Thursday, August 11, 2022

Latest Posts

പുതുതലമുറയ്ക്ക് സി.കേശവൻ വഴികാട്ടിയാകുമെന്ന് ഗവർണർ ജസ്റ്റീസ് പി.സദാശിവം

അനീതിയ്ക്കും അസമത്വത്തിനുമെതിരെ പോരാടിയ സി.കേശവന്റെ പേരിലുള്ള സ്റ്റാമ്പ് പുതുതലമുറയ്ക്ക് വഴികാട്ടിയാകുമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. സി.കേശവന്റെ 127ആം ജന്മദിനത്തിന്റെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം മാസ്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു ഗവർണർ.

വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികൾക്ക് മിനിമം വേതനം ‌‌ഏർപ്പെടുത്തിയതിലൂടെ പുതിയൊരു മാറ്റത്തിനാണ് സി.കേശവൻ തുടക്കമിട്ടത്. അതിന്റെ ചുവട് പിടിച്ച് ഇന്ത്യയിലുടനീളം മിനിമം വേതനം നടപ്പിലാക്കാൻ കഴിഞ്ഞു. മികച്ചൊരു അഭിഭാഷകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സി.കേശവൻ നല്ലൊരു നടനും ഗായകനുമായിരുന്നു. മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായിരുന്ന അദ്ദേഹം വിശ്രമമില്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളിലൂന്നി നിന്ന് സാമൂഹിക മാറ്റത്തിനുവേണ്ടി പടപൊരുതി. കാറൽ മാർക്സിന്റെ തത്വചിന്തകൾ സി.കേശവന്റെ വാക്കുകൾക്ക് ശക്തിപകർന്നു. യുക്തിവാദത്തിൽ അടിയുറച്ച് നിന്ന് സത്യത്തിനും സ്നേഹത്തിനും വേണ്ടി പൊരുതിയ അദ്ദേഹത്തിന്റെ നിലപാടുകൾ ഈ സ്റ്റാമ്പിലൂടെ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഗവർണർ പറഞ്ഞു.

ജീവിതം സമരമായി കണ്ട് മാറ്റത്തിനുവേണ്ടി പോരാടിയ മഹാനായിരുന്നു സി.കേശവനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന പാതയിലൂടെ മുട്ടുമടക്കാതെ നിർഭയനായി ചരിത്രത്തിന് മുമ്പേ നടന്നതാണ് സി.കേശവന്റെ പ്രത്യേകതയെന്നും ചെന്നിത്തല പറഞ്ഞു. നവോത്ഥാന പ്രസ്ഥാനം കേരളത്തിന് സംഭാവന ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സി.കേശവനെന്ന് സ്റ്റാമ്പ് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിന്റെ അപൂർവമാതൃകയായ അദ്ദേഹത്തിന് പിന്നീട് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയെന്ന് ബാലൻ പറഞ്ഞു.

വോട്ട് കിട്ടാൻ വേണ്ടി ഇന്നത്തെ നേതാക്കൾ ജാതിക്കും മതത്തിനും പിന്നാലെ പാേകുമ്പോൾ ഇതിന് രണ്ടിനുമെതിരെ പോരാടിയതാണ് സി.കേശവനെ വ്യത്യസ്തനാക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.സി.കേശവന്റെ പ്രാധാന്യം കാലത്തിന് അതീതമാണ്. സാഹോദര്യത്തിലധിഷ്ഠിതമായ സമൂഹമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും സുധാകരൻ പറഞ്ഞു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.