Fri. Mar 29th, 2024

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. 457 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുഎന്‍എ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അറിയിച്ചു. മേയ് 12 മുതല്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും (ഐഎന്‍ഐ) സമരത്തില്‍ പങ്കുചേരുമെന്ന് നഴ്‌സിംഗ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണിമുടക്ക് നോട്ടീസ് ലേബര്‍ കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംഘടന ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്നകാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.

2017 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉണ്ടാക്കിയ കമ്മിറ്റി തീരുമാനങ്ങള്‍ അനുസരിച്ചുള്ള വിജ്ഞാപനം ഇറങ്ങണമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് എട്ടുമാസം കഴിഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് ജാസ്മിന്‍ ഷാ അറിയിച്ചു.

അതേസമയം,ദേശീയശ്രദ്ധ ആകര്‍ഷിച്ച മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ അനുസ്മരിപ്പിച്ചു കേരളത്തിലെ നഴ്സുമാരും ഐതിഹാസിക സമരത്തിന് ഒരുങ്ങുന്നു. എട്ടു ദിവസം കൊണ്ട് 168 കിലോമീറ്റര്‍ പിന്നിടുകയാണു ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന് ഉണ്ടായിരിക്കും. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്സുമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.

ജീവിക്കാനുള്ള വേതനം എന്ന ന്യായമായ അവകാശം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും നഴ്സുമാര്‍ക്കായി സമരമുഖത്തു ഇറങ്ങുന്നില്ല. ചൂഷണവും കഠിനാദ്ധ്വാനവും മാത്രമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നഴ്സുമാര്‍ നേരിടുന്നത്.

മഹാരാഷ്ട്രയിലെകര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനെ കേരളത്തിലെ ബഹുജന സംഘടനകളും നേതാക്കളും പിന്തുണയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗമായ നഴ്സുമാരെയും അവരുടെ ന്യായമായ അവകാശങ്ങളെയും ഇവിടുത്ത രാഷ്ട്രീയ കക്ഷികള്‍ അവഗണിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നഴ്സുമാരുടെ മാര്‍ച്ചിനെ അവര്‍ ഏത് രീതിയിലാകും സമീപിക്കുക എന്നത് കാത്തിരുന്നു കാണാം.