Thu. Apr 25th, 2024

 ✍️ ഡോ.ഹരികുമാർ വിജയലക്ഷ്മി

“സർവ്വജ്ഞ ഋഷിരുത് ക്രാന്ത:
സദ്ഗുരു: ശുക വർത്മനാ
ആഭാതി പരമ വ്യോമ്നി
പരിപൂർണ്ണ കലാനിധി :
ലീലയാ കാലമാധികം
നിത്യാfന്തേ സ മഹാപ്രഭു
നിസ്സ്വം വപു: സമുത്സ്യജ്യ
സ്വം ബ്രഹ്മാവ പുരസ്ഥിത:“(ശ്രീനാരായണഗുരു ചട്ടമ്പി സ്വാമി സമാധിയായപ്പോൾ എഴുതിയത്)

സാംസ്കാരിക രംഗത്തെ വിശേഷിച്ചു ആശയ രംഗത്തെ പ്രവർത്തനത്തിന്റെ പരിണിത ഫലങ്ങൾ കൃത്യമായി അളക്കുവാൻ പ്രയാസമാണ് കേരളത്തിൻറെ നവോത്ഥാനത്തിന് വഴിയൊരുക്കിയ ആശയ സമരത്തിൽ ചട്ടമ്പിസ്വാമികൾ വഹിച്ച പങ്ക് തിട്ടപ്പെടുത്താൻ ഇന്നും കഴിഞ്ഞിട്ടില്ല. പക്ഷെ ഒന്നുണ്ട് തൈക്കാട്ട് അയ്യാ ഗുരുവിൻറെ ശിഷ്യന്മാരായിരുന്ന ചട്ടമ്പിസ്വാമികളുടെ ആശയ രംഗത്തെ പ്രവർത്തനവും ശ്രീനാരായണ ഗുരുവിൻറെ പ്രായോഗിക രംഗത്തെ പ്രവർത്തനവും പരസ്പര പൂരകങ്ങൾ ആയിരുന്നു. ഇന്നത്തേതിനേക്കാൾ പ്രബലമായിരുന്ന സങ്കുചിത ജാതി വികാരങ്ങൾക്കൊന്നും വൃണപ്പെടുത്തുവാനോ തളർത്തുവാനോ കഴിയാതിരുന്ന അവരുടെ രീതി ഇന്നും ആശയ രംഗത്ത് ഉത്തമ മാതൃകയായി നിലകൊള്ളുന്നു. കേരളത്തിൽ ജാതി അതിന്റെ പ്രവർത്തന രീതി മാറ്റി പുതിയ വേഷം കൈക്കൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരുടെ ഇടയിൽപോലും ഇന്നത് കൂടുതൽ വിനാശകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ന് ചട്ടമ്പി സ്വാമികളുടെ മഹാ സമാധി ദിനം കടന്നുവരുന്നത്. ചട്ടമ്പി സ്വാമിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന നാം അവർ പടിയടച്ചു പിണ്ഡം വച്ചതിനെയെല്ലാം പുനരവതരിപ്പിക്കാനുള്ള പുനരുത്ഥാന പാതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന സത്യം വളരെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.


”ലൈംഗീക വൈകൃതങ്ങളും ഹിംസയും ഉൾപ്പെടുന്ന യാഗത്തെ ആയിരം വേദങ്ങൾ ആദരിച്ചാലും ഞാൻ ആചരിക്കില്ലെന്നു” വെട്ടിത്തുറന്നു പറഞ്ഞ, ’യാഗങ്ങൾ നടത്തിയും മൃങ്ങളെയും പക്ഷികളെയും മറ്റു ജന്തുക്കളെയും കൊന്നും മൃഗങ്ങളുമായി മൈഥുനം നടത്തിയും സ്വർഗ്ഗത്തിൽ പോകാമെങ്കിൽ നരകത്തിൽ പോകാൻ ഞാൻ എന്ത് ചെയ്യണം/’എന്നും ചോദിച്ച ചട്ടമ്പി സ്വാമികളെ ബ്രാഹ്‌മണിസ്റ്റുകളായ സ്വന്തം സമുദായം പോലും അംഗീകരിക്കാതിരുന്നതിൽ എന്ത് അത്ഭുതം?

