Fri. Mar 29th, 2024

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധ ക്രിമിനൽ പോത്ത് ഷാജി പൊലീസിന്റെ പിടിയിലായി. തൊളിക്കോട് സ്വദേശിയായ പോത്ത് ഷാജി എന്ന ഷാജിയെ വിതുര തോട്ടുമുക്കിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നാണ് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

പീഡനത്തിലും മർദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ ഇരുപത്തെട്ടുകാരിയായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് വിതുരയ്ക്കടുത്താണ് സംഭവം. യുവതിയുടെ ഭർത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച യുവതിയെ അടിച്ചും മർദ്ദിച്ചും അവശയാക്കി. എയർറൈഫിൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ആദ്യഭർത്താവുമായി പിരിഞ്ഞശേഷമാണ് വിതുരയിലെത്തിയത്. രണ്ടാം ഭർത്താവുമൊന്നിച്ച് പോത്ത് ഷാജിയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്താണ് യുവതിയുടെ ഭർത്താവ്. യുവതിയുടെ ഭർത്താവിനെ കാണാനായി ഇടയ്ക്കിടെ വീട്ടിൽവരാറുള്ള ഷാജി കഴിഞ്ഞദിവസം ഇയാളില്ലാത്ത തക്കം നോക്കിയെത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. അക്രമത്തിന് പിന്നിൽ പോത്ത് ഷാജിയാണെന്ന് യുവതിയിൽ നിന്ന് മനസിലാക്കിയ പൊലീസ് ഉടൻ ഇയാളുടെ വീട്ടിലെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഭീഷണിപ്പെടുത്താനുപയോഗിച്ച തോക്ക് ഇയാളുടെ സഹായിയായ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. പക്ഷികളേയും മറ്റും വെടിവയ്ക്കാനുപയോഗിക്കുന്ന എയർ റൈഫിളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഇത് മൃഗവേട്ടയ്ക്കായി താൻ പണികഴിപ്പിച്ചതാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കൊലപാതകം, മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, സി.ഐ മനോജ്, എസ്.ഐ നിജാം, പ്രത്യേക പൊലീസ് സംഘത്തിലുൾപ്പെട്ട വിനോദ്, നിഥിൻ, മുരുകൻ, കലാം, ഷിജു, ബിജു, ഷിജുറോബർട്ട് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.