കി. സർവമതങ്ങളേയും തുല്യപ്രാധാന്യത്തിൽ പഠിപ്പിക്കുന്നതിനു വേണ്ടിയാണ്‌ മതമഹാപാഠശാല ഗുരു വിഭാവനം ചെയ്തത്‌.

ളോഹയിട്ട അച്ചനും തലക്കെട്ടു കെട്ടിയ മൗലവിയും ശിവഗിരിയിലുണ്ടാകണമെന്ന്‌ ഗുരു നിഷ്കർഷിച്ചു. മതവൈരമുണ്ടാകാതിരിക്കുവാനും മതസഹിഷ്ണുതയുണ്ടാക്കുവാനും മതത്തെ അറിയിക്കുക എന്ന മാർഗമായിരുന്നു ഗുരു സ്വീകരിച്ചത്‌. സ്വന്തം മതത്തെ അറിയുന്നതുപോലെ ഇതര മതങ്ങളേയും അറിയണമെന്ന്‌ ഗുരു ഉദ്ബോധിപ്പിച്ചു. അതിനുള്ള അവസരമെന്ന നിലയിലാണ്‌ സർവമതസമ്മേളനങ്ങളേയും ശിവഗിരിയിലെ മതപാഠശാലയേയും ഗുരു ഭാവന ചെയ്തത്‌. മതത്തെ അറിയാത്ത മതവിശ്വാസികളുണ്ടാകുന്നത്‌ മതത്തിനും സമൂഹത്തിനും ഒന്നുപോലെ ദോഷമാണെന്ന്‌ ഗുരു ഓർമ്മപ്പെടുത്തി.

മതത്തെ അറിയാത്ത മതവിശ്വാസികളുടെ എണ്ണം ഓരോ മതത്തിലും വർദ്ധിച്ചുവരുന്നതാണ്‌ വർത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകം നേരിടുന്ന ഈ വിപത്തിനെ പ്രതിരോധിക്കുവാൻ ഗുരുവിന്റെ മതാതീതമായ മാനവദർശനത്തെ പഠിക്കുകയും പ്രചരിപ്പിക്കുകയുമാണ്‌ പ്രായോഗികമായ മാർഗം. മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തരുതെന്നും ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും ഇഷ്ടമുള്ള മതാചാരങ്ങളെ പാലിക്കുവാനും അവസരമുണ്ടാക്കണമെന്നും വേണ്ടെന്നു തോന്നിയാൽ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും ഗുരു ഉദ്ബോധിപ്പിച്ചിരുന്നു. മതവിശ്വാസത്തോട്‌ ഇത്ര വിശാലമായൊരു സമീപനം പുലർത്തിയൊരാചാര്യനെ ലോകത്ത്‌ നാരായണഗുരുവിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഈ ഗുരുവിനെപ്പോലും ഹിന്ദുമതത്തിന്റെ വക്താവാക്കുവാനും ഹിന്ദുമത സന്യാസിയാക്കാനും ശ്രമിക്കുന്നത്‌ എത്ര നീചമാണെന്ന്‌ സാമാന്യബുദ്ധിയുള്ളവർ തിരിച്ചറിയണം.

ഗുരുവിന്റെ കൃതികളും സന്ദേശങ്ങളും പ്രവൃത്തികളുമൊക്കെ പരിശോധിക്കുന്ന ആർക്കും ഗുരുവിനെ ഏതെങ്കിലുമൊരു മതത്തിന്റെ വക്താവായി വിലയിരുത്തുവാൻ സാധിക്കുകയില്ല. നിലവിലുള്ള ഏതെങ്കിലുമൊരു മതത്തോടും ഗുരുവിന്‌ മമതയോ സംബന്ധമോ ഇല്ലെന്ന്‌ പല സന്ദർഭങ്ങളിൽ ഗുരു വ്യക്തമാക്കിയിട്ടുണ്ട്‌. നിലവിലുള്ള മതങ്ങളുടെയെല്ലാം നന്മക്കുള്ള ഒരു പൊതുപേരെന്നുള്ള നിലയിലാണ്‌ നാം ഒരു മതമെന്ന്‌ കൽപിക്കുന്നതെന്ന്‌ 1919ൽ ആലപ്പുഴയിൽവച്ച്‌ സി വി കുഞ്ഞുരാമനുമായുള്ളൊരു സംഭാഷണത്തിൽ പരാമർശിച്ചതും ഗുരുവിന്റെ മതദർശനത്തിന്റെ സ്വതന്ത്രസ്വഭാവം വ്യക്തമാക്കുന്നതാണ്‌.
മനുഷ്യർ മതത്തിനുവേണ്ടി നിലകൊള്ളുകയും മനുഷ്യരുടെ മതത്തോടുള്ള വിധേയത്വത്തെ ചൂഷണംചെയ്ത്‌ മതങ്ങൾ മനുഷ്യരെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയോട്‌ ഗുരു ശക്തിയായി വിയോജിച്ചു. മനുഷ്യൻ മതത്തിനു വേണ്ടിയല്ല മതം മനുഷ്യനുവേണ്ടിയാണ്‌ എന്ന്‌ ഗുരു കൽപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവിന്റെ ദിവ്യസന്ദേശം കേരളീയസമൂഹത്തിൽ മാറ്റൊലിക്കൊള്ളുന്നിടത്തോളം ഗുരുവിനെ മതവൽക്കരിക്കുവാനുള്ള ഏതു നീക്കവും പരാജയപ്പെടുമെന്നുള്ളതിൽ തർക്കമില്ല. മനുഷ്യൻ നന്നാകുവാനും സമൂഹത്തെ ശക്തിപ്പെടുത്തുവാനുമുതകുന്ന ഗുരുദർശനത്തെ വർഗ്ഗീയവാദികൾ ഹൈജാക്ക്‌ ചെയ്യുവാനുമുള്ള നീക്കത്തെ ഗുരുവിശ്വാസികൾ തിരിച്ചറിയുകയും അത്തരം നീക്കങ്ങളെ എതിർത്തു തോൽപിക്കുവാൻ ഒരു പുനർ വിചിന്തനത്തിനു തയാറാകുകയുമാണ് ഗുരുവിനു നൽകാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി. നാരായണ ഗുരുവും ശിവഗിരിമഠവും കേരളീയന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. അവിടെ ഫാസിസ്റ്റ് ശക്തികൾ നുഴഞ്ഞുകയറാൻ അനുവദിക്കരുത്.