Thu. Mar 28th, 2024

✍️ പ്രഭാകരൻ വരമ്പ്രത്ത്

നൂറ്റാണ്ടുകളായി അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചെറ്റക്കുടിലില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അടിസ്ഥാന അധ്വാന തൊഴിലാളി മനുഷ്യന്‍-തെളിച്ചു പറഞ്ഞാല്‍ ഇവിടുത്തെ തദ്ദേശീയ ജനത -ദലിതന്‍, അവന്‍റെ ഉന്നതമായ മാനവിക സംസ്കാരം എന്നാണ് ചെറ്റത്തരം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം! അത് മോശമാണെന്ന് കരുതുന്ന സാമൂഹ്യ വിരുദ്ധ മാനവിക വിരുദ്ധത(Migrant castes) സവര്‍ണ ഹിന്ദുക്കള്‍ കടുത്ത വംശീയ വിദ്വേഷവും അധമത്വവും കുത്തിനിറച്ച് ഉപയോഗിച്ചു് ജനകീയമാക്കിയ ഒരു രാഷ്ട്രീയ പ്രയോഗമാണിത്. ക്രിമിനല്‍ -സവര്‍ണ ഹിന്ദു മൂല്യങ്ങള്‍ സ്വാംശീകരിച്ച എല്ലാ വിഭാഗങ്ങളും ഇത് പരസ്പരം ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്നൂ !!

ഇതിനു പകരം വെക്കാന്‍ തിന്മയെ, അധമത്വത്തെ നീചത്വത്തെ സൂചിപ്പിക്കാന്‍ ‘ഇല്ലത്തരം’ എന്ന പ്രയോഗം എന്തുകൊണ്ട് നമുക്ക് ഉപയോഗിച്ചുകൂടാ?!!!

മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെ പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യാൻ മാധ്യമങ്ങളോ എഴുത്തുകാരോ തയ്യാറാകുന്നില്ല.

തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയവ തിരസ്‌കരിക്കപ്പെട്ടുപോയ കീഴാള ജീവിതങ്ങളെയും അവരുടെ തൊഴിലുകളെയും ജീവിത പരിസരങ്ങളെയും കേവലം തെറി പ്രയോഗങ്ങളാക്കി മാറ്റിയ സവര്‍ണ തിരസ്‌കാരത്തിന്റെ വേരുകളെ അടിയോടെ പിഴുതെറിയാന്‍ ശ്രമിക്കേണ്ടതുണ്ട്.

പരസ്യമായിതന്നെ ഇന്ന് ഉപയോഗിച്ചു വരുന്ന തെറി വാക്കുകളെല്ലാം സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമാണ്. അതിനെ വിശകലനം ചെയ്യുകയും വിമര്‍ഷണവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയും ഗവണ്‍മെന്റ് നിരോധിച്ചിട്ടും തോട്ടിപ്പണിയെ ന്യായീകരിക്കുന്ന നരേന്ദ്ര മോദിയും എല്ലാം ഇതിൻറെ ദൃഷ്ടാന്തങ്ങൾ മാത്രം.


“പുലയാടി മക്കൾ” എന്ന സർവത്രീക തെറി

പുലയടി ഒരു സ്ത്രീലിംഗ പദമാണെന്ന് വ്യക്തമാണല്ലോ?”പുലയാടി മക്കൾ” എന്ന തെറിയും, അല്ലെങ്കി “പൊലയനെ പോലെ പെരുമാറല്ലേട”എന്ന പുലമ്പലുകളും. 

ദളിത് സ്ത്രീകളുടെ ഒരു കൈ തൊഴിൽ ആയിരുന്നു പായ മെടയൽ. പായ മെടഞ്ഞു പൈസ ഉണ്ടാക്കി ആണ് ഈ പുലയ സമുദായത്തിൽ പെട്ടസ്ത്രീ ജീവിതങ്ങൾ ചില കാലങ്ങളിൽ മുന്നോട്ടു പോവുക. മുള്ള് നിറഞ്ഞ കൈത ഓല വെട്ടുക എന്നത് വളരെയധികം ശാരീരിക അധ്വാനം നിറഞ്ഞ പണിയാണ്. മുള്ള് ശരീരത്തിൽ കൊള്ളാതെ ശ്രമകരമായി സ്ത്രീകൾ ഓല വെട്ടി കെട്ട്കെട്ടുകളായി മാറ്റി വെക്കും.