ജീവിതമാകെ പഠനത്തിനും ഗവേഷണത്തിനും ആശയ പ്രചരണത്തിനും വേണ്ടി വിനിയോഗിച്ച മഹാ പ്രതിഭയായ ചട്ടമ്പി സ്വാമികളിൽ നിന്ന് മലയാളിക്കും മലയാളത്തിനും ഗ്രന്ഥ രൂപത്തിൽ കിട്ടേണ്ടതെല്ലാം കിട്ടി എന്ന് ഒരിക്കലും പറയാനാവുകയില്ല. ഗ്രന്ഥങ്ങൾ എഴുതിയവപോലും പ്രസിദ്ധപ്പെടുത്തുന്നതിൽ ചട്ടമ്പി സ്വാമികൾക്ക് യാതൊരു താത്പര്യവും ഇല്ലായിരുന്നു എന്നതാണ് സത്യം. അച്ചടിയും മറ്റും ഇന്നത്തെപ്പോലെ പ്രചാരത്തിലായി കഴിഞ്ഞിട്ടില്ലാതിരുന്ന അക്കാലത്ത് അതിനുള്ള പ്രയാസങ്ങൾ വലുതായിരുന്നു. സ്വാമികൾ രചിക്കാൻ ഉദ്ദേശിച്ച പല കൃതികളും രചിക്കപ്പെട്ടിട്ടില്ല എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വലിയ നഷ്ട്ടമാണ്. ചിട്ടയായ രചനാരീതി സ്വാമികൾക്കുണ്ടായിരുന്നില്ല. എവിടെയെങ്കിലും തങ്ങുമ്പോൾ സ്വാമികൾ വല്ല കടലാസിലും എഴുതിവെക്കും. അങ്ങനെയുള്ള എഴുത്ത് പ്രതികൾ പലതും നഷ്ട്ടപ്പെട്ടുപോയിട്ടുമുണ്ട്. ഇതിനകം പ്രസിധീകൃതമായിട്ടുള്ള കൃതികൾ എണ്ണത്തിൽ കുറവാണെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ അവ മഹത്തരവുമാണ്.

ഒരിക്കലും കാവി വസ്ത്രം ധരിക്കാതിരുന്ന കുഞ്ഞൻപിള്ള എന്ന ചട്ടമ്പിസ്വാമികൾ ജാതി വ്യവസ്ഥയ്ക്കും സാമൂഹിക അനാചാരങ്ങൾക്കും എതിരായി നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു. ഗഹനമായ ആധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചപ്പോഴും കൃത്യതയുള്ള ചരിത്ര വീക്ഷണവും മാനവികതാ ബോധവും അദ്ദേഹം പുലർത്തി.


വേദാന്തിയെന്ന പോലെ കവിയുമായിരുന്നു ചട്ടമ്പിസ്വാമികൾ. അബ്രാഹ്മണർക്കും വേദം പഠിക്കാമെന്നു സ്ഥാപിക്കുന്ന ‘വേദാധികാരനിരൂപണം’, പരശുരാമൻ കേരളം ബ്രാഹ്മണർക്കു ദാനം ചെയ്തുവെന്ന കള്ളക്കഥ ഖണ്ഡിക്കുന്ന ‘പ്രാചീന മലയാളം’, ‘ആദിഭാഷ’, ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദു മതത്തെ നിന്ദിക്കുന്ന മിഷണറിമാരെ എതിർക്കുന്ന ‘ക്രിസ്തുമതച്ഛേദനം’, ആലത്തൂർ ശിവയോഗിയുടെ മോക്ഷപ്രദീപത്തിന്റെ വിമർശനമായ ‘മോക്ഷപ്രദീപഖണ്ഡനം’, പുനർജന്മനിരൂപണം, തർക്കരഹസ്യരത്നം തുടങ്ങി നിരവധി കൃതികൾ രചിച്ചു.

