Thu. Mar 28th, 2024

കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ എന്ന പെണ്‍കുട്ടിയെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ് മലയാളി ഏറ്റെടുത്തത്. എന്നാല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത് ഒരു സിനിമ പ്രമോഷന്‍റെ ഭാഗമാണെന്ന പ്രചരണം ശക്തമായത്.

ഇതോടെ ഹനാനെതിരെ വലിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നു. ഇതിന് വഴിവച്ചത് നൂറുദ്ദീന്‍ ഷേക്ക് എന്ന യുവാവിന്‍റെ ഫേസ്ബുക്ക് ലൈവായിരുന്നു. ഹനാൻ നടത്തിയത് നാടകമാണ് എന്ന തരത്തിലുള്ള ഇയാളുടെ ഫേസ്ബുക്ക് ലൈവാണ് സോഷ്യല്‍ മീഡിയയില്‍ ഹനാന് നേരെ സോഷ്യല്‍ മീഡ‍ിയ അക്രമകാരികള്‍ ആയുധമാക്കിയത്.

എന്നാല്‍ ഇതോടെ വിശദീകരണവുമായി ഹനാന്‍ എത്തി. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണെന്നും ഹനാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഹനാന് പിന്തുണയുമായി അവളുടെ സഹപാഠികളും അദ്ധ്യാപകരും രംഗത്തുവരികയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ ഹനാൻ എന്നകുട്ടിക്കെതിരെ വിമർശനങ്ങളുന്നയിച്ച നുറൂദ്ദീന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു പുതിയ ഫേസ്ബുക്ക് ലൈവില്‍ ഇയാള്‍ പറയുന്നത് ഇങ്ങനെ, “ഞാന്‍ ലീഗ് പ്രവര്‍ത്തകനാണ് ഹനാനിന്‍റെ വീട്ടിന് അടുത്തുള്ള പച്ചക്കറി കടക്കാരന്‍ പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞത്. ഇതില്‍ ഞാന്‍ അവളോട് മാപ്പ് പറയുന്നു. മാധ്യമങ്ങളാണ് ഹനാനിന്‍റെ ജീവിതം ഇത്തരത്തിലാക്കിയത്” എന്നും ഇയാള്‍ പറയുന്നു.