Thu. Mar 28th, 2024

ജെ എൻ യു മുൻ വിദ്യാർഥി യൂണിയൻ ചെയർമാൻ കനയ്യ കുമാറിനെ സി പി ഐ ദേശീയ കൗൺസി ലിലേക്ക് തിരഞ്ഞെടുത്തു. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.നിലവിൽ എ ഐ എസ് എഫ് ദേശീയ കൗൺസിൽ അംഗമാണ് കനയ്യ. ബിഹാർ സ്വദേശിയായ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാർ ട്ടി കോൺഗ്രസിൽ പങ്കെടുത്തത്.  പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. 125 അംഗ ദേശീയ കൗണ്‍സിലിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി.

നേരത്തെ സി ദിവാകരനെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. കെ പി രാജേന്ദ്രന്‍. എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം എന്നിവരും കൗണ്‍സിലില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്നലെ സിപിഐ ഇപ്പോള്‍ ‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ’യാണെന്ന കനയ്യ കുമാറിൻറെ പ്രസ്താവന വിവാദമായിരുന്നു. നേതാക്കള്‍ കോണ്‍ഗ്രസ് ബന്ധത്തിനല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് വൃക്തമായ നിലപാടില്ലെന്ന് കനയ്യ ആരോപിച്ചിരുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോഴത്തെ നേതൃത്വം പരാജയമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ഇങ്ങോട്ട് പിന്തുണ തേടി വരുമെന്നും കനയ്യ നേതൃത്വത്തെ പരിഹസിച്ചിരുന്നു..

മോദിയും ആര്‍ എസുഎസും ഉയര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന യുവനേതാവാണ് കനയ്യ കുമാര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രൂ സര്‍വ്വകലാശാലയില്‍ മോദി സര്‍ക്കാരിന്റെ കാവി ഭീകരതക്കെതിരെ കനയ്യ കുമാര്‍ തുടങ്ങി വച്ച് പ്രക്ഷോഭം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചാണ് അന്നത്തെ മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇതിനോട് പക തീര്‍ത്തത്. ജയില്‍മോചിതനായി കനയ്യ രാജ്യത്തോട് നടത്തിയ പ്രസംഗം പൊതുസമൂഹവും കാമ്പസുകളും ഒരു പോലെ ഏറ്റെടുത്തിരുന്നു. എന്നാല്‍ കനയ്യയെ പോലെ ഉയര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് വളരാനോ അവരുടെ ശേഷി പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി പരമാവധി ഉപയോഗിക്കാനോ സി പി ഐ തയ്യാറാകുന്നില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.