Thu. Apr 18th, 2024

തിരുവനന്തപുരം പേയാട്ടെ കമാന്‍ഡോ ഡോഗ് സ്ക്വാഡ്  സംസ്ഥാനത്ത് ആദ്യമായി ഡോഗ് എക്സ്‌ചേഞ്ച് ആരംഭിച്ചു. വളര്‍ത്തി മടുത്ത നായ്ക്കളെ ഡോഗ് സ്ക്വാഡിനെ ഏല്പിച്ചാല്‍ പുതിയ ഇനം നായ്ക്കളുമായി മടങ്ങാം.നായ്ക്കളുടെ പരിപാലനവും പരിശീലനവും സര്‍വീസും ഏറ്റെടുത്ത് ഉടമകളെ സഹായിക്കുന്ന പേയാട്ടെ കമാന്‍ഡോ ഡോഗ് സ്ക്വാഡ് പതിനഞ്ച് വര്‍ഷമായി തലസ്ഥാനത്ത് പ്രവർത്തിക്കുന്നു.

വയസന്‍ നായ്ക്കളെയും ആക്രമണകാരികളെയും തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാനായാണ് ഡോഗ് എക്സ്‌ചേഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് കമാന്‍ഡോ ഡോഗ് സ്ക്വാഡ് നടത്തുന്ന കമാന്‍ഡോ സുരേഷ് പറയുന്നു.വളർത്തുനായ്ക്കളെ ഇനി ആരും തെരുവില്‍ തള്ളേണ്ടതില്ല തങ്ങൾ ഏറ്റെടുക്കും എന്നും സുരേഷ് അവകാശപ്പെടുന്നു.വീട് മാറി ദൂരെ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ നായ്ക്കളെ യജമാനന്മാര്‍ക്ക് ഇനി ഉപേക്ഷിക്കേണ്ടി വരില്ല. അവയെ കമാന്‍ഡോ ഏറ്റെടുക്കും. മുന്തിയ ഇനത്തില്‍പ്പെട്ട പത്തുവയസില്‍ താഴെയുള്ള ഏതിനം നായയെയും ഏറ്റെടുക്കും.എന്നെല്ലാമാണ് അവകാശവാദം.

എന്നാൽ ഇയാൾ ഇത് വ്യവസായമാക്കിയ ആളാണെന്നും.നായ്ക്കളെ നിയമ വിരുദ്ധമായി ക്രൂരമായി പീഡിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത് എന്നും പീപ്പിൾ ഫോർ അനിമൽസ് പ്രവർത്തകർ പറയുന്നു. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.ഇങ്ങനെ ഒരു മാധ്യമ പരസ്യം നൽകിയിരിക്കുന്നത് പോലും നിയമ വിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്തിയ ഇനം നായ്ക്കളെ കാവലിനായി വാടകയ്ക്ക് നല്‍കിവരുന്നുണ്ട് സുരേഷ്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍ ഉള്‍പ്പെടെ പതിനഞ്ച് നായ്ക്കളാണ് വാടകാടിസ്ഥാനത്തില്‍ വി.വി.ഐ.പികളുടേതുള്‍പ്പെടെ വീടിന്റെ കാവലിനുള്ളത്. നഗര പരിധിയില്‍ ഭക്ഷണമുള്‍പ്പെടെ ഒരു ദിവസത്തേക്ക് 250 രൂപയാണ് വീടിന് കാവല്‍ നില്‍ക്കാന്‍ ഒരു നായയുടെ വാടക നിരക്ക്.  റെന്റ് എ ഡോഗ് സേവനത്തിനെത്തുന്ന നായയെ ഇഷ്ടപ്പെട്ടാല്‍ വീട്ടുടമയ്ക്ക് വില നല്‍കി അതിനെ സ്വന്തമാക്കുകയും ചെയ്യാം എന്നും ഇയാൾ പറയുന്നു