പിന്നീട് ഒന്നോ രണ്ടോ ആഴ്ച അത് ഉണങ്ങാനിടും. പിന്നെ ഉണങ്ങിക്കിട്ടിയാൽ ഓലകളിലെ മുള്ള് കളയും. വളരെ സൂക്ഷിച്ചു കഴിവോട് കൂടി ചെയ്‌താൽ മാത്രേ മുള്ള് വിരലുകളിൽ/ശരീരത്തിൽ കൊള്ളാതെ ഇരിക്കുകയുള്ളൂ. പിന്നീട് മുള്ള് കളഞ്ഞ ഓല തിരിച്ചു തിരിച്ചു ഒരു ചക്രത്തിന്റെ രീതിയിൽ ആക്കും. ഓല നിവരാനാണത്. അങ്ങനെ അത് വീണ്ടും ഒന്നോ രണ്ടോ ആഴ്ച വെക്കും. പിന്നെ ഓരോ ഓലയും മൂന്നായി കീറും. ഈ പ്രവർത്തിയുടെ ഇടയിൽ ഈ സ്ത്രീകൾ രാഷ്ട്രീയം സെക്സ് കള്ളുകുടി ജീവിതങ്ങളെ ഒക്കെയും കുറിച്ച് പറഞ്ഞു കൊണ്ടേ ഇരിക്കും.


പിന്നെ അവർ പായ മേടയാൻ തുടങ്ങും. ഞങ്ങൾ കുട്ടികൾ അച്ഛമ്മ പായ മെടയുമ്പോൾ അവരുടെ കൈ വളരെ വേഗത്തിൽ ചലിക്കുന്നത് നോക്കി ഇരിക്കും. വീട്ടിലെ മറ്റു പണികൾക്കിടയിൽ ആണ് പായ മെടയൽ. പായ മെടയുന്നതിന്റെ ഇടയിൽ അച്ഛമ്മ ഒരു പാട് കഥകൾ പറയും. ജാതിക്കെതിരെ ചീത്ത പറയും. “നീയൊക്കെ പഠിച്ചു ജോലി വാങ്ങിക്കണം. എന്നിട്ട് രക്ഷപെടണം” എന്ന് പറയും. ഒന്നോ രണ്ടോ ദിവസം കൊണ്ട് പായ പൂർത്തിയാക്കും. ഒരു പായക്ക്‌ എഴുപതോ എണ്‍പതോ രൂപ കിട്ടും. അത് കൊണ്ട് അരി, കറി, കലം എന്നിവയൊക്കെ വാങ്ങിയശേഷം ഞങ്ങൾക്ക് സിനിമ കാണാൻ പൈസ തരും. പുലയ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അങ്ങനെ വിവിധങ്ങളായ മറ്റു അറിവുകളും ഉണ്ടായിരുന്നു.

അത് പോലെ തന്നെ ആണ് ഓല മെടഞ്ഞു കുടിൽ കെട്ടുന്നതും. തെങ്ങോല വെട്ടി വെള്ളത്തിലിട്ടു ചീയാൻ വെച്ച്, ഒന്ന് രണ്ടാഴ്ച കഴിഞ്ഞുമെടയാൻ തുടങ്ങും. അത് കൊണ്ടാണ് കുടിൽ കെട്ടുക. അതാണ്‌ ഞങ്ങളുടെ മുൻ തലമുറയുടെ വീട്. അതിൽ അവർ ജീവിക്കും മണ്ണെണ്ണ വെളിച്ചത്തിൽ പുസ്തകം വായിക്കും തലമുറകൾ തലമുറകൾ ജീവിക്കും . ഇങ്ങനെയുള്ള വീടുകളെ ആണ് മലയാള ഭാഷയുടെ മാദക ഭംഗി “ചെറ്റ ക്കുടിൽ” ആക്കിയതും പിന്നീട് അത് “ചെറ്റ” എന്ന തെറി ആക്കി മാറ്റിയതും. ഇങ്ങനെ ഉള്ള ജീവിതങ്ങളെ ആണ് മലയാള ഭാഷയുടെ മലർ മന്ദ ഹാസം ഈ പുലയ സമുദായ ജീവിതങ്ങളെ “പുലയാടി മക്കൾ” എന്ന തെറിയും, അല്ലെങ്കി “പൊലയനെ പോലെ പെരുമാറല്ലേട”എന്ന പുലമ്പലുകളും ആക്കി മാറ്റിയത്. ഇങ്ങനെ ഒക്കെയും ആണ് മലയാള ഭാഷ ക്ലാസ്സിക്കൽ ആകുന്നത്.

സദാചാരത്തിന്‍റെ കത്രികച്ചുണ്ടുകള്‍ക്കും അസഹിഷ്ണുതയുടെ അഗ്നിക്കും നശിപ്പിക്കാനാകാത്ത അക്ഷരങ്ങള്‍ കലാലയങ്ങളില്‍ ഇനിയും ഉടലെടുക്കുക തന്നെ ചെയ്യും…. വാക്കുകളുടെ ഇരുണ്ട കോണുകളിലേക്ക് വലിച്ചെറിയപ്പെട്ട കീഴാളനും സ്ത്രീയും വിമോചിതരാകുന്ന കാലം വിദൂരമല്ല…