Fri. Mar 29th, 2024

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് അംഗീകരിച്ചാണ് പിന്മാറ്റമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. എല്ലാവരും ഡ്യൂട്ടിയില്‍ കയറും. എന്നാല്‍ അലവന്‍സ് കുറച്ച നടപടി നിയമപരമായി നേരിടും. കൂടുതല്‍ അലവന്‍സുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദം തുടരുമെന്ന് യുഎന്‍എ അറിയിച്ചു.

നഴ്സുമാരുടെ കുറഞ്ഞശമ്പളം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്.സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്. വേതനവര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാനും നടപടിയായി. സമരം സ്വകാര്യാശുപത്രികളെയും രോഗികളെയും കാര്യമായി ബാധിക്കുമെന്ന തിരിച്ചറിവിലാണു സര്‍ക്കാര്‍ അടിയന്തര വിജ്ഞാപനമിറക്കിയത്. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചിട്ടും സമരം ചെയ്യുന്നത് ജനവികാരം എതിരാകുമെന്നതും സമരം പിന്‍വലിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.