വളരെ സാഡിസ്റ്റിക് ട്രീറ്റ്മെന്റിലൂടെ ആണ് ഇയാൾ നായ്ക്കളെ അനുസരണയുള്ളവരാക്കി മാറ്റുന്നത് ,ഇദ്ദേഹത്തിന്റെ അടുത്ത് പരസ്യം കണ്ടു നായ്ക്കളെ ഏൽപിച്ചവർ പറയുന്നത് വളരെ മോശമായ രീതിയിലാണ് തങ്ങളുടെ നായ്ക്കളെ ഇയാൾ കൈകാര്യം ചെയ്തത് എന്നാണ് . പാവം മിണ്ടാ പ്രാണികളെ വച്ച് ലക്ഷങ്ങളുടെ ബിസിനെസ് ആണ് നടത്തിവരുന്നത്

കൂടാതെ ഹോസ്റ്റല്‍, ട്രെയിനിംഗ്, ട്രീറ്റ്മെന്റ്, സര്‍വീസ്, ഡോഗ് ഡിസ്പോസിംഗ്, ബ്യൂട്ടി പാര്‍ലര്‍, റെന്റ് എ ഡോഗ്, ഡോഗ് സെയില്‍, ക്രിമിറ്റോറിയം (ശ്മശാനം), പ്രായമായ പട്ടികളെ പരിശീലിപ്പിക്കുന്ന റിഫ്രഷിംഗ് കോഴ്സ്, എക്സ്‌ചേഞ്ച്, ബ്രീഡിംഗ്.എന്നീ സേവനങ്ങളും പേയാട്ടെ കമാന്‍ഡോ ഡോഗ് സ്ക്വാഡ് നൽകിവരുന്നുണ്ട്.എന്നും പരസ്യത്തിൽ പറയുന്നു

ഇതിന് പുറമേ നായ്ക്കള്‍ക്കു ബ്യൂട്ടിഷ്യന്‍മാരെയും ഇവിടെ ലഭിക്കും. വളര്‍ത്തു നായ്ക്കളെ ഷാമ്പു ഇട്ട് മസാജ് ചെയ്ത് രോമക്കെട്ടുകളിലെ പൊടിയും ജടകളുമെല്ലാം മാറ്റി വെട്ടിയൊതുക്കി സുന്ദരന്‍മാരാക്കും. നായ്ക്കളുടെ കാലിലെ നഖങ്ങള്‍ വെട്ടിയും ഇഷ്ടമുള്ള നിറങ്ങള്‍ ഡൈചെയ്തും നായ്ക്കുട്ടികളെ സുന്ദരക്കുട്ടപ്പന്‍മാരാക്കി കൊണ്ടുനടക്കാന്‍ കമാന്‍ഡോയുടെ സേവനം ലഭ്യമാകും. നായ്ക്കളെ വൃത്തിയാക്കുന്നതിന് നഗരത്തില്‍ 200 രൂപയും കൂടുകള്‍ വൃത്തിയാക്കുന്നതിന് നൂറ് രൂപയുമാണ് ഫീസ്.

ലാബ്രഡോര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, ഗ്രേറ്റ് ഡെയില്‍, ബോക്‌സര്‍, പഗ്ഗ്, ഡാല്‍മേഷന്‍, പൊമേറിയന്‍, ഡാഷ്.എന്നീ ഇനങ്ങളിലുള്ള വളര്‍ത്തു നായ്ക്കള്‍ കമാന്‍ഡോ സ്ക്വാഡിൽവിൽപ്പനക്കുണ്ടെന്നും ഇയാളുടെ ഫോൺ നമ്പർ സഹിതം നൽകിയിരിക്കുന്ന പരസ്യത്തിൽ പറയുന്നു . കമാന്‍ഡോ സുരേഷിന്റെ ഫോണ്‍: 9387810799, 0471-2289577.

ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇയാൾ തന്നെയാണ് പരസ്യരൂപത്തിൽ സെയിൽസ് പ്രമോഷനുള്ള പെയ്ഡ് ന്യൂസ് കൊടുത്തിരിക്കുന്നതെന്നും പി എഫ് എ പ്രവർത്തകർ പറഞ്ഞു.ഇയാൾക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് തലസ്ഥാനത്തെ മൃഗസ്നേഹികൾ.