Thu. Apr 25th, 2024

പൊലീസുകാരെ കൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യിക്കുന്ന വിവരം പുറത്ത് വന്നതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള ക്യാമ്പ് ഫോളോവർമാരായ പൊലീസുകാരുടെ കണക്ക് എടുക്കാൻ നിർദ്ദേശം. ആംഡ് പൊലീസ് ബറ്റാലിയന്റെ മേധാവിയായ എ.ഡി.ജി.പി ആനന്ദ കൃഷ്ണനാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. മന്ത്രിമാർക്കൊപ്പമുള്ള പൊലീസുകാരുടെ പട്ടികയും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവികളും ഉച്ചയ്ക്ക് മുമ്പ് വിവരം കൈമാറണമെന്നാണ് നിർദ്ദേശം.

കേരള പൊലീസിനുള്ളിൽ കുറഞ്ഞത് 500 പേർ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സ്റ്റേഷനുകളിൽ സേനാംഗങ്ങളുടെ എണ്ണക്കുറവ് മൂലം കുറ്റാന്വേഷണവും ക്രമസമാധാനപാലനവും തകിടം മറിയുമ്പോഴാണ് ഇത്രയധികം പൊലീസുകാർ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഉദ്യോഗസ്ഥർ സ്ഥലം മാറി പോയാലും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരെ തിരികെ യൂണിറ്റുകളിലേക്ക് മടക്കാതെ വീടുകളിൽ നിർത്തും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥർ പോലും അവരുടെ ഫ്ളാറ്റ് നോക്കാനും തോട്ടം നനയ്ക്കാനും എവിടെ സുഖവാസത്തിനു വരുന്ന ബന്ധുക്കളെ നോക്കാനും ലയ്സൺ ഓഫീസർ എന്ന നിലയിൽ പ്രവർത്തിക്കും. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് പ്രഭാത നടത്തത്തിനും ജിമ്മിൽ പരിശീലനം നൽകാനും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, ആരോപണ വിധേയനായ എ.ഡി.ജി.പി സുധേഷ്കുമാറിന്റെ വീട്ടിൽ ദാസ്യപ്പണി പതിവാണെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് നേരത്തെ ഡി.ജി.പിക്ക് ലഭിച്ചിരുന്നു. എ.ഡി.ജി.പിയുടെ അറിവോടെയായിരുന്നു ജീവനക്കാരെ വീട്ടുവേല ചെയ്യിച്ചിരുന്നതെന്നും ഇതിന് തയ്യാറാകാതിരുന്ന 12 ക്യാമ്പ് ഫോളോവർമാരെ പിരിച്ചുവിടുകയും ചെയ്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.