Thu. Mar 28th, 2024

കെവിന്‍ വധക്കേസില്‍ പിടികിട്ടാനുളള നീനുവിന്റെ അമ്മ രഹ്നയ്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഉൗര്‍ജിതമാക്കി. അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രഹ്നയെ തേടി പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. കെവിനെ തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിലെ അഞ്ച് പേര്‍ ഇനിയും പിടിയിലായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

അതിനിടെ ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു.കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ഇനി ഗള്‍ഫിലെ കമ്പനിയില്‍ ജോലിയുണ്ടാവില്ല.ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനിച്ചതായി കമ്പനി വക്താവ് അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ തിരിച്ചെത്തിയാലും ഇനി ഇയാളെ ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് കമ്പനി അധികൃതര്‍.

സഹോദരിയെ കാണാനില്ലെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലേക്ക് പോയത്. ദുബായില്‍ നാല് വര്‍ഷമായി കഴിയുന്ന ഷാനു ചാക്കോ ഇലക്ട്രീഷ്യനായാണ് ജോലി ചെയ്യുന്നത്.ഷാനു തന്നെ വിളിച്ച് കരഞ്ഞാണ് അവധി നേടിയതെന്നും സഹോദരിയെ കാണാനില്ല,അച്ഛന് സുഖമില്ല തുടങ്ങിയ കാരണങ്ങളായിരുന്നു പറഞ്ഞതെന്നും ഇദ്ദേഹത്തിന്‍റെ കമ്പനി മാനേജര്‍ പറയുന്നു. നാലു വര്‍ഷമായി തനിക്ക് പരിചയമുളള ഇയാളുടെ ഉളളില്‍ ഇങ്ങനെ ഒരു കൊലപാതകി ഉളള കാര്യം അറിയില്ലായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു

അടുത്തവർഷം ജൂലൈവരെ ഷാനുവിന് വിസാക്കാലാവധിയുണ്ട്. എന്നാൽ, ജാമ്യം ലഭച്ച് തിരിച്ച് ഗൾഫിലെത്തിയാലും ഉടൻ വിസ റദ്ദാക്കി നാട്ടിലേക്ക് വിടാനാണ് കമ്പനിയുടമയുടെ തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായേക്കുമെന്ന് ഭയന്ന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാനു ചാക്കോയും പിതാവും പൊലീസ് കസ്റ്റഡിയിലാകുന്നത്. ഷാനു വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.