Sun. Feb 25th, 2024

ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിട്ട് നേരം ബന്ധം നഷ്ടമായി പറന്നു. ഇന്ധനം നിറയ്ക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള യാത്രാമധ്യേയാണ് മേഘ്ദൂത് എന്ന വി.വി.ഐ.പി വിമാനത്തിന് എയർ ട്രാഫിക് കൺട്രോളു (എ.ടി.സി)മായി ബന്ധം നഷ്ടമായത്. മൗറീഷ്യസിന്റെ ആകാശത്ത് കൂടി പറന്നു കൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിന്റെ ബന്ധം നഷ്ടമായ ഉടൻ തന്നെ മൗറീഷ്യസ് എ.ടി.സി 12 മിനിട്ട് നേരത്തേക്ക് അപായ സൂചന നൽകി. സാധാരണ 30 മിനിട്ട് നേരം എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെടുകയും അതിന്ശേഷം പുന:സ്ഥാപിക്കാൻ കഴിയാതെ വരികയുമാണെങ്കിൽ വിമാനം കാണാതായതായി പ്രഖ്യാപിക്കുകയാണ് രീതി.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്നത്. തുടർന്ന് വിമാനത്തിന്റെ വിവരങ്ങൾ ചെന്നൈയിലെ എ.ടി.സിക്ക് കൈമാറി. അവിടെ നിന്ന് വിമാനത്തിന്റെ ഗതി സംബന്ധിച്ച് മൗറീഷ്യസിനും വിവരം കൈമാറിയിരുന്നു. എന്നാൽ 4.44നാണ് വിമാനത്തിന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പൈലറ്റ് അപായ സൂചന നൽകിയത്. 4.58ന് അത് മൗറീഷ്യസ് എ.ടി.സിയിലേക്കും കൈമാറി.

അപായ സൂചന നൽകിയതിന് പിന്നാലെ മൗറീഷ്യസ് എ.ടി.സി ചെന്നൈ വിമാനത്താവളത്തിലെ എ.ടി.സിയുമായി ബന്ധപ്പെട്ടു. ചെന്നൈ എ.ടി.സിയിൽ നിന്നാണ് വിമാനത്തിന്റെ അവസാന വിവരം ലഭിച്ചത് എന്നതിനാലാണ് അവിടെ ബന്ധപ്പെട്ടത്. തുടർന്ന് വെരി ഹൈ ഫ്രീക്വൻസിയുടെ സഹായത്തോടെ വിമാനത്തെ എ.ടി.സി ബന്ധപ്പെടുകയായിരുന്നു.

അതേസമയം, വെരി ഹൈ ഫ്രീക്വൻസി ആശയവിനിമയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാണ് എ.ടി.സിയുമായുള്ള ബന്ധം സാധാരണ നഷ്ടപ്പെടാറുള്ളതെന്ന് എ.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു. ചിലപ്പോൾ മൗറീഷ്യസിലെ എ.ടി.സിയെ ബന്ധപ്പെടാൻ പൈലറ്റുമാർ മറന്നു പോകാറുണ്ട്. സമുദ്ര പ്രദേശമായതിനാൽ തന്നെ അവിടെ റഡാർ കവറേജ് ഉണ്ടാകില്ല. അപ്പോഴെല്ലാം വെരി ഹൈ ഫ്രീക്വൻസിയേയോ ഹൈ ഫ്രീക്വൻസി തരംഗങ്ങളേയോ ആണ് പൈലറ്റുമാർ ആശ്രയിക്കാറുള്ളത്. എന്നാൽ ഇവിടങ്ങളിൽ വെരി ഹൈ ഫ്രീക്വൻസിയും കുറവായിരിക്കും. ഇത്തരം പ്രദേശങ്ങൾ ഡാർക്ക് സോണുകൾ എന്നാണ് അറിയപ്പെടുന്നത്.

അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ ഷിക്കാഗോ കൺവെൻഷൻ അനുസരിച്ച് 14മിനിട്ട് ഭീതിയെന്ന് പറയുന്നത് മൂന്ന് അടിയന്തര സാഹചര്യങ്ങളിൽ ഒന്നാമത്തേതാണ്. രണ്ടാമത്തേത് വിമാനത്തിന്റേയും യാത്രക്കാരുടേയും സുരക്ഷയ്ക്കുള്ള ഭീഷണിയാണ്. ആസന്നമായ ഏതെങ്കിലും വൻ അപകടത്തെ മുന്നിൽ കാണുന്നതും അടിയന്തരസഹായം ആവശ്യമായി വരുന്നതുമാണ് മൂന്നാമത്തെ ഘട്ടം.

മൗറീഷ്യസിലേക്കുള്ള യാത്രാമദ്ധ്യേ ഡൽഹിയെ കൂടാതെ തിരുവനന്തപുരം, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് വിമാനത്തിന് ഇന്ധനം നിറയ്ക്കാനുള്ള പോയിന്റുകളുള്ളത്. തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ വിവിഐപി വിമാനമാണ് 14 മിനിറ്റ് കാണാതായത്.