Thu. Apr 25th, 2024

സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മാഹിയില്‍ ഇന്നലെയുണ്ടായ അക്രമത്തിന്റെ പേരില്‍ 500 പേര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന സി.പി.എം – ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചു, സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിൽ അക്രമം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ വിലാപയാത്രയ്ക്കിടയില്‍ സിപിഎം പ്രവര്‍ത്തകന്റെ കട കത്തിക്കുകയും ബിജെപിയുടെ കൊടിമരം നശിപ്പിക്കുകയും പോലീസിന്റെ വാഹനം കത്തിക്കുകയും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇരുവിഭാഗത്തിലും പെട്ട പത്തുപേര്‍ കസ്റ്റഡിയിലുണ്ട്.

കൊലപാതകസംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി ഉന്നത പോലീസ് സംഘം മാഹിയിലേക്ക് തിരിക്കും. പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍, സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്ത എന്നിവരാണ് മാഹിയില്‍ എത്തുന്നത്. ബിജെപി നേതാക്കള്‍ നാളെ പുതുച്ചേരി ഗവര്‍ണറെ കാണുന്നുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്നും എസ്.പി. ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കെ.എ.പി.യുടെ മൂന്ന് ബറ്റാലിയനും തലശേരി – ഇരിട്ടി സബ്ബ് ഡിവിഷനിലെ പോലിസ് സേനയും തലശ്ശേരി, മാഹി മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് മാഹി പള്ളൂരില്‍ സി. പി.എം. നേതാവ് ബാബു കണ്ണിപ്പൊയിലിനെയും ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ യു.സി. ഷമേജിനെയും വെട്ടിക്കാലപ്പെടുത്തിയത്. ഇരുവരുടേയും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ പാര്‍ട്ടിഓഫീസുകളും വാഹനങ്ങളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. വീടുകള്‍ക്കു നേര്‍ക്കു ബോംബേറുണ്ടായി. കൊലപാതകങ്ങളെത്തുടര്‍ന്ന് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂരിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയതിനു പിന്നാലെ മാഹിയിലെ ഇരട്ടപിലാക്കൂലില്‍ ബി.ജെ.പി ഓഫീസ് തകര്‍ക്കുകയും പുതുച്ചേരി പോലീസിന്റെ ജീപ്പും അഗ്‌നിക്കിരയാക്കുകയും ചെയ്തു. പള്ളൂര്‍ പോലീസ് സ്‌റ്റേഷനടുത്ത ഔഷധി വില്‍പന കേന്ദ്രത്തിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി മരുന്ന് മുഴുവനും വാരിവലിച്ചു റോഡിലെറിഞ്ഞു.

തൊട്ടടുത്ത ബി.ജെ.പി. ഓഫീസില്‍ കയറി ഫര്‍ണിച്ചറുകളും ജനല്‍ഗ്രില്ലുകളും റോഡിലെറിഞ്ഞു. ഓഫീസിന്റെ താഴത്തെ ഇലക്ട്രിക് കടയ്ക്കു കേടുപാടുകള്‍ വരുത്തി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അഗ്്‌നിക്കിരയാക്കി. കേരളാ പോലീസും പുതുച്ചേരി ഐ.ആര്‍.ബി പോലിസ്, മാഹി പോലീസ് എന്നീ സംഘങ്ങളും നോക്കിനില്‍ക്കെയായിരുന്നു അക്രമം. അക്രമദൃശ്യം പകര്‍ത്തുകയായിരുന്ന മലബാര്‍ ചാനല്‍ ക്യാമറമാന്റെ ക്യാമറ ബലമായി പിടിച്ചുവാങ്ങി എറിഞ്ഞു നശിപ്പിച്ചു.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബാബുവിന്റെ മൃതദേഹം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിച്ചപ്പോഴും സംഘര്‍ഷമുണ്ടായി. വിലാപയാത്രയില്‍ അണിചേര്‍ന്ന പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനു സമീപത്തെ ബി.എം.എസ്, ബി.ജെ.പി കൊടിമരങ്ങള്‍ പിഴുതെറിഞ്ഞു. മഞ്ഞോടി കീഴന്തിമുക്കില്‍ ബി.എം.എസ് ഓഫീസും സമീപത്തെ ബി.ജെ.പി പ്രവര്‍ത്തകനായ രാമന്റെ ടയര്‍കടയും മാടപ്പീടികയിലെ ബി.ജെ.പി ഓഫീസും അടിച്ചു തകര്‍ത്തു. പാലില്‍ ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവര്‍ത്തകനുമായ സൂധീറിന്റെ വീടിനു നേരെ ബോംബേറിഞ്ഞു.

ഷമേജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ കണ്ണൂര്‍ ന്യൂ മാഹിയില്‍ സി.പി.എം. പ്രവര്‍ത്തകന്റെ കടയ്ക്കുനേരെ അക്രമണമുണ്ടായി. പോലീസ് രണ്ടു തവണ ഗ്രനേഡു പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം െവെകിപ്പിച്ചെന്നാരോപിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബി.ജെ.പിക്കാര്‍ പ്രതിഷേധിച്ചു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം െവെകിപ്പിച്ചതെന്നായിരുന്നു ആരോപണം.

കൊല്ലപ്പെട്ടവര്‍ ഒരേ നാട്ടുകാരായതിനാല്‍ വിലാപയാത്രകള്‍ ഒരുമിച്ചെത്തുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്ന് പോലീസ് കരുതിയിരുന്നു. ഒടുവില്‍ നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നാലു മണിയോടെയാണ് ഷമേജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി മാഹിയിലേക്കു കൊണ്ടുവന്നത്. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായിട്ടാണ് സ്വദേശമായ പള്ളൂരില്‍ കൊണ്ടുവന്നത്.

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം കാണാന്‍ നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു. കണ്ണൂരിലും തലശ്ശേരിയിലും പൊതുദര്‍ശനത്തിനു വെച്ചശേഷം െവെകിട്ട് നാലിന് മാഹി ഈസ്റ്റ് പള്ളൂരിലെ പണിതീരാത്ത വീടിനു സമീപം സംസ്‌കരിച്ചു. മാഹി പാലത്തിന് സമീപവും പെരിങ്ങാടിയിലെ വീട്ടിലും പൊതുദര്‍ശനത്തിനുവച്ച ഷമേജിന്റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലികള്‍പ്പിക്കാന്‍ നിരവധിപ്പേരാണ് തടിച്ചുകൂടിയത്. െവെകിട്ട് 6.30 ഓടെ സംഘപരിവാര്‍ നേതാക്കളുടേയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഷമേജിന്റെ മകന്‍ അഭിനവ് ചിതക്ക് തീക്കൊളുത്തി.