ശ്രീനാരായണ ഗുരുവിൻറെ സമകാലീനനും സതീർഥ്യനും ആയിരുന്ന ചട്ടമ്പി സ്വാമികൾക്ക് കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഒരു ലഘു വിവരണം ഇ.എം എസ് നൽകിയിട്ടുണ്ട്. മുൻഗാമിയായിരുന്ന തുഞ്ചത് എഴുത്തച്ഛനോടും പിൻഗാമിയായ മഹാകവി വള്ളത്തോളിനോടും ചട്ടമ്പി സ്വാമികളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം “കേരളം:സമൂഹവും രാഷ്ട്രീയവും”എന്ന തൻറെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു,

“ജാതി- ജന്മി- നാടുവാഴി മേധാവിത്വത്തിൻകീഴിൽ മറ്റു സമ്പത്തുകൾ എന്നപോലെ വിജ്ഞാന സമ്പത്തും അധഃസ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. അന്നത്തെ വിജ്ഞാന സമ്പത്ത് മിക്കവാറും മുഴുവൻ കിടന്നിരുന്നത് സംസ്കൃതത്തിൽ ആയതിനാൽ അവ അധഃസ്ഥിതർക്ക് അപ്രാപ്യമായിരുന്നു.”


“ഈ സ്ഥിതി അവസാനിപ്പിച്ച് ഉയർന്ന വർഗ്ഗക്കാർക്കുമാത്രം ലഭ്യമായിരുന്ന സംസ്കൃതത്തിലെ പുരാണേതിഹാസങ്ങൾ ലളിതമായ മലയാളത്തിൽ അധഃസ്ഥിത ഹിന്ദുക്കളുടെയെല്ലാം ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെ മേൽജാതിക്കാരുടെ സാംസ്കാരിക കുത്തക തകരാൻ തുടങ്ങി.”

“പക്ഷെ എഴുത്തച്ഛന് പോലും പുരാണേതിഹാസങ്ങൾ അല്ലാതെ വേദങ്ങളും ഉപനിഷത്തുകളും അധഃസ്ഥിത വിഭാഗങ്ങൾക്ക് കിട്ടാറാക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നു.അത് മേൽജാതിക്കാരുടെ മാത്രമല്ല അവരിൽത്തന്നെ മുന്തിയവരായ ബ്രാഹ്മണരുടെ കുത്തകാവകാശമായി തുടർന്നു.”

“ഈ കുത്തകാവകാശത്തെയാണ് ചട്ടമ്പി സ്വാമി പൊളിക്കാൻ തുടങ്ങിയത്. പുരാണേതിഹാസങ്ങൾ മാത്രമല്ല വേദങ്ങളും പഠിക്കാൻ അധഃസ്ഥിത ജാതിക്കാർക്ക് അവകാശം ഉണ്ടെന്ന് സ്വാമികൾ സ്ഥാപിച്ചു.”


“സ്വാമികൾ തുടങ്ങിവെച്ച ജോലി പൂർത്തിയാക്കിയത് ഏതാനും പതിറ്റാണ്ടുകൾക്കകത്ത് ഋഗ്വേദം മുഴുവൻ തന്റേതായ കാവ്യഭാഷയിലും ശൈലിയിലും തർജ്ജമ ചെയ്ത മഹാകവി വള്ളത്തോൾ ആണ്. അതും കഴിഞ്ഞു ഏതാനും പതിറ്റാണ്ടുകൾക്കകത്ത് സായണൻറെ ഭാഷ്യത്തോടു കൂടിയ ഋഗ്വേദം ഒ എം സി മലയാളികൾക്ക് നൽകി.വള്ളത്തോളിൻറെയും ഒ എം സി യുടെയും ഗ്രൻഥങ്ങളുടെ പ്രകാശനത്തോടുകൂടി ചട്ടമ്പി സ്വാമി കണ്ട സ്വപ്നം യാഥാർഥ്യമായി.”

“ചട്ടമ്പി സ്വാമിയുടെ സമകാലീനൻ ആയിരുന്ന ശ്രീ നാരായണൻ മേൽ ജാതിക്കാരുടെ മറ്റൊരു സാംസ്കാരിക കുത്തകയും പൊളിച്ചു.സവർണ്ണരുടെ കുത്തകയായിരുന്ന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അവർണ്ണർക്കും ആകാമെന്ന് സ്വാമിജി കാണിച്ചു.അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങൾ ,അദ്ദേഹത്തെ പിന്തുടർന്ന് വന്ന ശ്രീനാരായണ ധർമ്മം,അതിനു പ്രചാരണം നൽകുന്ന സന്യാസിമാർ ഇതൊക്കെ കേരളത്തിൽ ഒരു സാംസ്കാരിക വിപ്ലവം തന്നെ സൃഷ്ട്ടിച്ചു.”

“തിരുവിതാങ്കൂറിൽ ശ്രീനാരായണനും ചട്ടമ്പി സ്വാമിയും എന്നപോലെ മലബാറിൽ ബ്രഹ്മാനന്ദ ശിവയോഗി,വാഗ്ഭടാനന്ദൻ എന്നിവർ ആത്മീയതയിൽ തുടങ്ങി ആധുനീക ദേശീയതയിൽ ചെന്നെത്തുന്ന തരത്തിലുള്ള നവോത്ഥാന പ്രസ്ഥാനത്തിന് ബീജാവാപം നടത്തി.”



‘ഇങ്ങനെ ആത്മീയതയുടെ ബാഹ്യാവരണം ഉള്ളതെങ്കിലും ആധുനീക ജനാധിപത്യ പ്രസ്ഥാനത്തിൻറെ ഉള്ളടക്കത്തോട് കൂടിയ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനമായിരുന്നു പിന്നീട് മലബാർ പ്രദേശത്ത് ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയും തിരു കൊച്ചി പ്രദേശത്ത് ഉത്തരവാദ ഭരണത്തിന് വേണ്ടിയും രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ മുന്നോടി.”

ഈ നിലക്ക് തുഞ്ചത്ത് എഴുത്തച്ഛൻ തൊട്ട് ഇവിടെ പേര് പറയപ്പെട്ടവരും അല്ലാത്തവരുമായ മഹാന്മാരെല്ലാം ജാതി രഹിതവും മത നിരപേക്ഷവുമായ ഒരു പുത്തൻ കേരളം കെട്ടിപ്പടുക്കുന്നതിന് മഹത്തായ സംഭാവന നൽകിയവരാണ്. ഇവരുടെയെല്ലാം നവോത്ഥാന പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന നാം ഇപ്പോൾ പുനരുത്ഥാന വാദികളുടെ കുതന്ത്രങ്ങൾക്കു അടിപ്പെട്ട് റിവൈവലിസത്തിൻറെ പാതയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം ഒരു പുനർ വിചിന്തനത്തിന് ഉപയോഗിക്കാൻ ഈ ദിനം എങ്കിലും ഉപകരിക്കട്ടെ.


പൂർവ്വാശ്രമം ഇങ്ങനെ

രാമൻപിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ ‘ചട്ടമ്പി’ (ക്ലാസ് ലീഡർ) ആയിരുന്ന കുഞ്ഞൻ, ആ പേര് പതിഞ്ഞാണ് ചട്ടമ്പിസ്വാമിയായി അറിയപ്പെട്ടത്. രാമൻപിള്ള ആശാൻ കുഞ്ഞന്റെ സംഗീതവാസനയെയും പ്രോത്സാഹിപ്പിച്ചു. അദ്ദേഹം നടത്തിയിരുന്ന ‘ജ്ഞാനപ്രജാഗരം’ എന്ന സത്സംഗസദസ്സിൽ നിന്ന് ഹൈന്ദവ ദർശനങ്ങളിൽ ആകൃഷ്ടനായി. അവിടെവച്ച് തൈക്കാട്ട് അയ്യാവുവിൽ നിന്ന് ഹഠയോഗവും തമിഴ് വേദാന്ത ചിന്തയും സ്വാമിനാഥദേശികരിൽ നിന്ന് തമിഴ് ശാസ്ത്ര, പുരാണ ഗ്രന്ഥങ്ങളും പഠിച്ചു.

അയിടെ തിരുവനന്തപുരത്ത് നവരാത്രി സദസ്സിൽ പങ്കെടുക്കാനെത്തിയ സുബ്ബജടാപാഠികൾ എന്ന വേദാന്ത പണ്ഡിതനെ പരിചയപ്പെട്ട കുഞ്ഞൻപിള്ള അദ്ദേഹത്തോടൊപ്പം സ്വദേശമായ തമിഴ്നാട്ടിലെ കല്ലിടൈക്കുറിച്ചിയിലേക്ക് പോയി മൂന്നു വർഷങ്ങൾക്ക് ശേഷം സന്ന്യാസിയായി തിരിച്ചെത്തി.