Thu. Apr 25th, 2024

അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങിയ സംഭവത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്. കന്യാസ്ത്രീയടക്കമുളളവര്‍ക്ക് എതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മിഷണറീസ് ഒാഫ് ചാരിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. റാഞ്ചിയിലുളള നിര്‍മല ഹൃദയ് ശിശു ഭവനാണ് കുട്ടികളെ വിറ്റത്. സ്ഥാപനത്തില്‍ നിന്ന് 1,40,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

ഉത്തര്‍ പ്രദേശിലുളള ദമ്പതികള്‍ക്ക് വിറ്റ നവജാത ശിശുവിനെ സംസ്ഥാന ശിശു സംരക്ഷണ സമിതി കണ്ടെത്തി. 14 ദിവസം പ്രായമായ കുട്ടിയെ1.2 ലക്ഷം രൂപയ്ക്കാണ് മിഷണറീസ് ഒാഫ് ചാരിറ്റിക്കാര്‍ വിറ്റത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ദമ്പതികളില്‍ നിന്ന് ശിശുഭവന്‍ കുട്ടിയെ തിരികെ വാങ്ങിയിട്ടുണ്ട്. അതേസമയം പണം തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് ദമ്പതികളും പരാതി നല്‍കിയിട്ടുണ്ട്.

കുട്ടികളെ പണം വാങ്ങി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശിശുഭവനെതിരെ മൂന്ന് പരാതികള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നേരത്തെയും കുട്ടികളെ അനധികൃതമായി വിറ്റതായി ആരോപണമുണ്ട്. ഇത്തരത്തില്‍ കുട്ടികഴെ വില്‍ക്കാന്‍ തയ്യാറായ അമ്മമാരുടെ പേരു വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ ദത്തെടുക്കുന്നതും ദത്ത് നല്‍കുന്നതും 2015 മുതല്‍ മിഷണറീസ് ഒാഫ് ചാരിറ്റി നിര്‍ത്തിയതായി രേഖകളില്‍ പറയുന്നു. 2015 ല്‍ ദത്ത് നല്‍കുന്ന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളാണ് മിഷണറീസ് ഒാഫ് ചാരിറ്റിക്ക് തിരിച്ചടിയായത്. ദത്തെടുക്കല്‍ പൂര്‍ണമായും ഒാണ്‍ലൈന്‍ വഴിയാക്കിയതോടെ കുട്ടികളുടെ രേഖകള്‍ ദേശീയതലത്തില്‍ തന്ന്നെ പരിശോധിക്കാന്‍ സാധിക്കുന്ന സ്ഥിതി വന്നതും അവര്‍ക്ക് തിരിച്ചടിയായി.

എന്നാല്‍ അനാഥരായ കുട്ടികളെ മിഷണറീസ് ഒാഫ് ചാരിറ്റിയുടെ കീഴിലുളള ശിശുഭവനുകളില്‍ നിന്നും പണം വാങ്ങി വില്‍ക്കുന്നതായി നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന റാഞ്ചിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ വൈദ്യനാഥ് കുമാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു