ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാർശ കേന്ദ്രത്തിന് വീണ്ടും സമർപ്പിക്കാൻ സുപ്രീംകോടതി കൊളീജിയം യോഗം തീരുമാനിച്ചു. നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയക്കുന്ന ഈ ശുപാർശ ഇനി കേന്ദ്രസർക്കാരിന് തള്ളിക്കളയാനാകില്ല. എന്നാൽ തീരുമാനമെടുക്കാതെ ഫയൽ മാറ്റി വയ്ക്കാൻ കഴിയും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന ശുപാർശ കൊളീജിയം നൽകിയിരുന്നെങ്കിലും മലയാളിയായ കെ.എം.ജോസഫിന്റെ പേര് കേന്ദ്രം മടക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങൾ. ഇവർ ഐക്യകണ്ഠേനയാണ് തീരുമാനത്തിലെത്തിയതെന്നാണ് വിവരം. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ഇന്ദു മൽഹോത്രയുടെയും കെ.എം. ജോസഫിന്റെയും പേരുകളാണ് കൊളീജിയം നേരത്തെ ശുപാർശ ചെയ്തിരുന്നത്.
എന്നാൽ ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സർക്കാർ കെ.എം. ജോസഫിന്റെ പേര് തിരിച്ചയച്ചു. സീനിയോറിട്ടി അനുസരിച്ച് 42ആമനാണെന്നും പ്രതിനിധീകരിക്കുന്ന കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിദ്ധ്യമുണ്ടെന്നുമാണ് കേന്ദ്രം നൽകിയ വിശശദീകരണം. ഇത് തൃപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയം വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.