Fri. Apr 19th, 2024

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ എം.വെങ്കയ്യ നായിഡു പരിഗണിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ തന്നെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. നോട്ടീസ് പരിഗണിക്കില്ലെന്ന് ചെയർമാൻ നിലപാടെടുത്താൽ അതിനെ നിയമപരമായി നേരിടാവുന്നതാണ്. തനിക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് വന്നാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാജിവച്ചൊഴിയുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. ഇതിന് മുമ്പ് ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിട്ടുള്ള ജഡ്ജിമാരെല്ലാം കോടതി നടപടികളിൽ നിന്ന് മാറി നിന്നിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

അതേസമയം, ഇംപീച്ച്മെന്റ് നോട്ടീസ് പരിഗണിക്കുന്നത് സംബന്ധിച്ച് രാജ്യസഭാ ചെയർമാൻ നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകൾ തുടങ്ങി. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാവുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച അനാവശ്യ വിവാദങ്ങൾ ഒഴിവാകുന്നതിനാണ് മുൻ പാർലെമന്റ് അംഗങ്ങളിൽ നിന്നും സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരിൽ നിന്നും വിദഗ്ദോപദേശം തേടുന്നത്. ഇപ്പോൾ ഹൈദരാബാദിലുള്ള അദ്ദേഹം തന്റെ സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ഡൽഹിയിലെത്തുമെന്നാണ് വിവരം.71 പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പോട് കൂടിയ ഇംപീച്ച്മെന്റ് നോട്ടീസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോൺഗ്രസ് രാജ്യസഭാ ചെയർമാന് കൈമാറിയത്.

ഇംപീച്ച്മെന്റ് നടപടികൾ ഇങ്ങനെ: ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയിൽ കൊണ്ടുവരാൻ 50 അംഗങ്ങളുടെയും ലോക്സഭയിൽ നൂറ് അംഗങ്ങളുടെയും പിന്തുണ വേണം. പ്രമേയം അംഗീകരിക്കാനും തള്ളാനും രാജ്യസഭാ അദ്ധ്യക്ഷനും ലോക്സഭാ സ്പീക്കർക്കും അധികാരമുണ്ട്. അംഗീകരിച്ചാൽ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജി, ഏതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നിയമവിദഗ്ദൻ എന്നിവരുൾപ്പെടുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകണം. ആരോപണങ്ങൾ ശരിയാണെന്ന് സമിതി കണ്ടെത്തിയാൽ പ്രമേയം സഭയുടെ പരിഗണനയ്ക്കെടുക്കും. സഭയിൽ ഹാജരുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. തുടർന്ന് രണ്ടാമത്തെ സഭയിലും ഇതേ രീതിയിൽ പാസാകണം. രണ്ടിടത്തും പ്രമേയം പാസായാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും