സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിലിനെ (47) വെട്ടിക്കൊന്ന കേസിൽ ആർ.എസ്.എസ് പ്രവർത്തകനെ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷാണ് പിടിയിലായത്. ഇന്ന് ജെറിന്റെ വിവാഹം നടക്കേണ്ടതായിരുന്നു.
രാവിലെ വിവാഹത്തിനായി വീട്ടിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് ജെറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് ജെറിന്റെ വിവാഹം മുടങ്ങി. ജെറിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
ഈ മാസം ഏഴിന് രാത്രി 9.30നാണ് ബാബുവിനെ അക്രമി സംഘം വെട്ടിക്കൊന്നത്. വീട്ടിലേക്ക് മടങ്ങവെ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്തു വെച്ച് അക്രമികൾ റോഡിൽ വളഞ്ഞിട്ട് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ മാഹി പാലത്തിനടുത്ത് വച്ച് ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പെരിങ്ങാടിയിലെ ഷമേജിനയും വെട്ടിക്കൊന്നിരുന്നു.ഈ രണ്ടു കേസുകളിലേയും ആദ്യത്തെ അറസ്റ്റാണിത്. കേസ് അന്വേഷിക്കുന്നത് പുതുച്ചേരി പൊലീസാണ്. അവർക്കാവശ്യമായ സഹായം കേരള പൊലീസ് നൽകുന്നുണ്ട്.
ബാബുവിന്റെ വധവുമായി ബന്ധപ്പെട്ട് ബി.ജെ.പി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയൻ പൂവച്ചേരിയെ പള്ളൂർ പൊലീസ് നേരത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതായി സംശയമുണ്ടായതാണ് ചോദ്യം ചെയ്യാൻ കാരണം.