കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ കെ.ബി.ഗണേശ്കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എെ. ചെയ്യാൻ പാടില്ലാത്തതാണ് ഗണേശ് ചെയ്തതെന്നും ഇക്കാര്യത്തിൽ മാതൃകാപരമായി പ്രവർത്തിക്കാൻ ജനപ്രതിനിധിയായ ഗണേശിന് ബാദ്ധ്യതയുണ്ടെന്നും കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ പറഞ്ഞു. ഗണേശിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനവുമായി സി.പി.എെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് അഞ്ചൽ ശബരിഗിരി സ്കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്ന് മാതാവുമൊത്ത് കാറിൽ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനെ ഗണേശ് കുമാർ മർദ്ദിച്ചത്. എം.എൽ.എയുടെ കാർ എതിരെ വരുമ്പോൾ രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണൻ കാർ പിന്നോട്ടെടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എം.എൽ.എയുടെ വാഹനത്തിന് കടന്നുപോകാനായില്ല. തന്റെ കാർ ഏറെ ദൂരം പിന്നോട്ടെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ എം.എൽ.എയുടെ വാഹനം അല്പം പിന്നോട്ടെടുത്തെങ്കിൽ ഇരുവാഹനങ്ങൾക്കും സുഗമമായി പോകാമായിരുന്നു എന്ന് യുവാവ് പറഞ്ഞു.
അതിന് തയ്യാറാകാതെ പ്രകോപിതനായ എം.എൽ.എ കാറിൽനിന്നിറങ്ങി വന്ന് നീ എടുത്ത് മാറ്റില്ലേടാ എന്ന് ആക്രോശിച്ച് കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് തന്നെ കാറിൽ നിന്ന് വലിച്ചു പുറത്തിറക്കി എം.എൽ.എ മർദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു. മകനെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എം.എൽ.എ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രൈവർ അനന്തകൃഷ്ണനെ മർദ്ദിച്ചത്. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ മർദ്ദനം തുടർന്നു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913