Fri. Apr 19th, 2024

സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന പൊലീസിനെ നന്നാക്കാൻ, ഒരു ഹെഡ്മാസ്റ്ററുടെ ശൈലിയിൽ രണ്ടേകാൽ മണിക്കൂർ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാസെടുത്തു. എസ്.പിമാർ മുതൽ പൊലീസ് മേധാവി വരെ അമ്പതിലേറെ ഉദ്യോഗസ്ഥർക്കായിരുന്നു ക്ലാസ്.;സുരക്ഷിത, അഴിമതിരഹിത, വികസിത കേരളം’ എന്ന സർക്കാരിന്റെ നയം നടപ്പാക്കാൻ സുപ്രധാന റോൾ വഹിക്കേണ്ട പൊലീസ് പരമാവധി കാര്യക്ഷമതയോടെ, വിവാദങ്ങൾ ഒഴിവാക്കി ജോലി ചെയ്തേ മതിയാവൂ എന്ന് മുഖ്യമന്ത്രി കർശന മുന്നറിയിപ്പ് നൽകി.

കേരളകൗമുദി പ്രസിദ്ധീകരിച്ച കാക്കിയിട്ട അടിമകൾ’ എന്ന പരമ്പരയിൽ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്ക് നിയോഗിച്ച സ്ത്രീകളെ സായുധബറ്റാലിയൻ കമൻഡാന്റ് ക്യാമ്പ് ഫോളോവർമാരാക്കി ശമ്പളം നൽകിയെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വായിച്ചുകേൾപ്പിച്ചു. കേരളകൗമുദിയിലടക്കം പൊലീസിനെക്കുറിച്ച് ഇത്തരം വാർത്തകളാണ് വരുന്നതെന്നും അടിമപ്പണി ഒരുതരത്തിലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനചുമതലയുള്ള ഉദ്യോഗസ്ഥർക്കും കുടുംബത്തിനും സുരക്ഷ വേണം. പക്ഷേ, ദുരുപയോഗിക്കരുത്. ഇതേക്കുറിച്ച് 2002 മുതലുള്ള നിർദ്ദേശങ്ങൾ വായിച്ചശേഷം ഇതെല്ലാം ഉദ്യോഗസ്ഥരും വായിച്ച് മനസിലാക്കണമെന്നും കൃത്യമായി പാലിക്കണമെന്നും ഉപദേശിച്ചു. അടുത്തിടപഴകുന്നവരുമായി ഉദ്യോഗസ്ഥർ നല്ലബന്ധം സൂക്ഷിക്കണം. അതേസമയം, ക്യാമ്പ് ഫോളോവർമാരും കൃത്യമായി പണിയെടുക്കണം. പൊലീസ് ക്യാമ്പ് എവിടെയാണോ അവിടെയാവണം പാചകം, പൂന്തോട്ടപ്പണി, അലക്ക് എന്നിവയിൽ സഹായിക്കേണ്ടത്. ക്യാമ്പ് ഓഫീസർമാരടക്കം അവിടെയുണ്ടാവണം-മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിൽ നേതൃത്വപരമായ വീഴ്ചയുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചു പറഞ്ഞു. സ്റ്റേഷനുകളിൽ മിന്നൽ സന്ദർശനം, ഇടവിട്ടുള്ള പരിശോധന ഇതൊന്നും നടക്കുന്നില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിലെ പരേഡുപോലും കൃത്യമല്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ സ്റ്റേഷനുകളിൽ പരിശോധനയ്ക്കെത്താറുണ്ടോ? സ്റ്റേഷനുകളിൽ എന്താണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയണം. എസ്.പിമാർക്ക് ജില്ലകളിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവണം. ജില്ലാതലത്തിൽ ഗൗരവമായ വീഴ്ചകളുണ്ടാവുന്നു. ഉദ്യോഗസ്ഥർ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടണം. ഇപ്പോൾ ഇതുണ്ടാവുന്നില്ല.

മാധ്യമങ്ങൾ വാർത്ത നൽകിയശേഷമല്ല പൊലീസ് നടപടികളുണ്ടാവേണ്ടത്. രാവിലെ പതിനൊന്നരയ്ക്ക് ടീ-ഷർട്ടുമിട്ട് ഓഫീസിൽ വരുന്ന എസ്.പിയുണ്ട്. ഇതൊന്നും പറ്റില്ല. കൃത്യനിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും പണിയെടുക്കണം. ഡ്യൂട്ടി കൃത്യമായി ചെയ്താലേ ഉദ്യോഗസ്ഥർക്ക് താഴേതട്ടുവരെ നിയന്ത്രിക്കാനാവൂ. പൊലീസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ല. വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽബ്രാഞ്ച് എന്നിവിടങ്ങളിലേക്ക് കഴിവുള്ളവരെ നിയോഗിക്കണം. ഈ യൂണിറ്റുകൾ വിശ്രമകേന്ദ്രങ്ങളാവരുത്. പൊലീസ് അസോസിയേഷനുകളുടെ ഭാരവാഹികൾക്ക് സംഘടനാപ്രവർത്തനത്തിന് ചില്ലറ സൗകര്യങ്ങൾ ആകാം. പക്ഷേ, അവർ കൃത്യമായി പൊലീസിലെ ജോലിചെയ്യണം- മുഖ്യമന്ത്രി വ്യക്തമാക്കി.