Fri. Apr 19th, 2024

ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പോത്തന്‍കോടിനു സമീപം നിര്‍ദ്ധന യുവതിയെ വിവാഹം കഴിച്ച് തട്ടിപ്പുകാരിയെ കുറിച്ച് പൊലീസ് നല്‍കുന്നത് ഞെട്ടിക്കുന്ന കഥകള്‍. കൊല്ലം സ്വദേശിനിയായ റാണിയാണ് തട്ടിപ്പ നടത്തിവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി തട്ടിപ്പുകളാണ് ഇത്തരത്തില്‍ റാണി നടത്തിയത്. കണ്ണന്‍ ശ്രീകാന്ത് എന്ന പേരില്‍ ബി.കോം സര്‍ട്ടിഫിക്കറ്റിന്റെയും ഇലക്ക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുസഹിതം നല്‍കിയാണ് എട്ടുവര്‍ഷം മുമ്പ് റാണി ആദ്യ തട്ടിപ്പു നടത്തിയത്. കൊല്ലത്തെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള അഗ്രഹാരങ്ങളില്‍ ഒന്നിലായിരുന്നു റാണിയുടെ താമസം.

ശ്രീറാം എന്ന പേരിലായിരുന്നു തലസ്ഥാനത്ത് ഇവള്‍ അറിയപ്പെട്ടിരുന്നത്. ആണ്‍വേഷം കെട്ടി ഏഴു വര്‍ഷം പ്രണയിച്ച്, പോത്തന്‍കോട് സ്വദേശിനിയായ നിര്‍ധന കുടുംബത്തിലെ യുവതിയെ വിവാഹം കഴിച്ചതോടെയാണ് റാണിയുടെ വേറിട്ട തട്ടിപ്പ് കഥ നാടറിയുന്നത്. കൊല്ലം കച്ചേരി നട സ്വദേശിനിയാണ് റാണി. പ്രണയകാലത്ത് ഒരിക്കല്‍ പോലും റാണിയെ പെണ്ണെന്നു സംശയിക്കാത്ത യുവതി ആദ്യരാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്നു മനസ്സിലാക്കുന്നത്. ഇരുവരുടെയും വിവാഹം ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷമെന്നത് കേട്ടവരില്‍ അമ്പരപ്പ് ഉണ്ടാക്കി.

ഇക്കാലമത്രയും പെണ്‍കുട്ടിക്ക് യാതൊരുവിധ സംശയം തോന്നിക്കാതെ പെരുമാറാന്‍ റാണിക്ക് സാധിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കുകയായിരുന്നു റാണിയുടെ ലക്ഷ്യം. തട്ടിപ്പ് പൊളിഞ്ഞതോടെ റാണിയെക്കുറിച്ചുള്ള !ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

എട്ടുവര്‍ഷം മുമ്പ് കൊട്ടിയത്ത് ഒരു കടയില്‍ നിന്നു മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടിവ് ചമഞ്ഞ് 3.75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ റാണി ജാമ്യത്തിലറിങ്ങുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും പുരുഷ വേഷം കെട്ടി ഇവര്‍ ചെറുതും വലുതുമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തി. പുരുഷ സമാനമായ രൂപമാണു റാണിയുടേത്. മുടി പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്തിടും, മുഖം എപ്പോഴും ക്ലീന്‍ ഷേവ്, ഹാഫ് സ്ലീവ് ഷര്‍ട്ടും ജീന്‍സും ഷൂസും വേഷം, കയ്യില്‍ ചരട്, ആഢംബര ബൈക്കില്‍ യാത്ര. പുകവലിയും മദ്യപാനവും ശീലം. ആരോടും അധികം അടുത്തിടപഴകില്ല. ഇതാണ് ശ്രീറാം എന്ന റാണി.

കടയില്‍ നിന്ന് ടൈല്‍സ് ഓഡറുകള്‍ ശേഖരിക്കലും കളക്ഷനുമായിരുന്നു റാണിയുടെ ജോലി. എന്നാല്‍ ഈ ജോലിയില്‍ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3. 75 ലക്ഷം രൂപ. പണം കൈപ്പറ്റുമ്പോള്‍ രസീത് ബുക്കും കാര്‍ബണ്‍ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉള്‍പ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും. പേന കൊണ്ട് എഴുതിയ ഒര്‍ജിനല്‍ രസീത് കടക്കാരന് നല്‍കണം. എന്നാല്‍ ഈ സമയം കാര്‍ബണ്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ഒര്‍ജിനല്‍ രസീത് കടക്കാര്‍ക്കു നല്‍കിയ ശേഷം തുകയുടെ ഒരുഭാഗം പോക്കറ്റിലാക്കും.

എന്നാല്‍ സ്ഥാപന ഉടമയുടെ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തായി. കടയുടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടവും തട്ടിപ്പും പുറത്തായത്. തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം തെക്കെ കച്ചേരിക്ക് അടുത്ത് എത്തിയ പോലീസിനു ആളെ കണ്ടെത്താനായില്ല. . ഒടുവില്‍ ഫോട്ടോ കാണിച്ചപ്പോള്‍ നാട്ടുകാര്‍ റാണിയാണ് എന്നു തിരിച്ചറിയുകയായിരുന്നു.