Thu. Mar 28th, 2024

കെവിൻ വധക്കേസിൽ ആരോപണ വിധേയരായ പൊലീസുകാർ പ്രതികളാകില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എെ.ജി വിജയ് സാഖറെ. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാർക്ക് പങ്കില്ലാത്തതിനാൽ അവർ പ്രതികളാകില്ലെന്നും അവരുടെ ഭാഗത്ത് നിന്നും കൃത്യവിലോപം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും സാഖറെ കൂട്ടിച്ചേർത്തു.

അതേസമയം, കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ പൊലീസുകാർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എ.എസ്.ഐ ബിജു, ഡ്രൈവർ അജയ്കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ സഹോദരനുമായ ഷാനു ചാക്കോയിൽ നിന്ന് എ.എസ്.ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

ആയുധങ്ങൾ കണ്ടെത്തി,​ മൊഴികളിൽ ഉറച്ച് പ്രതികൾ

അതിനിടെ,​ ഷാനുവിന്റെ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന നിയാസ്,​ റിയാസ്,​ വിഷ്ണു,​ ഫസൽ എന്നിവരെ തെന്മലയിൽ കൊണ്ടുവന്ന് അന്വേഷണ സംഘം തെളിവെടുത്തു. തട്ടിക്കൊണ്ടു പോയ കെവിൻ വഴിയിൽ വച്ച് തങ്ങളുടെ കൈയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് മുമ്പ് നൽകിയ മൊഴി തെളിവെടുപ്പ് സമയത്തും പ്രതികൾ ആവർത്തിച്ചു.

കേസിലെ പ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പ്രതികൾ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. നാല് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. തന്റെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മേയ് 27ന് പുലർച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.

തെന്മലയിൽ വച്ച് അനീഷ് ഛർദിക്കണമെന്ന് പറഞ്ഞെന്നും ഒരു സ്ഥലത്ത് കാർ നിറുത്തുകയുമായിരുന്നു. ഈ കാറിന് പിന്നാലെ വന്ന കാറിലായിരുന്നു കെവിനുണ്ടായിരുന്നു. കെവിനെ കാറിൽ വച്ച് മർദ്ദിച്ചെന്നും അവശനായിരുന്നെങ്കിലും കെവിൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു.