Fri. Mar 29th, 2024

കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. അതല്ലെങ്കില്‍ ഈ ഗതി ഉണ്ടാവുമെന്ന് കൊല്ലപ്പെട്ട കെവിനെ പരിഹസിച്ചുകൊണ്ട് ഹാദിയയുടെ പിതാവ് അശോകന്റെ പ്രതികരണം. കെവിന്റെ ജാതീയമായ കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. നീനുവിന്റെ മാതാപിതാക്കള്‍ തന്നേക്കാള്‍ കൂടുതല്‍ ചിന്തിക്കാന്‍ ശേഷി ഉള്ളവരായിരിക്കുമെന്നും അശോകന്‍ പറഞ്ഞു. കൂടാതെ നീനുവിന്റെ വീട്ടുകാരെ ന്യായീകരിച്ച അശോകന്‍ കെവിനെ കൊന്നത് അവര്‍ക്ക് ചിന്താശേഷി ഉള്ളത് കൊണ്ടാണ് എന്നും തന്നെപ്പോലെ അവർ ഭരണഘടനയിലും കോടതിയിലും വിശ്വസിക്കാന്‍ പോകാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ ശ്രീനാരായണ ഗുരുവിന്റെ വാക്കുകളെയും അശോകന്‍ വിമര്‍ശിച്ചു. തന്റെ അച്ഛന്‍ ചെത്തുകാരനായിരുന്നു. ചെത്തരുതെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്‍ അത് അനുസരിച്ചിരുന്നെങ്കില്‍ കുടുംബം പട്ടിണിയാകുമായിരുന്നു എന്നാണ് പരിഹാസ സ്വരത്തില്‍ അശോകന്‍ പറഞ്ഞത്. ശ്രീനാരായണ ഗുരു ആദ്യമായി നടത്തിയത് ഒരു മിശ്രവിവാഹമായിരുന്നു എന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു ഇത്. ഒരുമാസം മുമ്പ് ഹാദിയ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അവള്‍ ചാനലുകളിലൂടെ മാതാപിതാക്കള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ വീട്ടിലേക്ക് ഇനി വിളിക്കേണ്ടെന്ന് പറഞ്ഞതായും അശോകന്‍ പറഞ്ഞു.

അതേസമയം ഹാദിയ വീട്ടില്‍ നിന്ന് പോയിട്ടും വീടിന് പോലീസ് കാവല്‍ തുടുരുന്നത് ബുദ്ധിമുട്ടാണ്. തന്റേത് ചെറിയ വീടാണ്. പക്ഷേ കോടതി വിധി ഉള്ളതിനാല്‍ തനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. തന്റെ ഭാര്യക്കോ തനിക്ക് യാതൊരു ഭീഷണിയുമില്ല. എന്നാലും എവിടെ പോകുമ്പോഴും പോലീസുകാര്‍ ഒപ്പംവരുന്നു. ഇതിന് പരിഹാരമെന്താണെന്ന് അഭിഭാഷകനോട് ചോദിച്ചിട്ടുണ്ടെന്നും അശോകന്‍ പറഞ്ഞു. ഹാദിയ കേസില്‍ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അശോകന്‍ ഒഴിഞ്ഞുമാറി.