Fri. Mar 29th, 2024

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മിസോറമിലെ രണ്ടാമത്തെ മലയാളി ഗവർണറാണ് കുമ്മനം. മിസോറം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഗുവാഹത്തിയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ ഇന്നലെ രാവിലെയാണ് കുമ്മനം ഐസ്വാളിലെത്തിയത്. വെള്ളമുണ്ടും ഷർട്ടും ഹാഫ് ജാക്കറ്റും ധരിച്ച കുമ്മനത്തെ മുഖ്യമന്ത്രി ലാൽ തന്വാലയും മന്ത്രിമാരും ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. തുടർന്ന് മിസോറം പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ നൽകി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണറുടെ നിയമന ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ച ശേഷം ചീഫ് ജസ്റ്റിസ് കുമ്മനത്തെ ക്ഷണിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. മന്ത്രിമാർക്കൊപ്പം ഫോട്ടോ സെഷനും ചായസൽക്കാരവും കഴിഞ്ഞ് മാദ്ധ്യമങ്ങളെ കണ്ടു. ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുകയാണെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ലാൽ തന്വാല, ആഭ്യന്തര മന്ത്രി ആർ. ലാൽസിർലിയാന, സ്പീക്കർ ഹിഫെയ്, പൊലീസ് മേധാവി ബാലാജി ശ്രീവാസ്തവ, ബി.ജെ.പി മിസോറം ഘടകം അദ്ധ്യക്ഷൻ ജെ.വി. ലൂന, ബി.ജെ. പി ഡൽഹി സംഘടനാ സെക്രട്ടറിയും മലയാളിയുമായ സിദ്ധാർത്ഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വക്കം പുരുഷോത്തമൻ യു.പി.എ സർക്കാരിന്റെ കാലത്ത് മൂന്നുവർഷം ഇവിടെ ഗവർണറായിരുന്നു.