Thu. Mar 28th, 2024

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഐജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണ്. എസ്‌ഐ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.

കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. 8 പ്രതികളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നിലപാട് കേട്ട ഹൈക്കോടതി ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാനായി മാറ്റി. കേസിലെ നാലാം പ്രതിയും വരാപ്പുഴ എസ്‌ഐയുമായിരുന്ന ദീപക്കിന്റെ ജമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കും മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കേസ് രാഷ്ട്രീയവത്കരിക്കാനാണ് നീക്കമെന്ന സര്‍ക്കാര്‍ വാദത്തെ തുടര്‍ന്നാണ് അപേക്ഷ നിരാകരിച്ചത്.

വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ജി.എസ്. ദീപക്, അന്വേഷണച്ചുമതല വഹിച്ചിരുന്ന പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ പി.പി. സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, എം.എസ്. സുമേഷ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇവരില്‍ ക്രിസ്പിന്‍ സാമിന് ഒഴികെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളുടെ വെളിച്ചത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ കഴിഞ്ഞ ദിവസം പ്രത്യേകസംഘം ചോദ്യം ചെയ്തിരുന്നു.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണു പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.